ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ ഒന്നരലക്ഷം ദിർഹവും കാറും കണ്ണൂർ സ്വദേശിക്ക്; ഷോപ്പിംഗ് മാമാങ്കത്തിനു പരിസമാപ്തി

ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനു പ്രൗഢോജ്ജ്വല പരിസമാപ്തി. 34 ദിവസം നീണ്ടുനിന്ന വ്യാപാര മാമാങ്കത്തിനാണ് സമാപ്തിയായത്. ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ഇൻഫിനിറ്റി മെഗാ നറുക്കെടുപ്പിലെ ഒന്നാം സമ്മാനം മലയാളിയെ തേടിയെത്തി. കണ്ണൂർ സ്വദേശിക്കാണ് ഒന്നാം സമ്മാനം. തലശ്ശേരിക്കടുത്ത് പുല്ലൂക്കര സ്വദേശി മേലേടത്ത് അബ്ദുൽ ലത്തീഫാണ് ഒന്നരലക്ഷം ദിർഹമിന്റെ കാഷ് പ്രൈസിനും ഇൻഫിനിറ്റി കാറിനും അർഹനായത്.

കാഷ് പ്രൈസും കാറും കൂടി മൊത്തം മൂന്നുലക്ഷം ദിർഹം (55.6 ലക്ഷം ഇന്ത്യൻ രൂപയ്ക്ക് തത്തുല്യമായ തുക) മൂല്യം വരുന്ന നേട്ടമാണിത്. ഗ്ലോബൽ വില്ലേജിൽ നടന്ന ചടങ്ങിൽ ലത്തീഫ് സമ്മാനം ഏറ്റുവാങ്ങി. കറാമയിൽ അൽ മദീന സൂപ്പർമാർക്കറ്റിൽ അക്കൗണ്ടന്റാണ് ലത്തീഫ്. 28 വർഷമായി ഇതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. എല്ലാവർഷവും ലത്തീഫ് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ഷെയറായി നറുക്കെടുപ്പ് കൂപ്പൺ എടുക്കാറുണ്ട്. ഇത്തവണ 200 ദിർഹമിന്റെ കൂപ്പൺ ഒറ്റയ്ക്ക് എടുക്കുകയായിരുന്നു. അതിൽ ഭാഗ്യസമ്മാനം ലത്തീഫിനെ തേടിയെത്തുകയും ചെയ്തു.

2016 ഡിസംബർ 26 നാണ് ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ 22-ാമത് ഡിഎസ്എഫ് ആരംഭിച്ചത്. ഷോപ്പിംഗിനു പുറമേ ഹോസ്പിറ്റാലിറ്റി, ട്രാവൽ, ഫിനാൻഷ്യൽ സർവീസ് തുടങ്ങിയ മേഖലകളിലും ഡിഎസ്എഫ് സജീവമായി നില നിന്നു. ഫെസ്റ്റിവൽ കാലയളവിൽ ദുബായ് ഷോപ്പിംഗ് മാൾ ഗ്രൂപ്പ് പത്ത് ലക്ഷം ദിർഹത്തിന്റെ സമ്മാനങ്ങളാണ് ഉപഭോക്താക്കൾക്കായി നൽകിയത്.

വെടിക്കെട്ടുകളും വിവിധ കലാപരിപാടികളും ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പ്രത്യേകതയാണ്. ഉപഭോക്താക്കൾക്ക് ചില ഉൽപനങ്ങളിൽ 75% മുതൽ 90% വരെ ഡിസ്‌കൗണ്ട് നിരക്കിൽ ഡിഎസ്എഫിൽ നിന്നും സാധനങ്ങൾ വാങ്ങാൻ കഴിയുമായിരുന്നു. മുൻകാല ഫെസ്റ്റിവലുകളിൽ നിന്നു വ്യത്യസ്തമായി ഇത്തവണ 24 മണിക്കൂറും നീണ്ടുനിൽക്കുന്ന ഷോപ്പിംഗ് മേളയാണ് ക്രമീകരിച്ചിരുന്നത്. ദുബായിലെ മാളുകളും ഉയർന്ന വ്യാപാരം രേഖപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News