ഓസ്‌ട്രേലിയൻ ഓപ്പണിൽ സഹോദരിമാരുടെ കലാശപ്പോര്; സെറീന-വീനസ് ഫൈനൽ 14 വർഷങ്ങൾക്കു ശേഷം

മെൽബൺ: 14 വർഷങ്ങൾക്കു ശേഷം ഓസ്‌ട്രേലിയൻ ഓപ്പണിൽ ചരിത്ര ഫൈനലിനു കളമൊരുങ്ങി. സഹോദരിമാർ തമ്മിലുള്ള കലാശപ്പോരിനാണ് ഓസ്‌ട്രേലിയൻ ഓപ്പൺ വേദിയാകുന്നത്. സഹോദരിമാരായ അമേരിക്കയുടെ സെറീന വില്യംസും ചേച്ചി വീനസ് വില്യംസും ഫൈനലിൽ കടന്നു. ഇന്നു നടന്ന സെമിപോരാട്ടങ്ങളിൽ വീനസ്, യുഎസിന്റെ തന്നെ കോകോ വാൻഡെവെഗെയേയും അനിയത്തി സെറീന ക്രൊയേഷ്യൻ താരം മിർജാന ലൂസിച്ച് ബറോണിയേയും തോൽപ്പിച്ചു.

2003-ലായിരുന്നു ഇരുവരും അവസാനമായി ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ ഏറ്റുമുട്ടിയത്. സെറീനയും വീനസും ഏറ്റുമുട്ടുന്ന ഒൻപതാമത് ഗ്രാൻഡ്സ്ലാം ഫൈനലാണിത്. 2009-ൽ വിംബിൾഡൺ ഫൈനലിലാണ് അവസാനമായി ഇരുവരും നേർക്കുനേർ വന്നത്. വീനസ് അവസാനമായി ഗ്രാൻഡ്സ്ലാം ഫൈനൽ കളിച്ചതും അന്നാണ്.

അവിസ്മരണീയമായ തിരിച്ചുവരവാണ് വീനസ് കാഴ്ചവച്ചത്. കോകോ വാൻഡെവെഗെയ്‌ക്കെതിരെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കായിരുന്നു വീനസിന്റെ ജയം. സ്‌കോർ: 6-7, 6-2, 6-3. ആദ്യ സെറ്റിൽ അവസാനം വരെ പോരാടിയ വീനസ്, രണ്ടും മൂന്നും സെറ്റുകളിൽ വാൻഡെവെഗെയ്ക്ക് ഒരിക്കൽ പോലും മുന്നേറാൻ അവസരം കൊടുത്തില്ല.

ക്രൊയേഷ്യയുടെ മിർജാന ലൂസിച്ച് ബറോണിയായിരുന്നു സെറീനയുടെ എതിരാളി. നേരിട്ടുള്ള രണ്ടു സെറ്റുകൾക്ക് അനായാസമായിരുന്നു സെറീനയുടെ ജയം. സ്‌കോർ: 6-2, 6-1. കരിയറിലെ 23-ാം ഗ്രാൻഡ്സ്ലാം കിരീടമാണ് സെറീന ലക്ഷ്യമിടുന്നത്. 23 വർഷത്തിനിടെ ഗ്രാൻഡ്സ്ലാം സെമിഫൈനലിൽ കളിക്കുന്ന ഏറ്റവും പ്രായംചെന്ന കളിക്കാരിയാണു 13-ാം സീഡ് വീനസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here