ജിറാഫിന്റെ പ്രസവം തത്സമയം കാണാന്‍ ലോകം; പ്രസവത്തിനൊരുങ്ങിയ ‘ഏപ്രില്‍’ തത്സമയം യൂട്യൂബില്‍; ലോകത്തിന് കാണാന്‍ അവസരമൊരുക്കി ന്യൂയോര്‍ക്കിലെ മൃഗശാല അധികൃതര്‍

ന്യൂയോര്‍ക്ക് : ലോകം മുഴുവന്‍ ഇപ്പോള്‍ തത്സമയം വീക്ഷിക്കുന്നത് ഒരു ജിറാഫിനെയാണ്. ന്യൂയോര്‍ക്കിലെ ഹര്‍പസ് വിലെയിലെ അനിമല്‍ അഡ്വഞ്ചര്‍ പാര്‍ക്കിലെ ഏപ്രില്‍ എന്ന ജിറാഫ് ആണ് താരം. 15കാരിയായ ഏപ്രിലിന്റെ പ്രസവം കാണാന്‍ യൂട്യൂബിലൂടെയാണ് തത്സമയ സൗകര്യമൊരുക്കിയത്.

ഏപ്രിലിന്റെ നാലാം പ്രസവത്തിനാണ് ലോകം കാത്തിരിക്കുന്നത്. ഏപ്രിലിന്റെ മൂന്നിലൊന്ന് പ്രായമേയുള്ളൂ വരാനിരിക്കുന്ന ജിറാഫ് കുട്ടിയുടെ പിതാവിന്. അഞ്ച് വയസുകാരനായ ഒലിവറുമായാണ് ഏപ്രില്‍ ഇണ ചേര്‍ന്നത്. ഇതാദ്യമായാണ് ഒലിവര്‍ ഇണചേരുന്നത്. അതുകൊണ്ടുതന്നെ ഏപ്രില്‍ പ്രസവിക്കുന്നത് ഒലിവറിന്റെ ആദ്യ കുഞ്ഞിനെയാവും.

ഏപ്രിലിന്റെ പ്രസവത്തോട് അനുബന്ധിച്ചാണ് താമസ സ്ഥലവും നാലാമത്തെ കുട്ടിയുടെ വരവും ലോകത്തെ തത്സമയം കാണിക്കാന്‍ തീരുമാനിച്ചതെന്ന് അനിമല്‍ അഡ്വഞ്ചര്‍ പാര്‍ക്ക് അധികൃതര്‍ പറയുന്നു.

പതിനഞ്ച് മാസമാണ് ജിറാഫുകള്‍ ഗര്‍ഭം പേറുന്നത്. പ്രസവ സമയത്ത് ജിറാഫ് കുഞ്ഞിന്റെ മുന്‍ കാലുകളുടെ കുളമ്പ് ആണ് ആദ്യം പുറത്തുവരുന്നത്. തുടര്‍ന്ന് തല പുറത്തുവരും. കുഞ്ഞിന് ജന്മം നല്‍കുമ്പോള്‍ സാധാരണ അമ്മ ജിറാഫുമാര്‍ നില്‍ക്കുകയാവും. അതുകൊണ്ടുതന്നെ കുഞ്ഞ് പൂര്‍ണ്ണമായും പുറത്തെത്തുമ്പോള്‍ തറയിലേക്ക് വീഴും.

ജനനസമയത്ത് തന്നെ കുഞ്ഞു ജിറാഫിന് ആറടി ഉയരമുണ്ടാവും. അമ്മ ജിറാഫിന്റെ പ്ലാസന്റ പൊട്ടുന്നതിന് അനുസരിച്ചാണ് പ്രസവം ആരംഭിക്കുക. തുടര്‍ന്ന് മുന്‍കാലുകള്‍ പുറത്തുചാടും. 20 മുതല്‍ 30 മിനുട്ട് സമയം വരെയാണ് പ്രസവത്തിനായി എടുക്കുന്നത്.

ജനിച്ചുകഴിഞ്ഞാല്‍ ആദ്യ സമയങ്ങളില്‍ അമ്മ കുഞ്ഞിന് ആവശ്യമായ പരിചരണങ്ങള്‍ നല്‍കും. എണീറ്റ് നില്‍ക്കാന്‍ പ്രോത്സാഹിപ്പിക്കും. ശരീരം മുഴുവന്‍ നക്കിത്തുടച്ച് വൃത്തിയാക്കും. ജനിച്ച് പത്ത് മിനുട്ടിനുള്ളില്‍ കുഞ്ഞു ജിറാഫിന് എണീറ്റ് നില്‍ക്കാനാവും.

അരമണിക്കൂറിനുള്ളില്‍ തനിയെ ഓടാനും പ്രാപ്തനാവും. ആദ്യ നാല് മാസം മാത്രമാണ് കുഞ്ഞുങ്ങളുടെ പരിചരണം അമ്മ നോക്കുക. ഈ സമയത്ത് ഇലകള്‍ മാത്രമാവും ഭക്ഷണം. തുടര്‍ന്നാവും കട്ടിയേറിയ ഭക്ഷണം തിന്നാന്‍ കുഞ്ഞ് പ്രാപ്തനാവുക എന്നും അനിമല്‍ അഡ്വഞ്ചര്‍ പാര്‍ക്ക് അധികൃതര്‍ പറയുന്നു.

പ്രസവത്തിന് തയ്യാറായ ഏപ്രിലിന്റെ തത്സമയ വീഡിയോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News