മോദിയുടെ ഭരണം അംബാനിക്കും അദാനിക്കും വേണ്ടി മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; പാവപ്പെട്ടവര്‍ക്ക് പട്ടിണിയും കോര്‍പറേറ്റുകള്‍ക്ക് സൗജന്യങ്ങളും

തിരുവനന്തപുരം: നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെ അപരിഹാര്യമായ തകര്‍ച്ചയിലേക്ക് നയിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അധികാരമേല്‍ക്കുംമുമ്പ് മോദി ജനങ്ങളോട് പറഞ്ഞത് അഛാദിന്‍ വരുമെന്നായിരുന്നു. രണ്ടരവര്‍ഷം പിന്നിട്ടപ്പോള്‍ ആ പദത്തിന് പുതിയ അര്‍ഥം നല്‍കേണ്ടിവരികയാണെന്നും അദേഹം പറഞ്ഞു.

സകല വിഭാഗവും ഭീതിയിലാണ്. ദളിതരും ന്യൂനപക്ഷവും സ്ത്രീകളും കുട്ടികളും കര്‍ഷകരും തൊഴിലാളികളുമെല്ലാം വേട്ടയാടപ്പെടുന്നു. കൃഷിയും വിദ്യാഭ്യാസവും ചരിത്രവും സാഹിത്യവും സംസ്‌കാരവും ഉള്‍പ്പെടെ സര്‍വനാശത്തിലെത്തിച്ച മോദി പ്രധാനമന്ത്രി എന്നതിലുപരി ആര്‍എസ്എസ് പ്രചാരകസ്ഥാനത്തിനാണ് വിലമതിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐ ം സംഘടിപ്പിച്ച പ്രധാനമന്ത്രിയെ വിചാരണ ചെയ്യൂ പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

500, 1000 രൂപ നോട്ട് അസാധുവാക്കലിന് പ്രധാനമന്ത്രിക്ക് എന്ത് ന്യായീകരണമാണുള്ളത്. 86ശതമാനം നോട്ട് അസാധുവാക്കുമ്പോള്‍ പകരം അത്രയും നോട്ട് വേണമെന്നുപോലും ആലോചിച്ചില്ല. നോട്ട് അസാധുവാക്കല്‍മൂലം ആളുകള്‍ ആത്മഹത്യചെയ്യേണ്ടി വന്നെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് പോലും സമ്മതിക്കേണ്ടി വന്നു. ഈ തീരുമാനം സാധാരണക്കാര്‍ക്ക് പ്രയാസമുണ്ടാക്കിയെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സമ്മതിച്ചു.

തീരുമാനമെടുക്കുന്നതിന് ഒരു മിനുട്‌സ് പോലും തയ്യാറാക്കിയില്ലെന്ന് സമ്മതിക്കുമ്പോള്‍ നടപടി എത്രത്തോളം ജനാധിപത്യ വിരുദ്ധമായിരുന്നെന്ന് വ്യക്തം. ആദ്യം പറഞ്ഞത് 50 ദിവസത്തിനകം പ്രശ്‌നം പരിഹരിക്കുമെന്നായിരുന്നു. എത്രനാള്‍ വേണമെന്ന് പറയാന്‍ ഇപ്പോള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് പോലും കഴിയുന്നില്ല.

ഇതോടൊപ്പമാണ് സഹകരണമേഖലയെ പാടെ തകര്‍ക്കുന്ന സമീപനം. പ്രശ്‌നം പരിഹരിക്കാമെന്ന് ധനമന്ത്രി സമ്മതിച്ചു. എന്നാല്‍, മോദി അനുവദിച്ചില്ല. താന്‍ ആഗ്രഹിക്കുന്നതേ നടക്കാവൂ എന്ന ഏകാധിപത്യനിലപാടാണിത്. രാജ്യത്തെക്കുറിച്ച് വാചാലമായി സംസാരിക്കുന്ന മോദി രാജ്യത്തിന്റെ ജീവനാഡിയായ പൊതുമേഖലയെ തകര്‍ക്കുന്നു. വിദേശ പ്രത്യക്ഷനിക്ഷേപം കൊണ്ടുവരാന്‍ പലവിധം ശ്രമങ്ങളാണ് നടത്തുന്നത്്. ഏറ്റവും വലിയ ആപത്ത് ഇന്‍ഷുറന്‍സ് മേഖലയിലാണ്. ഇപ്പോള്‍ ബിഎസ്എന്‍എല്ലിനെപ്പോലും തകര്‍ക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. റിലയന്‍സ് പോലുള്ള കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയുള്ള നീക്കമാണിതെല്ലാം.

മെയ്ക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ് ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ മനോഹരമായ പദങ്ങള്‍ ഉരുവിടുന്നതല്ലാതെ വികസനത്തിന് ഒന്നും ചെയ്യുന്നില്ല. സര്‍വമേഖലയിലും മാന്ദ്യം പിടികൂടി. പാവപ്പെട്ടവര്‍ക്ക് വലിയ ആഘാതം സംഭാവനചെയ്യുന്ന മോദി കോര്‍പറേറ്റുകള്‍ക്ക് വന്‍തോതില്‍ സൗജന്യം നല്‍കുന്നു. അംബാനി, അദാനി, വിജയ്മല്യ തുടങ്ങിയവര്‍ക്കുവേണ്ടിയുള്ള ഭരണമാണ് മോഡി നടത്തുന്നതെന്നും പിണറായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News