കൊട്ടിയൂർ പീഡനം; പെൺകുട്ടിയുടെ പ്രായം മറച്ചുവച്ചത് വീട്ടുകാർ എന്നു ആശുപത്രി അധികൃതർ; ക്രിസ്തു രാജ് ആശുപത്രിയുടെ ന്യായീകരണം

കണ്ണൂർ: കൊട്ടിയൂരിൽ വികാരിയച്ചന്റെ പീഡനത്തിനിരയായി പതിനാറുകാരി പ്രസവിച്ച സംഭവത്തിൽ ന്യായീകരണവുമായി പ്രസവം നടന്ന ആശുപത്രി അധികൃതർ. പെൺകുട്ടിയുടെ പ്രായം മറച്ചുവച്ചത് വീട്ടുകാർ തന്നെയാണെന്നാണ് ക്രിസ്തു രാജ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. പെൺകുട്ടിയുടെ പ്രായമോ പ്രസവം നടന്ന വിവരമോ മറച്ചുവച്ചിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പെൺകുട്ടിക്ക് 18 വയസ് ആയെന്നു വീട്ടുകാർ പറഞ്ഞതു കൊണ്ടാണ് പ്രസവം എവിടെയും അറിയിക്കാതിരുന്നതെന്ന് തൊക്കിലങ്ങാടി ക്രിസ്തു രാജ് ആശുപത്രി അധികൃതർ അറിയിച്ചു.

അച്ഛനും അമ്മയ്ക്കും ഒപ്പമാണ് പെൺകുട്ടി ആശുപത്രിയിൽ എത്തിയതെന്നു ആശുപത്രി അധികൃതർ പറയുന്നു. ഫെബ്രുവരി ഏഴിന് ആദ്യമായി അത്യാഹിത വിഭാഗത്തിലെത്തുമ്പോൾ അമ്മയാണ് കൂടെയുണ്ടായിരുന്നത്. വയറുവേദന എന്നു പറഞ്ഞാണ് പെൺകുട്ടി ആദ്യമായി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വരുന്നത്. ഡ്യൂട്ടി ഡോക്ടറുടെ വിശദമായ പരിശോധനയിലാണ് പ്രസവവേദനയാണെന്ന് മനസിലായത്. ഉടൻ തന്നെ ലേബർ റൂമിൽ പ്രവേശിപ്പിക്കുകയും പെൺകുട്ടി സാധാരണ പ്രസവത്തിലൂടെ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.

പ്രസവം കഴിഞ്ഞ് പിതാവും എത്തി. 18 വയസ്സായി പെൺകുട്ടിക്ക് എന്നു പറഞ്ഞതിനാൽ 13ന് കുട്ടിയുടെ ജനനം മുൻസിപ്പാലിറ്റിയിൽ റജിസ്റ്റർ ചെയ്യുകയും ചെയ്തു. വിവാഹം കഴിച്ചിട്ടില്ലെന്നു മാതാപിതാക്കൾ പറഞ്ഞതിനെ തുടർന്ന് രജിസ്റ്ററിൽ അവിവാഹിത എന്നാണ് രേഖപ്പെടുത്തിയത്. പത്താം തിയ്യതി ചൈൽഡ് ലൈൻ പ്രവർത്തകർ ആശുപത്രിയിൽ എത്തി വിശദവിവരങ്ങൾ ചോദിച്ചപ്പോഴാണ് 18 വയസ് പൂർത്തിയാകാൻ ഏതാനും മാസങ്ങൾ കൂടിയുണ്ടെന്ന് വ്യക്തമായതെന്നും ആശുപത്രി വിശദീകരിക്കുന്നു.

സാധാരണ പ്രസവമായതിനാൽ സാധാരണ ശുശ്രൂഷകൾ നൽകി പ്രസവം നടന്ന് രണ്ടാം ദിവസം ഡിസ്ചാർജ് ചെയ്ത് പോവുകയായിരുന്നു. പെൺകുട്ടിയെ ഡിസ്ചാർജ് ചെയ്യുന്നതിന് ഒരു ദിവസം മുൻപ് കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തിരുന്നു. കുഞ്ഞുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാതാപിതാക്കൾ ആശുപത്രിയുമായി പങ്കുവച്ചിരുന്നില്ല. പെൺകുട്ടിയെ ആശുപത്രിയിൽ അഡ്മിറ്റ് ആക്കുന്ന സമയം മുതൽ ഡിസ്ചാർജ് ചെയ്തു പോകുന്നതു വരെ എല്ലാ കാര്യങ്ങൾക്കും മുൻകൈ എടുത്തത് പെൺകുട്ടിയുടെ മാതാപിതാക്കൾ തന്നെ ആയിരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel