വിവരാവകാശ നിയമത്തില്‍ യാതൊരു അവ്യക്തതയുമില്ലാതെയാണു കാര്യങ്ങള്‍ പറഞ്ഞതെന്ന് പിണറായി; സര്‍ക്കാരിന്‍റെ ലക്ഷ്യം ശുദ്ധമായതും സുതാര്യമായതുമായ ഭരണം

വിവരാവകാശനിയമത്തെക്കുറിച്ചു താന്‍ യാതൊരു അവ്യക്തതയുമില്ലാതെയാണ് പറഞ്ഞതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയുടെ പൂര്‍ണരൂപം ചുവടെ.

അ‍ഴിമതി രഹിതമായി കാര്യങ്ങള്‍ നടക്കണമെന്നത് നാമെല്ലാം ആഗ്രഹിക്കുന്ന കാര്യമാണ്. അപ്പോള്‍ രേഖകള്‍ ഇരുമ്പുമറയ്ക്ക് അപ്പുറത്താവേണ്ട കാര്യമില്ല. സുതാര്യത വേണമെന്നാഗ്രഹിക്കലും രേഖകള്‍ ഇരുമ്പുമറയ്ക്കപ്പുറത്താകലും ഒന്നിച്ചു പോകില്ല. പൊതുജീവിതത്തിലെ ശുദ്ധി നിലനിര്‍ത്താനുള്ള സുതാര്യതയാണ് വിവരാവകാശ നിയമംകൊണ്ട് ഉദ്ദേശിക്കുന്നത്. പക്ഷേ, വ്യക്തിപരമായ ദുരുദ്ദേശങ്ങള്‍ക്കായി ഈ സംവിധാനത്തെ ദുരുപയോഗിക്കുന്നുമുണ്ട്. അതു കാണാതിരിക്കേണ്ടതുമില്ല. അത്തരത്തില്‍ ദുരുപയോഗിക്കുന്നവരെ തിരിച്ചറിയാനും ക‍ഴിയേണ്ടതുണ്ട്.

പക്ഷേ, മറ്റൊരു വശം നമ്മള്‍ കാണണം. ചിലര്‍ ദുരുപയോഗിക്കും. അതുകൊണ്ട് അതു മറയാക്കി വിവരങ്ങള്‍ പൗരനു നിഷേധിക്കാനാവില്ല. അങ്ങനെ നിഷേധിക്കുന്നത് ആശാസ്യമാകില്ല. വിവരങ്ങളുടെ കാര്യത്തില്‍ പുറത്തു നല്‍കാവുന്ന വിവരങ്ങളും നല്‍കിക്കൂടാത്ത വിവരങ്ങളും ഉണ്ട്. അതുകൊണ്ടാണല്ലോ ഓത്ത് ഓഫ് സീക്രസി എന്ന ഒന്നുള്ളത്. അതിന്‍റെ ലംഘനം ഉണ്ടാകാതെ വിവരങ്ങള്‍ നല്‍കാനുള്ള സംവിധാനം ഉണ്ടാകണം.

രാജ്യത്തിന് എത്ര ടാങ്കുണ്ട്, ആണവശേഷി എത്രയാണ്, രാജസ്ഥാന്‍ അതിര്‍ത്തിയില്‍ എത്ര സൈനികരുണ്ട് എന്നൊക്കെ ഒരു പൗരന്‍ ചോദിക്കുന്നുവെന്നു സങ്കല്‍പിക്കുക. ഈ വിവരമെല്ലാം എടുത്തു കൊടുക്കാന്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ പറയുന്നുവെന്നും കരുതുക. ഈ വിവരമൊക്കെ എടുത്തു കൊടുത്താല്‍ അതിന്‍റെ ഗുണമാര്‍ക്കാണ്. ശത്രുരാജ്യത്തിനാണ് ഗുണം ലഭിക്കുക. കൊടുക്കേണ്ട കാര്യങ്ങളും പാടില്ലാത്ത വിവരങ്ങളുമുണ്ട്.

കേന്ദ്രമന്ത്രിസഭായോഗത്തിന്‍റെ കാര്യമെടുത്താല്‍ ചില തീരുമാനങ്ങള്‍ പുറത്തുപോകും മുമ്പു നടപ്പാക്കേണ്ടതുണ്ടാകും. അത് അപ്പോള്‍ പുറത്തുകൊടുക്കില്ല. കാരണം പുറത്തു കൊടുത്താല്‍ നടപടി നിരര്‍ഥകമായിരിക്കും. അപ്പോള്‍ അത്തരം കാര്യങ്ങളും ഈ വിഷയത്തെ സമീപിക്കുമ്പോള്‍ മനസില്‍ വയ്ക്കേണ്ടതായിട്ടുണ്ട്. സര്‍ക്കാരിന്‍റെ താല്‍പര്യം ഇവിടെ ശുദ്ധമായും സുതാര്യമായും ഭരണം നടക്കണമെന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News