ജല്ലിക്കട്ട് സമരത്തെ ‘കത്തിച്ചത്’ ചെന്നൈ പൊലീസ്; വാഹനങ്ങള്‍ക്ക് തീയിട്ടത് പൊലീസ്, റോഡരികില്‍ നിന്ന സ്ത്രീകളെ തല്ലിച്ചതച്ചു; മത്സ്യ മാര്‍ക്കറ്റ് കത്തിച്ചു; വീഡിയോ പുറത്ത്

ചെന്നൈ: ചെന്നൈയില്‍ നടന്ന ജല്ലിക്കട്ട് പ്രക്ഷോഭം അക്രമാസക്തമാകാന്‍ കാരണം ദേശവിരുദ്ധ ശക്തികളാണെന്ന് പൊലീസ് വാദം പൊളിയുന്നു. നഗരത്തിലെ ഓട്ടോറിക്ഷയും മറ്റു വാഹനങ്ങളും പൊലീസുകാര്‍ കത്തിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നു. തമിഴ് സൂപ്പര്‍താരങ്ങളായ കമല്‍ഹാസന്‍, അരവിന്ദ് സ്വാമി തുടങ്ങി നിരവധി പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.


സമരക്കാരുടെ പിന്നാലെ വന്ന പൊലീസുകാര്‍ മറീന ബീച്ചിനടുത്തുള്ള മത്സ്യ മാര്‍ക്കറ്റ് അഗ്നിക്കിരയാക്കിയെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു. നിരവധി വീടുകളുടെ വാതിലുകള്‍ പൊലീസുകാര്‍ തകര്‍ത്തെന്നും അസഭ്യവര്‍ഷം നടത്തിയെന്നും സ്ത്രീ തൊഴിലാളികള്‍ പറയുന്നു. പത്തോളം പേരടങ്ങുന്ന പൊലീസ് സംഘം വീട്ടില്‍ അതിക്രമിച്ച് കയറി തന്റെ ഭര്‍ത്താവിനെ ക്രൂരമായി തല്ലിയെന്ന് മത്സ്യതൊഴിലാളിയായ ഒരു വീട്ടമ്മ ചോദിക്കുന്നു. ആരാണ് പൊലീസുകാര്‍ക്ക് ഇതിനുള്ള അധികാരം നല്‍കിയതെന്നും ഇവര്‍ ചോദിക്കുന്നു.

അതേസമയം, സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ വസ്തുതയുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കെ ശങ്കര്‍ പ്രതികരിച്ചു. വീഡിയോ വ്യാജമാണെന്നാണ് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ ടികെ രാജേന്ദ്രന്റെ പ്രതികരണം. സംഭവം അന്വേഷിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജല്ലിക്കട്ട് പ്രക്ഷോഭകാരികള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. സമാധാനപരമായി നടന്ന സമരത്തിന് നേരെ എന്തിനാണ് പൊലീസ് നടപടിയെന്ന് കോടതി ചോദിച്ചു. എന്നാല്‍ സമരത്തിനിടയില്‍ ചില സാമൂഹ്യവിരുദ്ധര്‍ കടന്നുകൂടിയെന്നും അവര്‍ ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതോടെയാണ് നടപടിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അങ്ങനെയെങ്കില്‍ നടപടി സ്വീകരിക്കേണ്ടത് സാമൂഹ്യവിരുദ്ധര്‍ക്ക് നേരെയല്ലേ എന്ന് കോടതി തിരിച്ചുചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ പുറത്തുവന്നത്.

പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പൊലീസ് നടപടികള്‍ക്കെതിരെ സിപിഐഎമ്മും നടന്‍ കമല്‍ഹാസനും രംഗത്തെത്തിയിരുന്നു. സ്ഥിതിഗതികള്‍ ശാന്തമാകാന്‍ പൊലീസ് നടപടിയല്ല പോംവഴിയെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പൊലീസ് നടപടി ഗുരുതര പിഴവാണെന്നും പ്രക്ഷോഭത്തെ ബലം പ്രയോഗിച്ച് ഒതുക്കാനുളള ശ്രമം ഗുണം ചെയ്യില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News