കോയമ്പത്തൂര്‍ നെഹ്റു കോളജില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കു ക്രൂരമര്‍ദനം; പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് മാനേജ്മെന്‍റിന്‍റെ ഉറപ്പിനു പിന്നാലെ മലയാളികളെ തല്ലിച്ചതച്ചു

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ നെഹ്റു കോളജില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കു ക്രൂരമര്‍ദനം. നിരവധി പേര്‍ക്കു പരുക്കേറ്റു. ചിലരുടെ കൈയും കാലും ഒടിഞ്ഞതായൂം റിപ്പോര്‍ട്ട്.   നേരത്തെ ജിഷ്ണു ഐക്യദാര്‍ഢ്യ സമരത്തിനു നേതൃത്വം നല്‍കിയ വിദ്യാര്‍ഥികളെ തെരഞ്ഞെടുപിടിച്ചായിരുന്നു മര്‍ദനം.  ഇന്നുച്ചയോടെയാണ് സംഭവം. ഉച്ചഭക്ഷണ സമയത്തു മലയാളി വിദ്യാര്‍ഥികളെ തെരഞ്ഞുപിടിച്ച് ഒരു കൂട്ടം തമി‍ഴ് വിദ്യാര്‍ഥികളും കോളജിനു പുറത്തുള്ള ഓട്ടോറിക്ഷാത്തൊ‍ഴിലാളികളും ഗുണ്ടകളും ചേര്‍ന്നാണ് മര്‍ദനം അ‍ഴിച്ചുവിട്ടത്. കോളജിെല പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ഇന്നു രാവിലെ വിദ്യാര്‍ഥികള്‍ക്കു മാനേജ്മെന്‍റ് ഉറപ്പു നല്‍കിയതിനു പിന്നാലെയാണ് അക്രമമുണ്ടായത്.

മലയാളികളെ തെരഞ്ഞുപിടിച്ചു മര്‍ദിച്ചതിനുപിന്നില്‍ മാനേജ്മെന്‍റാണെന്നാണു വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. പാമ്പാടി നെഹ്റു കോളജില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ദുരൂഹസാഹചര്യത്തില്‍ മരിച്ചതിനെത്തുടര്‍ന്നാണ് മാനേജ്മെന്‍റിന്‍റെ വിദ്യാര്‍ഥി വിരുദ്ധ നടപടികള്‍ പുറത്തുവന്നത്. കോയമ്പത്തൂര്‍ നെഹ്റു കോളജിലെ വിദ്യാര്‍ഥി വിരുദ്ധ നടപടികളും പുറത്തെത്തി. ഇതെല്ലാം മാനേജ്മെന്‍റിനു കടുത്ത ക്ഷീണമുണ്ടാക്കി.

Nehru 2

അക്രമത്തെത്തുടര്‍ന്നു മലയാളി വിദ്യാര്‍ഥികള്‍ ഗെയ്റ്റിനു സമീപം തടിച്ചുകൂടിയപ്പോള്‍

മലയാളി വിദ്യാര്‍ഥികളിലൂടെയാണ് കേരളത്തില്‍ നെഹ്റു കോളജിന്‍റെ വിദ്യാര്‍ഥി പീഡന നയങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായതെന്നു മാനേജ്മെന്‍റ് വിലയിരുത്തിയിരുന്നു. ജിഷ്ണുവിന്‍റെ മരണത്തിനു പിന്നാലെ നെഹ്റു മാനേജ്മെന്‍റിന്‍റെ വിദ്യാര്‍ഥി പീഡനത്തെക്കുറിച്ചു തുറന്നു പറഞ്ഞു പാമ്പാടി, ലക്കിടി, കോയമ്പത്തൂര്‍ കാമ്പസുകളിലെ നിരവധി വിദ്യാര്‍ഥികള്‍ രംഗത്തുവന്നിരുന്നു.

നെഹ്റു കോളജിന്‍റെ പാമ്പാടി, കോയമ്പത്തൂര്‍ കാമ്പസുകളില്‍ ഇടിമുറികളുണ്ടെന്നും ഇവിടെ അധ്യാപകരുടെയും പിആര്‍ഒയുടെയും നേതൃത്വത്തിലാണ് മര്‍ദനമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു. കോയമ്പത്തൂര്‍ കാമ്പസില്‍ പിടി അധ്യാപകന്‍ ശെന്തിലിന്‍റെയും പാമ്പാടിയില്‍ പിആര്‍ഒയും കോണ്‍ഗ്രസ് നേതാവ് കെ പി വിശ്വനാഥന്‍റെ മകനുമായ സഞ്ജിത്തിന്‍റെയും നേതൃത്വത്തിലായിരുന്നു ഇടിമുറികള്‍.

വിദ്യാര്‍ഥികളുടെ സ്വകാര്യതയെ ഹനിക്കുന്ന നിലപാടുകളാണ് കാമ്പസുകളില്‍ ഉണ്ടായിരുന്നത്. ഇതെല്ലാം ചൂണ്ടിക്കാട്ടി കോയമ്പത്തൂര്‍ കാമ്പസിലെ വിദ്യാര്‍ഥികള്‍ ചര്‍ച്ചയ്ക്കായി ഇന്നലെ മാനേജ്മെന്‍റ് കോളജ് പ്രതിനിധികളെ കണ്ടിരുന്നു. രാവിലെ പതിനൊന്നോടെ നടന്ന ചര്‍ച്ചയില്‍ വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് മാനേജ്മെന്‍റ് ഉറപ്പു നല്‍കി. മണിക്കൂറുകള്‍ക്കുള്ളില്‍ ഉച്ചഭക്ഷണ സമയത്തു മലയാളി വിദ്യാര്‍ഥികളെ തെരഞ്ഞുപിടിച്ചു മര്‍ദിക്കുകയും ചെയ്തു.

nehru 1

നെഹ്റുകോളജില്‍ വിദ്യാര്‍ഥിക്കു മര്‍ദനത്തില്‍ പരുക്കേറ്റതിന്‍റെ ദൃശ്യം

രാവിലെ ചര്‍ച്ച നടത്തിയതിന്‍റെയും വിദ്യാര്‍ഥി വിരുദ്ധ പ്രവണതകള്‍ പുറത്തുവന്നതിന്‍റെയും പ്രതികാരമാണ് ഇന്നത്തെ മര്‍ദനത്തിലൂടെയെ മാനേജ്മെന്‍റ് തീര്‍ത്തതെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു. കോളജിലെ തമി‍ഴ് വിദ്യാര്‍ഥികളെയും ഗുണ്ടകളെയും മാനേജ്മെന്‍റ് കൂലിത്തല്ലുകാരാക്കുകയായിരുന്നെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ക‍ഴിഞ്ഞദിവസം ജല്ലിക്കട്ട് സമരത്തില്‍ മലയാളികള്‍ പങ്കെടുത്തില്ലെന്നു പറഞ്ഞാണ് തമി‍ഴ് വിദ്യാര്‍ഥകള്‍ മലയാളികളെ നേരിട്ടതെങ്കിലും അതു പറയുന്ന കാരണം മാത്രമാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. പൊലിസ് എത്തിയാണു വിദ്യാര്‍ഥികളെ കാമ്പസിനു പുറത്തുകൊണ്ടുവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News