കവിതയില്‍ മുങ്ങിക്കുളിച്ചു പട്ടാമ്പിയില്‍ കവിതയുടെ കാര്‍ണിവലിന് പ്രൗഢസമാപനം; അക്കിത്തത്തിന് ആദരം ചൊല്ലി കാവ്യാസ്വാദകര്‍; മറുപടിയായി കവിത ചൊല്ലി മഹാകവി

പട്ടാമ്പി: കവിതയില്‍ മുങ്ങിക്കുളിച്ച നാലു ദിനങ്ങള്‍ക്ക് കവിതയിലലിഞ്ഞ് സമാപനം. പട്ടാമ്പി ഗവണ്‍മെന്റ് സംസ്‌കൃത കോളജിലെ മലയാള വിഭാഗം സംഘടിപ്പിച്ച കവിതയുടെ കാര്‍ണിവല്‍ അക്ഷരാര്‍ഥത്തില്‍ കവിതയുടെ സംഗമോല്‍സവമായി. വിവിധ ദേശങ്ങളില്‍നിന്നും വിവിധ ഭാഷകളില്‍നിന്നും കവികള്‍ വരിയും വാക്കുമായെത്തി. അടുത്തവര്‍ഷം വീണ്ടും കാണാമെന്നു പറഞ്ഞാണ് കാവ്യപ്രിയര്‍ കവിതചൊല്ലിപ്പിരിഞ്ഞത്.

കവിതയുടെ കാര്‍ണിവല്‍. ഫോട്ടോ: പി.ശിവപ്രസാദ്‌

കവിതയുടെ കാര്‍ണിവല്‍. ഫോട്ടോ: പി.ശിവപ്രസാദ്‌

പദ്മശ്രീ നല്‍കി രാജ്യം ആദരിച്ച മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് മലയാളത്തിന്റെ കാവ്യലോകം കവിതയുടെ കാര്‍ണിവലില്‍ ആദരമേകി. റിയാസ് കോമു വരച്ച ചിത്രം യുവ കവയത്രി റൊമില, അക്കിത്തിത്തിന് സമ്മാനിച്ചു. മലയാളത്തിന്റെ ആദരത്തിന് പ്രായത്തിന്റെ അവശത മറന്നു കവിത ചൊല്ലിയാണ് അക്കിത്തം മറുപടി നല്‍കിയത്.

മഹാകവി അക്കിത്തം സംസാരിക്കുന്നു. ഫോട്ടോ: പി.ശിവപ്രസാദ്

മഹാകവി അക്കിത്തം. ഫോട്ടോ: പി.ശിവപ്രസാദ്

ഡി വിനയചന്ദ്രനെ ഓര്‍ത്ത് പട്ടാമ്പി കോളജ്

പൂര്‍വ വിദ്യാര്‍ഥിയും മലയാളത്തിന്റെ പ്രിയ കവിയുമായ ഡി വിനയചന്ദ്രന്റെ ഓര്‍മയായിരുന്നു ഇന്നലെ കവിതയുടെ കാര്‍ണിവല്‍ പങ്കിട്ടത്. പട്ടാമ്പി കോളജിലെ പി ജി വിദ്യാര്‍ഥിയായിരുന്ന വിനയചന്ദ്രന്‍ കവിതയിലെ വന്‍മരമായി വളര്‍ന്ന വഴികളെക്കുറിച്ചു ഭാഷാപോഷിണി പത്രാധിപസമിതി അംഗം ഡോ. കെ എം വേണുഗോപാല്‍ അനുസ്മരിച്ചു. പ്രകൃതിയോട് പിന്‍പറ്റിയാണ് പി കുഞ്ഞിരാമന്‍ നായരും ഡി വിനയചന്ദ്രനും കവിതാലോകത്തില്‍ വിലസിയതെന്ന് വേണുഗോപാല്‍ പറഞ്ഞു.

കെഎം വേണുഗോപാല്‍ ഡി. വിനയചന്ദ്രനെ അനുസ്മരിക്കുന്നു. ഫോട്ടോ: പി.ശിവപ്രസാദ്

കെഎം വേണുഗോപാല്‍ ഡി. വിനയചന്ദ്രനെ അനുസ്മരിക്കുന്നു. ഫോട്ടോ: പി.ശിവപ്രസാദ്

സാഹിത്യത്തിലും ഭാഷയിലും ഉണ്ടാകുന്ന തെറ്റുകളെ ക്രൂരമായി അപമാനിക്കുന്നവരാണ് മലയാളികള്‍. ഇംഗ്ലീഷില്‍നിന്നുള്ള ഭാഷാന്തരത്തിലുണ്ടാകുന്ന തെറ്റുകളെ ശിക്ഷിക്കാനാണ് മലയാളിക്ക് താല്‍പര്യം. എഴുതിയതിലൂടെ ഭൂതക്കണ്ണാടിയുമായി നോക്കുന്ന ചൂരല്‍പിടിച്ച സായിപ്പ് അദൃശ്യനായിട്ടുണ്ട്. തെറ്റുവരുത്താത്ത ഒരാളും സര്‍ഗാത്മകരല്ല. വിനയചന്ദ്രനു സംഭവിച്ചെന്നു നമ്മള്‍ കരുതുന്ന ചില തെറ്റുകളാണ് കവിയെന്ന നിലയില്‍ അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.


അറബിക്കവിതകളിലെ പലായനം

പലായനം ചെയ്യേണ്ടിവന്നവരാണ് അറബിക്കവികളെന്നും അതാണ് അറബി ഭാഷയുടെ നേട്ടവും കുഴപ്പവുമെന്നും മിഡില്‍ ഈസ്റ്റില്‍നിന്നുള്ള പാലങ്ങള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി വി മുസഫര്‍ അഹമ്മദ് പറഞ്ഞു. മിഡില്‍ ഈസ്റ്റില്‍നിന്നുള്ള കവിതകളുടെ തര്‍ജമകളും മുസഫര്‍ അഹമ്മദ് അവതരിപ്പിച്ചു.


കവിതയല്ലാതൊന്നുമില്ലാത്ത നാലു നാള്‍

പട്ടാമ്പി ഗവണ്‍മെന്റ് സംസ്‌കൃത കോളജിലെ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് കവിതയുടെ കാര്‍ണിവല്‍ സംഘടിപ്പിച്ചത്. വിവര്‍ത്തനമായിരുന്നു കാര്‍ണിവലിന്റെ രണ്ടാം പതിപ്പായ ഈ വര്‍ഷം പ്രമേയമായി തെരഞ്ഞെടുത്തത്. ദക്ഷിണേന്ത്യന്‍ ഭാഷകളിലെ കവികളുടെ വിവര്‍ത്തന ശില്‍പശാലയായിരുന്നു മുഖ്യ ആകര്‍ഷണം. മലയാളത്തിലെ എല്ലാ കവികളെയും ഒന്നിച്ചുകൂട്ടുക എന്ന ലക്ഷ്യവും നാലു നാളുകളിലായി നടന്ന കാര്‍ണിവലില്‍ യാഥാര്‍ഥ്യമായി.

പത്താം ക്ലാസ് വിദ്യാര്‍ഥിനിയും കവികളിലെ ഇളമുറക്കാരിയുമായ കാദംബരിയാണ് കവിത ചൊല്ലി കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്തത്. കവി പി പി രാമചന്ദ്രനായിരുന്നു കാര്‍ണിവലിന്റെ ഡയറക്ടര്‍. വിവര്‍ത്തന ശില്‍പശാലയ്ക്ക് കെ സച്ചിദാനന്ദനും നേതൃത്വം നല്‍കി. തമിഴ്, കന്നഡ, തെലുഗു ഭാഷകളിലെ കവികളുടെ രചനകളാണ് മലയാളത്തിലേക്കു തര്‍ജമ ചെയ്തത്.

കുട്ടികളായ കവികള്‍ക്കും പ്രാധാന്യം നല്‍കിയായിരുന്നു കാര്‍ണിവല്‍ സംഘടിപ്പിച്ചത്. നിരവധി കുട്ടികള്‍ പങ്കെടുത്ത കാവ്യാസ്വാദനക്കളരിയും കാവ്യാലാപനവും ഏറെ ശ്രദ്ധേയമായി. കവിതയും ആവിഷ്‌കാരവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ കെ സച്ചിദാനന്ദന്‍, മനോജ് കുറൂര്‍, ജി ദിലീപന്‍, ഉദയകുമാര്‍, വി മധുസൂദനന്‍നായര്‍, കെ ജി ശങ്കരപ്പിള്ള, ഡോ. കെ സി നാരായണന്‍, ഡോ.റോഷ്ണി സ്വപ്‌ന, സുനില്‍ പി ഇളയിടം, റിയാസ് കോമു, അന്‍വര്‍ അലി, പി പവിത്രന്‍, എസ് ജോസഫ്, സാവിത്രി രാജീവന്‍ എന്നിവര്‍ പ്രഭാഷണം നടത്തി.

ആവിഷ്‌കാരത്തിന്റെ രംഗഭാഷയൊരുക്കി ദീരാബായിയും പൂതപ്പാട്ടും

കവിതകള്‍ ഒറ്റയ്ക്കു നില്‍ക്കുന്നതല്ല, എല്ലാ കലാരൂപങ്ങളിലും കവിതയുണ്ടെന്ന് അടിവരയിടുന്നതായി കാര്‍ണിവലില്‍ അവതരിപ്പിച്ച രംഗാവതരണങ്ങള്‍. കുഞ്ചന്‍ സ്മാരകം അവതരിപ്പിച്ച ഓട്ടന്‍തുള്ളല്‍, മേധയും സീനാ ശ്രീവല്‍സനും അവതരിപ്പിച്ച നൃത്താവിഷ്‌കാരങ്ങള്‍, ആറങ്ങോട്ടുകര പാഠശാലയുടെ മുളവാദ്യ കാവ്യാലാപനം, കുഴൂര്‍ വില്‍സണ്‍ അവതരിപ്പിച്ച ചൊല്‍ക്കാഴ്ച, പാലക്കാട് മെഹ്ഫിലിന്റെ ഗാനസന്ധ്യ എന്നിവ രണ്ടാം ദിവസം കാര്‍ണിവലിന്റെ രാവിനെ ഭാവസാന്ദ്രമാക്കി.

പട്ടാമ്പി കോളജിലെ തിയേറ്റര്‍ ഗ്രൂപ്പ് ആവിഷ്‌കരിച്ച പൂതപ്പാട്ട്. ഫോട്ടോ: പി.ശിവപ്രസാദ്

പട്ടാമ്പി കോളജിലെ തിയേറ്റര്‍ ഗ്രൂപ്പ് ആവിഷ്‌കരിച്ച പൂതപ്പാട്ട്. ഫോട്ടോ: പി.ശിവപ്രസാദ്

മൂന്നാം ദിവസം എം ജി ശശി സംവിധാനം ചെയ്ത ദീരാബായി നാടകമായിരുന്നു കാര്‍ണിവലിന്റെ അരങ്ങിനെ ഉണര്‍ത്തിയത്. വിനീത നെടുങ്ങാടി വിവിധ കവിതകളെ ആപ്‌സപദമാക്കി അവതരിപ്പിച്ച കാവ്യനൂപുരം മോഹിനിയാട്ടം കവിതയും ചുവടും ഒത്തുചേര്‍ന്ന അപൂര്‍വാനുഭവമായി. എഴുത്തച്ഛന്‍, ഇടശേരി, കാവാലം എന്നിവരുടെ കവിതകളാണ് വിനീത അരങ്ങിലെത്തിച്ചത്.

വിനീത നെടുങ്ങാടി  അവതരിപ്പിച്ച മോഹിനിയാട്ടം.ഫോട്ടോ: പി.ശിവപ്രസാദ്

വിനീത നെടുങ്ങാടി അവതരിപ്പിച്ച
മോഹിനിയാട്ടം.ഫോട്ടോ: പി.ശിവപ്രസാദ്

പട്ടാമ്പി കോളജിലെ തിയേറ്റര്‍ ഗ്രൂപ്പ് ആവിഷ്‌കരിച്ച പൂതപ്പാട്ടിന്റെ സാമൂഹികാവിഷ്‌കാരം ഒരു ദേശം കവിത ചൊല്ലുന്നു തികച്ചും വേറിട്ട അനുഭവമായി. ഇടശേരിയുടെ പൂതപ്പാട്ടിനെ ഇതുവരെ ആരും പരീക്ഷിക്കാത്ത ആവിഷ്‌കാര രീതിയിലൂടെയും ശബ്ദ, വെളിച്ച വിന്യാസത്തിലൂടെയുമാണ് അരങ്ങിലെത്തിച്ചത്. തിരൂര്‍ തുഞ്ചന്‍ കോളജ് പ്രിന്‍സിപ്പലും എഴുത്തുകാരനുമായ വിജു നായരങ്ങാടിയുടെ നേതൃത്വത്തിലായിരുന്നു പൂതപ്പാട്ടിന്റെ സാമൂഹികാവിഷ്‌കാരം.


ഇനി അടുത്ത കാര്‍ണിവലിന്… കവിതചൊല്ലിപ്പിരിഞ്ഞു

കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച കവിതയുടെ കാര്‍ണിവല്‍ ആദ്യ പതിപ്പിനേക്കാള്‍ പങ്കാളിത്തത്തിലുണ്ടായ വര്‍ധന കേരളത്തിലും മലയാളത്തിലും എഴുത്തും കവിതയും മരിക്കുന്നില്ലെന്നതിന്റെ വിളിച്ചുപറയലായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി കാവ്യാസ്വാദകരമാണ് കാര്‍ണിവലിന് എത്തിയത്. അടുത്തവര്‍ഷം കാര്‍ണിവലിന്റെ മൂന്നാം പതിപ്പിന് കാണണമെന്നു പറഞ്ഞായിരുന്നു പങ്കെടുക്കാനെത്തിയ ഓരോരുത്തരും പട്ടാമ്പി കോളജിലെ മരച്ചുവട്ടില്‍നിന്നു കവിത ചൊല്ലി പിരിഞ്ഞത്.

Carnival-of-Poetry-3

മഹാകവി അക്കിത്തം. ഫോട്ടോ: പി.ശിവപ്രസാദ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News