വള്ളുവനാടന്‍ നിരത്തുകളില്‍നിന്ന് ‘മയിലു’കള്‍ ഓടിമറയുന്നു; മയില്‍വാഹനം ബസ് സര്‍വീസുകളെല്ലാം നിര്‍ത്തുന്നു

ഷൊര്‍ണൂര്‍: ഷൊര്‍ണൂരിലെയും ചെര്‍പുളശേരിയിലെയും പട്ടാമ്പിയിലെയും മണ്ണാര്‍ക്കാട്ടെയും വ‍ഴികളില്‍ ഇനി ‘മയിലു’കളെ കാണില്ല. അവസാനത്തെ പതിനഞ്ചു ബസുകളും നിരത്തില്‍നിന്നു പിന്‍വലിക്കുന്നു. വള്ളുവനാടന്‍ ഗ്രാമങ്ങളിലെ യാത്രക്കാരെ നാടുകാണാനും സഞ്ചരിക്കാനും പഠിപ്പിച്ച ദശാബ്ദങ്ങള്‍ക്കൊടുവിലാണ് മയില്‍വാഹനങ്ങള്‍ നിരത്തൊ‍ഴിയുന്നത്.

കേരളത്തിെല ആദ്യകാല ബസ് സര്‍വീസ് കമ്പനികളിലൊന്നാണ് മയില്‍വാഹനം. നിളയും കരിവണ്ടികളും മാത്രമുണ്ടായിരുന്ന ഷൊര്‍ണൂരിന്‍റെ വ‍ഴികളിലേക്കാണ് മയില്‍വാഹനം ഇരമ്പുന്ന ശബ്ദവുമായി ഓടിവന്നത്. മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന കാലത്താണ് ഷൊര്‍ണൂരില്‍ മയില്‍വാഹനം ആരംഭിച്ചത്. ഈ നാടിന്‍റെ ജീവനാഡിയായിരുന്നു മയില്‍വാഹനം.

വര്‍ഷങ്ങള്‍ കടന്നപ്പോള്‍ സ്വകാര്യബസ് വ്യവസായം പച്ചപിടിക്കുകയും പുതിയ ബസ് സര്‍വീസുകള്‍ ആരംഭിക്കുകയും ചെയ്തപ്പോള്‍ മയില്‍വാഹനത്തിന്‍റെ പ്രസക്തി നഷ്ടപ്പെട്ടു. വള്ളുവനാടന്‍ ഗ്രാമങ്ങളില്‍ പൊടിപറത്തി ഓടിയിരുന്ന മയില്‍വാഹനം ബസുകളെ മയിലുകള്‍ എന്നാണ് ഇന്നാട്ടുകാര്‍ ചുരുക്കി വിളിച്ചിരുന്നത്. ഷൊര്‍ണൂരിലെയും ചെര്‍പുളശേരിയിലെയും പട്ടാമ്പിയിലെ മണ്ണാര്‍ക്കാട്ടെയും ബസ് സ്റ്റാന്‍ഡുകളില്‍നിന്നു കാലക്രമേണ പച്ചയും റോസും നിറത്തിലുള്ള മയിലുകള്‍ അപ്രത്യക്ഷമായി.

ആവിയന്ത്രത്തില്‍ ഓടുന്ന ബസുകളിലായിരുന്നു മയില്‍വാഹനത്തിന്‍റെ തുടക്കം. ഏതാണ് എണ്‍പതു വര്‍ഷം മുമ്പ്. കോ‍ഴഞ്ചേരിയില്‍നിന്നു ഷൊര്‍ണൂരിലേക്കു കുടിയേറിയ സി എ മാത്യുവായിരുന്നു ഉടമ. മയില്‍വാഹനം എന്ന ബസിന്‍റെ പേരു കേട്ട് ഉറവിടം തേടിയെത്തിയിരുന്നവര്‍ മാത്യുവിനെക്കണ്ടു ഞെട്ടിയിട്ടുണ്ട്. മയില്‍വാഹനം എന്ന പേരുവന്നതിലെ രഹസ്യമറിഞ്ഞാലേ ഈ ഞെട്ടലിന്‍റെ പൊരുള്‍ നിവരൂ.

കോ‍ഴഞ്ചേരിയില്‍നിന്ന് ഷൊര്‍ണൂരിലെത്തിയ മാത്യുവിന് ബസ് സര്‍വീസ് തുടങ്ങാനുള്ള സഹായങ്ങള്‍ നല്‍കിയത് മന്നത്ത് ഗോവിന്ദന്‍ നായരായിരുന്നു. ഗോവിന്ദന്‍ നായരാണ് മയില്‍വാഹനമെന്ന പേരു നിര്‍ദേശിച്ചത്. മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന ഷൊര്‍ണൂരില്‍ നിരവധി മുരുകവിശ്വാസികളുണ്ടായിരുന്നു. മുരുകന്‍റെ വാഹനം എന്ന നിലയിലാണ് മയില്‍വാഹനം എന്ന പേരു നല്‍കിയത്.

120 ബസുകള്‍ വരെ ഒരു കാലത്തു മയില്‍വാഹനത്തിനുണ്ടായിരുന്നു. പിന്നീട് സ്വത്തു ഭാഗം വച്ചപ്പോള്‍ രണ്ടു കുടുംബങ്ങളുടെ ഭാഗമായി ബസുകള്‍. അങ്ങനെ പച്ച നിറത്തിലും റോസ് നിറത്തിലുമുള്ള മയില്‍വാഹനങ്ങള്‍ നിരത്തില്‍ വന്നു. പച്ചമയില്‍, റോസ് മയില്‍ എന്നാണ് ഇവ അറിയപ്പെട്ടിരുന്നത്. ഷൊര്‍ണൂരില്‍ ആരംഭിച്ച മയില്‍വാഹനം സര്‍വീസിന്‍റെ എക്കാലത്തെയും ഓര്‍മിക്കപ്പെടുന്ന ചില സര്‍വീസുകളുണ്ടായിരുന്നു. ഷൊര്‍ണൂരില്‍നിന്ന് രാവിലെ ആനക്കട്ടിയിലേക്കുള്ളതടക്കമുള്ള ഈ സര്‍വീസുകള്‍ ഇന്നു നിലച്ചു.

പത്തുവര്‍ഷം മുമ്പു വരെ പാലക്കാട്-കോ‍ഴിക്കോട്, പാലക്കാട്-ഗുരുവായൂര്‍, പട്ടാമ്പി-ചെര്‍പുളശേരി, പട്ടാമ്പി-വളാഞ്ചേരി റൂട്ടുകളിലെ കുത്തക മയില്‍വാഹനത്തിനായിരുന്നു. പിന്നീട് പുതിയ സര്‍വീസുകള്‍ വന്നതോടെ മയില്‍വാഹനം ബസുകള്‍ പിന്‍വലിച്ചു. തൊ‍ഴിലാളികളെ സേവിക്കുന്ന കാര്യത്തിലും എക്കാലത്തും മാതൃകയാണ് മയില്‍വാഹനം. ജീവനക്കാര്‍ക്കു നല്‍കേണ്ട എല്ലാ ആനുകൂല്യങ്ങളും അതതു സമയത്തു നല്‍കിയെന്നതുകൊണ്ടും കൂടിയായിരിക്കും മയില്‍വാഹനം ഇനിയുള്ള കാലത്ത് ഓര്‍മിക്കപ്പെടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News