ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന; തിയേറ്ററുകള്‍ അടച്ചിടുന്ന സാഹചര്യം ഇനി കേരളത്തിലുണ്ടാവില്ലെന്ന് ഉറപ്പ്; നൂറിലേറെ തിയേറ്റര്‍ ഉടമകളുടെ പിന്തുണ

കൊച്ചി: നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളും ഉള്‍പ്പെടുന്ന പുതിയ സംഘടന രൂപീകരിച്ചു. ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള എന്നാണ് സംഘടനയുടെ പേര്. ദിലീപാണ് സംഘടനയുടെ പ്രസിഡന്റ്. ആന്റണി പെരുമ്പാവൂര്‍ വൈസ് പ്രസിഡന്റും ബോബി ജനറല്‍ സെക്രട്ടറിയുമായിരിക്കും. നൂറിലേറെ തിയേറ്റര്‍ ഉടമകളുടെ പിന്തുണയും പുതിയ സംഘടനയ്ക്കുണ്ട്.

തിയേറ്ററുകള്‍ അടച്ചിടുന്ന സാഹചര്യം ഇനി കേരളത്തിലുണ്ടാവില്ലെന്നും സിനിമയ്ക്കു വേണ്ടിയുള്ള നല്ല കൂട്ടായ്മയാകും പുതിയ സംഘടനയെന്നും ദിലീപ് പറഞ്ഞു. സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ അംഗീകാരവും ആശീര്‍വാദവും പുതിയ സംഘടനയ്ക്കുണ്ടെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദിലീപ് അറിയിച്ചു.

ഒരേസമയം നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളും ഉള്‍പ്പെടുന്ന സംഘടനയാണ് നിലവില്‍ വന്നിരിക്കുന്നത്. തിയേറ്റര്‍ വിഹിതത്തിന്റെ 50 ശതമാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നടത്തിയ ഒരു മാസത്തോളം നീണ്ടുനിന്ന സിനിമാ സമരമാണ് പുതിയ സംഘടനയില്‍ എത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here