കവിതയുടെ ഉത്സവത്തിന് പട്ടാമ്പിയിൽ തുടക്കമായി; കാവ്യമധുരം പകർന്ന് എൽകെജിക്കാരൻ മുതൽ മുതിർന്ന കവികൾ വരെ; രണ്ടാംദിനം സെമിനാറുകളും ചലച്ചിത്രോത്സവവും

പട്ടാമ്പി: കവിതയുടെയും കവികളുടെയും ഉത്സവമായ കവിതയുടെ കാർണിവലിന്റെ രണ്ടാം പതിപ്പിന് പട്ടാമ്പി ഗവൺമെന്റ് സംസ്‌കൃത കോളജിൽ തുടക്കമായി. വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിലെ കവികൾ പങ്കെടുക്കുന്ന വിവർത്തന ശിൽപശാലയാണ് ഇത്തവണ കാർണിവലിന്റെ പ്രത്യേകത. കവികളിലെ ഇളമുറക്കാരി കാദംബരി കവിത ചൊല്ലി ഉദ്ഘാടനം നിർവഹിച്ചു. മുഹമ്മദ് മുഹ്‌സിൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ദക്ഷിണേന്ത്യൻ കവിതാ വിവർത്തന ശിൽപശാല കേരള സാഹിത്യ അക്കാദമി സെക്രട്ടറി കെ പി മോഹനൻ ഉദ്ഘാടനം ചെയ്തു. തിളനില മാസിക കവി കെ സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. കാർണിവൽ ഡയറക്ടർ പി പി രാമചന്ദ്രൻ, ഡോ. എച്ച് കെ സന്തോഷ്, ടി പി ഷാജി എന്നിവർ പ്രസംഗിച്ചു.

കേരള ലളിതകലാ അക്കാദമി നടത്തുന്ന ചിത്രപ്രദർശനം പ്രൊഫ. ഗംഗാധരനും പുസ്തക പ്രദർശനം സി പി ചിത്രഭാനുവും ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കാർണിവലായിരുന്നു ആദ്യ ദിവസത്തെ ആകർഷണം. എൽ കെ ജി വിദ്യാർഥി മുതൽ പ്ലസ് ടു വിദ്യാർഥികൾ വരെയുള്ളവർ കവിതകൾ അവതരിപ്പിച്ചു. മത്സരത്തിന്റെ കെട്ടുപാടുകളില്ലാതെ കാവ്യാലാപനത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയും പരിഹരിച്ചുമുള്ള ഇടപെടൽ ശ്രദ്ധേയമായി.

കാർണിവലിൽ രണ്ടാംദിനം

കാർണിവലിലെ രണ്ടാംദിനമായ 27നു രാവിലെ ഒമ്പതരയ്ക്ക് കവി കെ സച്ചിദാനന്ദനൊപ്പമുള്ള കവിയോടൊപ്പം പരിപാടിയോടെ രണ്ടാം ദിവസത്തെ കവിതയുടെ കാർണിവലിനു തുടക്കമാകും. ഇന്ത്യൻ കവിതാ വിവർത്തനത്തിന്റെ മുഖം എന്ന വിഷയത്തിൽ എ ജെ തോമസും കവിതയിലെ താളത്തെക്കുറിച്ച് മനോജ് കുറൂറും കവിതയിലെ അരങ്ങുജീവിതത്തെക്കുറിച്ച് ജി ദിലീപനും പ്രഭാഷണം നടത്തും. കാവ്യഭാഷയും ഭാഷാന്തരണവും എന്ന വിഷയത്തിലെ സംവാദത്തിൽ ബാബു രാമചന്ദ്രൻ, രവിശങ്കർ, എം എ അസ്‌കർ, ഗീതാ ജാനകി, സന്തോഷ് അലക്‌സ്, തെർളി ശേഖർ, രമ്യ സഞ്ജീവ്, അച്യുതൻ വടക്കേടത്ത് എന്നിവർ പങ്കെടുക്കും.

കവിതയുടെ അതീതസഞ്ചാരങ്ങളെക്കുറിച്ച് ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ ഡോ. ഉദയകുമാറും കവിതയുടെ ചൊൽവഴികളെക്കുറിച്ചു പ്രൊഫ. വി മധുസൂദനൻ നായരും പ്രഭാഷണം നടത്തും. വൈകീട്ട് ലക്കിടി കുഞ്ചൻ സ്മാരകത്തിന്റെ നേതൃത്വത്തിൽ ഓട്ടൻ തുള്ളൽ, മേധയും സീന ശ്രീവൽസനും അവതരിപ്പിക്കുന്ന നൃത്താവിഷ്‌കാരങ്ങൾ, ആറങ്ങോട്ടുകര പാഠശാലയുടെ മുളവാദ്യ കാവ്യാലാപനം, പാലക്കാട് മെഹ്ഫിലിന്റെ ഗാനസന്ധ്യ എന്നിവയും നടക്കും. പി രാമൻ കാവ്യതാര കവിതാവതരണവും കുഴൂർ വിൽസണിന്റെ നേതൃത്വത്തിൽ പോയട്രീ ഇൻസ്റ്റലേഷനും കാർണിവൽ രണ്ടാംദിനത്തിന് മിഴിവു പകരും.

സംസ്ഥാന ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് ചലച്ചിത്രോത്സവവും സംഘടിപ്പിച്ചിട്ടുണ്ട്. സെർജി പരാനോവിന്റെ കളർ ഓഫ് പൊമഗ്രനേറ്റ്‌സും നോട്ട്‌സ് ഫ്രം അക്ക എന്ന ഡോക്യുമെന്ററിയും രോഷ്‌നി സ്വപ്‌ന സംവിധാനം ചെയ്ത അക്കിത്തം ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നക്ഷരവും ഇന്നു പ്രദർശിപ്പിക്കും. നാലു ദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന കാർണിവൽ 29ന് സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News