ആദിവാസിയായ ബിരുദ വിദ്യാര്‍ത്ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ചു; ചരിത്രവിഭാഗം മേധാവിയുടെ മാനസിക പീഡനത്തെ തുടര്‍ന്നെന്ന് പരാതി; സംഭവം പാലക്കാട് ചിറ്റൂര്‍ ഗവ. കോളജില്‍

പാലക്കാട് : കോളജിലെ വകുപ്പ് മേധാവിയുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ആദിവാസിയായ ബിരുദ വിദ്യാര്‍ത്ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ചു. പാലക്കാട് ചിറ്റൂര്‍ ഗവ. കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അട്ടപ്പാടി സ്വദേശിനിയാണ് പെണ്‍കുട്ടി. സംഭവത്തില്‍ കോളജിലെ ചരിത്ര വിഭാഗം മേധാവി ശ്രീബ യുവിനെതിരെയാണ് പരാതി ലഭിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മാത്രമാണ് അറ്റന്‍ഡന്‍സ് കുറവാണെന്ന കാര്യം കുട്ടിയെ അറിയിച്ചത്. പഠനം തുടരണമെങ്കില്‍ 2 മണിക്ക് മുമ്പ് പിഴ തുകയായ 775 രൂപ അടയ്ക്കണമെന്നും ചരിത്ര വിഭാഗം മേധാവിയും അസിസ്റ്റന്റ് പ്രൊഫസറുമായ ശ്രീബ യു വിദ്യാര്‍ത്ഥിനിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് പിഴയടയ്ക്കാനുള്ള തുകയുമായി എത്തുമ്പോഴേക്കും സമയം കഴിഞ്ഞിരുന്നു.

പിഴ തുക കോളജ് ഓഫീസിലാണ് അടയ്‌ക്കേണ്ടതെന്നും സമയം വൈകിയെന്നും പറഞ്ഞ് വകുപ്പ് മേധാവി വിദ്യാര്‍ത്ഥിനിയെ ശകാരിച്ചു. ഇതില്‍ മനംനൊന്ത വിദ്യാര്‍ത്ഥിനി കോളജ് ഹോസ്റ്റലില്‍ എത്തിയ കുട്ടി അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതരും വിദ്യാര്‍ത്ഥിനികളും ചേര്‍ന്ന് രാത്രിയോടെ പെണ്‍കുട്ടിയെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു.

ആരോഗ്യനില ഗുരുതരമാണെന്ന് മനസിലാക്കിയ ഡോക്ടര്‍മാര്‍ പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കി. വിദ്യാര്‍ത്ഥിനി ഇപ്പോള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുതരാവസ്ഥ തരണം ചെയ്തതായാണ് ലഭിക്കുന്ന വിവരം. കോളജ് യൂണിയന്‍ ഭാരവാഹികള്‍ ഉള്‍പ്പടെയുള്ളവര്‍ വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യ പരിചരണം ഏറ്റെടുത്തിരുന്നു.

ആദിവാസി ബിരുദ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമത്തെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ നേതൃത്വത്തില്‍ കോളജ് പ്രിന്‍സിപ്പലിനെ ഉപരോധിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരം ചരിത്രവിഭാഗം മേധാവിക്കെതിരെ അന്വേഷണം നടത്താമെന്ന് സമ്മതിച്ചു.

വൈസ് പ്രിന്‍സിപ്പല്‍ അധ്യക്ഷനായ ആറംഗ സമിതിയെയാണ് കോളജ് പ്രിന്‍സിപ്പല്‍ ഇതിനായി നിയോഗിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി കമ്മിഷന്‍ തെളിവെടുപ്പും നടത്തി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ എംപി സേതുമാധവന്‍ കൈരളി ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

മാനസിക പീഢനം മൂലം വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ആരോപണവിധേയയായ വകുപ്പ് മേധാവിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിക്കുന്ന അധ്യാപകരുടെ നിലപാട് തിരുത്തണം. ഇത്തരം നിലപാടുകള്‍ അംഗീകരിക്കില്ലെന്നും എസ്എഫ്‌ഐ പാലക്കാട് ജില്ലാ സെക്രട്ടറി ജയദേവന്‍ കൈരളി ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here