വാട്‌സ്ആപ്പിൽ സുഹൃത്തുക്കൾ സ്റ്റാറ്റസ് മാറ്റിയാൽ അപ്പോൾ നോട്ടിഫിക്കേഷൻ എത്തും; പുതിയ രണ്ടു ഫീച്ചേഴ്‌സുമായി വാട്‌സ്ആപ്പ്

വാഷിംഗ്ടൺ: വാട്‌സ്ആപ്പിൽ രണ്ടു പുതിയ ഫീച്ചറുകൾ കൂടി അധികം വൈകാതെ എത്തും. അത്യുഗ്രൻ രണ്ടു സംവിധാനങ്ങൾ. ഒന്നു സ്റ്റാറ്റസ് മാറ്റുന്നതുമായി ബന്ധപ്പെട്ടതാണ്. മറ്റൊന്നു ലൊക്കേഷൻ ഷെയറിംഗുമായി ബന്ധപ്പെട്ടതും. സുഹൃത്തുക്കൾ സ്റ്റാറ്റസ് മാറ്റിയാൽ നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ് ഒന്ന്. സുഹൃത്തുക്കൾ നിൽക്കുന്ന സ്ഥലം കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്ന ഫീച്ചറും വൈകാതെ ഔദ്യോഗികമാകും.

നിലവിൽ ഒരു സുഹൃത്തിന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് അറിയണമെങ്കിൽ അയാളുടെ പ്രൊഫൈലിൽ പോയി നോക്കണം. എന്നാൽ, ഇനി അതു വേണ്ടിവരില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫേസ്ബുക്കിലെ പോലെ സ്റ്റാറ്റസ് മാറ്റിയാൽ നോട്ടിഫിക്കേഷൻ ലഭിക്കുന്ന സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു ദിവസം കഴിയുമ്പോൾ തനിയെ ഡിലീറ്റാകുന്ന സ്റ്റാറ്റസുകളും നമുക്കിതിൽ ഉപയോഗിക്കാനാകും.

മറ്റൊന്നു ലൈവായി സുഹൃത്തുക്കൾ നിൽക്കുന്ന സ്ഥലം മനസ്സിലാക്കുന്ന അപ്‌ഡേഷനാണ്. ലൈവ് ലൊക്കേഷൻ ഷെയറിംഗ് എന്നാണ് പുതിയ ഫീച്ചർ അറിയപ്പെടുക. സുഹൃത്തുക്കൾ എവിടെയാണ് നിൽക്കുന്നത് എന്നു മനസ്സിലാക്കാൻ ഈ ഫീച്ചർ നമ്മളെ സഹായിക്കും. പുതിയ പതിപ്പിൽ ഷോ മൈ ഫ്രണ്ട് എന്ന ഒരു ഓപ്ഷൻ ഉണ്ടാകും. ജിപിഎസ് വഴി പ്രവർത്തിക്കുന്ന ഈ സംവിധാനത്തിൽ സുഹൃത്തുക്കളെ അവരുടെ അനുവാദത്തോടെ ട്രാക്ക് ചെയ്യാനും സാധിക്കും.

വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേഷനുകളിലാണ് ഈ പുതിയ സംവിധാനങ്ങൾ ലഭ്യമാകുക. നിലവിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ചില വാട്‌സാപ്പ് പതിപ്പുകളിൽ ഈ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഔദ്യോഗികമായ പ്രഖ്യാപനത്തിനു ശേഷം മാത്രമേ ഇവ ഇന്റർഫെയ്‌സിൽ ലഭ്യമാകൂ.
ഐ ഫോൺ ഉപയോക്താക്കൾക്കും ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കും ഒരേ സമയം പുതിയ അപ്‌ഡേറ്റുകൾ ലഭിക്കും. അനേകം ചെറു മാറ്റങ്ങളും പുതിയ പതിപ്പിൽ ഉണ്ടാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here