‘റാണി പത്മാവതി’യുടെ ചിത്രീകരണത്തിനിടെ സംവിധായകനു മർദ്ദനം; ബൻസാലിയുടെ മുടിയും അക്രമികൾ പറിച്ചെടുത്തു

ജയ്പൂർ: റാണി പത്മാവതി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്കു ക്രൂരമർദ്ദനം. രജ്പുത് കർണി സേനയാണ് ബൻസാലിയെയും സിനിമാ സംഘത്തെയും മർദ്ദിച്ചത്. ചിത്രീകരണം നടക്കുന്ന സെറ്റിൽ വച്ച് ബൻസാലിയെ ക്രൂരമായി മർദ്ദിച്ച സംഘം അദ്ദേഹത്തിന്റെ മുടിയും പറിച്ചെടുത്തു. രാജസ്ഥാനി ചരിത്രം ആസ്പദമാക്കി നിർമിക്കുന്ന ചിത്രമാണ് റാണി പത്മാവതി.

സിനിമയിൽ രജ്പുത് റാണി പത്മാവതിയെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ചായിരുന്നു മർദ്ദനം. സിനിമയുടെ സെറ്റ് അക്രമികൾ അടിച്ചു തകർക്കുകയും ഷൂട്ടിംഗ് തടസ്സപ്പെടുത്തുകയും ചെയ്തു. സിനിമയിലെ പ്രണയരംഗങ്ങളാണ് പ്രതിഷേധത്തിനു ഇടയാക്കിയത്. ചിത്രീകരണം നടന്നു കൊണ്ടിരിക്കെ സെറ്റിലേക്ക് അതിക്രമിച്ചു കയറി കർണി സേന സംവിധായകനെയും സംഘത്തെയും ആക്രമിക്കുകയായിരുന്നു.

ദീപികാ പദുക്കോൺ ആണ് റാണി പത്മാവതിയായി വേഷമിടുന്നത്. അലാവുദ്ദീൻ ഖിൽജിയായി രൺവീർ സിംഗ് വേഷമിടുന്നു. ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങളാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ചിറ്റഗോംഗ് കോട്ട ആക്രമിച്ച അലാവുദ്ദീൻ ഖിൽജിക്ക് കീഴടങ്ങാതെ, റാണി ജീവത്യാഗം ചെയ്യുകയായിരുന്നുവെന്നാണ് രജ്പുത് കർണി സേനയുടെ അവകാശവാദം. അതിനാൽ റാണിയെ മോശമായി ചിത്രീകരിക്കുന്ന രംഗങ്ങൾ ഒഴിവാക്കണമെന്നാണ് സേനയുടെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here