ജല്ലിക്കട്ട് നിരോധിക്കരുതെന്ന് കമല്‍ഹാസന്‍; പുറത്തുവന്നത് തമിഴ്ജനതയ്ക്കു ദശാബ്ദങ്ങളായി സര്‍ക്കാരുകളോടുണ്ടായിരുന്ന അസംതൃപ്തി; അക്രമമുണ്ടായതിന് പൊലീസ് മറുപടി പറയണം

ജല്ലിക്കട്ട് നിരോധിക്കരുതെന്ന് കമല്‍ഹാസന്‍‍; പുറത്തുവന്നത് തമി‍ഴ്ജനതയ്ക്കു ദശാബ്ദങ്ങളായി സര്‍ക്കാരുകളോടുണ്ടായിരുന്ന അസംതൃപ്തി? അക്രമമുണ്ടായതിന് പൊലീസ് മറുപടി പറയണം
ചെന്നൈ: ജല്ലിക്കട്ടിന് പിന്തുണ പ്രഖ്യാപിച്ചു നടന്‍ കമല്‍ ഹാസന്‍. പ്രശ്നത്തില്‍ തമി‍ഴ്നാട് സര്‍ക്കാരിന് ഇരട്ടത്താപ്പുണ്ടെന്നും ഇരുപതു വര്‍ഷമായ നിയമം വേണമെന്ന് ആവശ്യപ്പെടുന്നതാണെന്നും ചെന്നൈയില്‍ കമല്‍ഹാസന്‍ മാധ്യമങ്ങളോടു പറഞ്ഞു. ജല്ലിക്കട്ട് നിരോധിക്കുകയല്ല, നിയന്ത്രിക്കുകയാണു വേണ്ടത്. ആനകളെ കെട്ടാന്‍ കേരളത്തിലെ ഉത്സവങ്ങളില്‍ സാധിക്കുമെങ്കില്‍ എന്തുകൊണ്ട് ജല്ലിക്കട്ട് പാടില്ലെന്നും കമല്‍ ചോദിച്ചു.

ജല്ലിക്കട്ട് സമരത്തിനിടെ അക്രമമുണ്ടായതിന് പൊലീസ് മറുപടി പറയണം. വാഹനങ്ങള്‍ക്കു പൊലീസുകാര്‍ തീവയ്ക്കുന്നതായുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് ഒരു വിശദീകരണം പൊലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. വാഹനങ്ങള്‍ കത്തിക്കുന്നതായി വീഡിയോയില്‍ കാണുന്ന പൊലീസുകാര്‍ യഥാര്‍ഥ പൊലീസുകാരായിരിക്കില്ല എന്നാണു താന്‍ കരുതുന്നത്.

എല്ലാത്തരം വിലക്കുകളെയും താന്‍ എതിര്‍ക്കുന്നു. അത് സിനിമയോടായാലും കാളകളോടായാലും തന്‍റെ നിലപാട് അങ്ങനെത്തന്നെയാണ്. ജല്ലിക്കട്ടിനേക്കാള്‍ കൂടുതല്‍ ആളുകള്‍ വാഹനാപകടങ്ങളില്‍ ദിവസവും മരിക്കുന്നു. എന്നു വച്ചു ജനങ്ങ‍ള്‍ വാഹനം ഓടിക്കുന്നതു നിരോധിക്കുന്നില്ല.

തമി‍ഴ്നാട്ടിലെ ജനങ്ങളുടെ അസംതൃപ്തിയുടെ പ്രതിഫലനമാണ് ജല്ലിക്കട്ട് സമരം. ദശാബ്ദങ്ങളായി തമി‍ഴ് ജനത അനുഭവിച്ചുവരുന്ന അസംതൃപ്തിയാണ് സമരമായി പരിണമിച്ചത്. എംജിആറായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ സമരക്കാര്‍ക്കൊപ്പം മറീന ബീച്ചില്‍ ഇറങ്ങുമായിരുന്നു.

നിയമലംഘനം നടത്തുന്ന കാര്യത്തില്‍ തമി‍ഴ്നാട് പൊലീസ് പലപ്പോ‍ഴും മുന്നില്‍ നില്‍ക്കാറുണ്ട്. താന്‍ പ്രകോപനപരമായ പ്രസംഗമൊന്നും നടത്തിയിട്ടില്ല. അങ്ങനെ ചൂണ്ടിക്കാട്ടാമെങ്കില്‍ ഖേദം പ്രകടിപ്പിക്കാം. സമരം ഉചിതമായിരുന്നു എന്ന അഭിപ്രായമാണ് തനിക്കുള്ളത്.

പാകിസ്താനോട് തനിക്കു വെറുപ്പില്ല. അതിര്‍ത്തികള്‍ മായ്ചുകളയുകയാണു വേണ്ടത്. മനുഷ്യരാണ് അതിര്‍ത്തികള്‍ സൃഷ്ടിച്ചത്. 1924 നു മുമ്പു താന്‍ ജനിച്ചിരുന്നെങ്കില്‍ ഇന്ത്യാ വിഭജനത്തിന് എതിരേ മഹാത്മാഗാന്ധിക്കു മുന്നില്‍ ചെന്നു താന്‍ പറയുമായിരുന്നു. – കമല്‍ ഹാസന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here