മറ്റക്കര ടോംസ് കോളജിനെതിരെ വിജിലൻസ് അന്വേഷണം; നടപടി അഫിലിയേഷനിൽ തിരിമറി നടത്തിയെന്ന ആരോപണത്തിൽ; അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രി

തിരുവനന്തപുരം: മറ്റക്കര ടോംസ് കോളജിനെതിരെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക സർവകലാശാലയിൽ നൽകിയ അഫിലിയേഷൻ രേഖകളിൽ തിരിമറി നടത്തിയെന്ന ആരോപണത്തിലാണ് വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടത്. വിദ്യാഭ്യാസമന്ത്രി നൽകിയ അന്വേഷണ ശുപാർശ അംഗീകരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണത്തിനു ഉത്തരവിട്ടത്. വ്യാജരേഖകൾ ചമച്ചാണ് ടോംസ് കോളജ് അഫിലിയേഷൻ നേടിയതെന്നും ഇതിനു സർവകലാശാലയക്കുളളിൽ നിന്നു തന്നെ വഴിവിട്ട സഹായം ലഭിച്ചിരുന്നെന്നും പീപ്പിൾ ടിവിയാണ് വാർത്ത പുറത്തുവിട്ടത്.

ടോംസ് കോളജിന് സാങ്കേതിക സർവകലാശാല നൽകിയ അഫിലിയേഷനിൽ തിരിമറി നടന്നതായി സർവകലാശാല രജിസ്ട്രാർ തന്നെയാണ് വ്യക്തമാക്കിയത്. തന്റെ ഒപ്പോ സീലോ ഇല്ലാത്ത അഫിലിയേഷൻ പേപ്പർ കോളജിനു ലഭിച്ചതിൽ ദുരൂഹതയുണ്ടെന്ന് രജിസ്ട്രാർ ജി.പി പദ്മകുമാർ പറഞ്ഞു. അംഗീകാരം ലഭിക്കാനായി ടോംസ് കോളേജ് സർവകലാശാലക്ക് നൽകിയത് വ്യാജരേഖകളാണെന്നും കണ്ടെത്തി.

കെടിയുവിന്റെ അംഗീകാരത്തിനായി സമർപ്പിച്ച സമയത്ത് കാണിച്ച സ്ഥലത്തല്ല കോളേജ് പ്രവർത്തിക്കുന്നതെന്നും, നിലവിൽ കോളേജ് പ്രവർത്തിക്കുന്ന സ്ഥലം സർവകലാശാലക്ക് നൽകിയ അഫിലിയേഷൻ പേപ്പറിൽ കാണിച്ച സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ മാറിയുള്ള ഒരു കെട്ടിടത്തിലാണെന്ന് 2016 മെയ്് മാസം മൂന്നാം തീയതി സർവകലാശാല നിയോഗിച്ച രണ്ടംഗ പരിശോധന സമിതി കണ്ടെത്തി. AICTE മാനദണ്ഡപ്രകാരം ഇത് വളരെ ഗുരുതരമായ കുറ്റകൃത്യം ആണ്. എന്നാൽ ഗുരുതരമായ ഈ കണ്ടെത്തൽ മാത്രം മറച്ച് വച്ച് സർവകലാശാല രണ്ട് ദിവസത്തിന് ശേഷം ടോംസ് കോളജിന് ഒരു നോട്ടീസ് നൽകി. രജിസ്ട്രാർക്ക് വേണ്ടി അസിസ്റ്റന്റ് രജിസ്ട്രാർ ഗോപിൻ ആണ് കോളേജ് പ്രിൻസിപ്പലിന് നോട്ടീസ് നൽകിയത്. കോളേജിലെ മറ്റ് സൗകര്യങ്ങൾ വർദ്ധിപ്പിക്കണം എന്ന് മാത്രമാണ് നോട്ടീസിൽ പറഞ്ഞിരുന്നത്.

Read Also

ടോംസ് കോളേജിന് സര്‍വകലാശാല നല്‍കിയ അഫിലിയേഷനില്‍ തിരിമറി; അഫിലിയേഷന്‍ പേപ്പറില്‍ തന്റെ ഒപ്പോ സീലോ ഇല്ലെന്ന് സര്‍വകലാശാല രജിസ്ട്രാര്‍

24 മണിക്കൂറിനുള്ളിൽ ചെയർമാൻ ടോംസ് നൽകിയ വിശദീകരണം അംഗീകരിച്ച് കൊണ്ട് 2016 മെയ്് 11ന് കോളേജിന് പ്രവർത്താനുമതി നൽകി. അഫിലിയേഷൻ രേഖയിൽ രജിസ്ട്രാറുടെ ഒപ്പോ സീലോ ഇല്ല. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ടോംസ് കോളേജുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കവേയാണ് ഇകാര്യം രജിസ്ട്രാർ കണ്ടെത്തുന്നത്. താൻ അനുമതി നൽകാത്ത കോളേജിന് എങ്ങനെ ആര് പ്രവർത്തനാനുമതി കൊടുത്തു എന്ന് വിശദീകരിക്കാൻ അസിസ്റ്റന്റ് രജിസ്ട്രാർക്ക് ഷോക്കോസ് നോട്ടീസ് നൽകിയതോടെയാണ് സംഭവങ്ങളുടെ ചുരുൾ അഴിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here