അപൂര്‍വ ഫൈനല്‍ കാഴ്ചക്കൊരുങ്ങി മെല്‍ബണ്‍ പാര്‍ക്ക്; സെറീനയും വീനസും ഇന്ന് നേര്‍ക്കുനേര്‍

അപൂര്‍വമായൊരു ഫൈനലിന്റെ കാഴ്ചക്കൊരുങ്ങുകയാണ് ഇന്ന് മെല്‍ബണ്‍ പാര്‍ക്ക്. സെറീന ജയിച്ചാലും, വീനസ് ജയിച്ചാലും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം വില്യംസ് കുടുംബത്തിന്റെ അലമാരയിലെത്തും. അതിനുമപ്പുറം സെറീനയും വില്യംസും ഏറ്റുമുട്ടാനൊരുങ്ങുമ്പോള്‍ ചരിത്രവും കാത്തിരിക്കുകയാണ് വഴിമാറിക്കൊടുക്കാന്‍.

സെറീന ജയിച്ചാല്‍ ഓപ്പണ്‍ യുഗത്തിലെ ഏറ്റവും വലിയ കിരീട വേട്ടക്കാരി എന്ന നേട്ടമാണ് കാത്തിരിക്കുന്നത്. 23 ഗ്രാന്‍ഡ്സ്ലാം കിരീടം എന്ന സ്വപ്നത്തിന്റെ പടിവാതില്‍ക്കലാണ് സെറീന. മറിച്ച് കിരീടം ചേച്ചി വീനസിനൊപ്പം പോന്നാല്‍ അതിനും റെക്കോര്‍ഡിന്റെ തിളക്കമുണ്ടാകും. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡാണ് വീനസിനെ കാത്തിരിക്കുന്നത്.

വില്യംസ് സഹോദരിമാര്‍ ഗ്രാന്‍ഡ് സ്ലാം ഫൈനലില്‍ ഏറ്റുമുട്ടുന്നത് ഇത് ഏട്ടാം തവണയാണ്. ആറ് തവണ സെറീന കിരീടമണിഞ്ഞപ്പോള്‍ വീനസിന് ജയിക്കാനായത് 2 തവണ മാത്രം. 2009 വിംബിള്‍ഡണിന്റെ ഫൈനലിലാണ് അവസാനം കുടുംബ പോരാട്ടം നടന്നത്. അന്ന് സെറീന കിരീടവുമായി വീട്ടിലേക്ക് മടങ്ങി. ആകെ മൊത്തം 27 തവണയാണ് സെറീനയും വീനസും നേര്‍ക്കുനേര്‍ പോരാട്ടം നടത്തിയത്. സെറീന 11 തവണ ജയിച്ചപ്പോള്‍ വീനസിന് 11 ജയങ്ങളുണ്ട്.

ചോക്ലേറ്റ് സുന്ദരിമാര്‍ അടക്കിവാഴുന്ന ടെന്നീസ് ലോകത്ത് കരുത്തിന്റെയും, പോരാട്ട വീറിന്റെയും പ്രതീകമാണ് സെറീനയും, വീനസും. മരണത്തേപ്പോലും തോല്‍പ്പിച്ചെത്തിയ സെറീനക്കും, ചര്‍മ്മത്തെ ബാധിച്ച അപൂര്‍വ രോഗത്തെ പുല്ലുപോലെ തട്ടിയെറിഞ്ഞ വീനസും ജീവിതത്തിലും പോരാട്ടത്തിന്റെ പേരുകളാണ്. അത് കൊണ്ടു തന്നെയാണ് അവരെ ലോകം സ്‌നേഹിക്കുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here