ഫാദർ റോബിൻ കൂടുതൽ പെൺകുട്ടികളെ ലൈംഗികചൂഷണം നടത്തി? വിദേശത്തേക്ക് അയച്ച പെൺകുട്ടികളെയും ലൈംഗികചൂഷണം നടത്തിയതായി സംശയം; വിദേശത്തെത്തിച്ചത് ഇരുപതോളം ദരിദ്ര പെൺകുട്ടികളെ

കണ്ണൂർ: കൊട്ടിയൂരിൽ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പള്ളി വികാരി ഫാദർ റോബിൻ വടക്കുഞ്ചേരി കൂടുതൽ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതായി പൊലീസിനു സംശയം. കൊട്ടിയൂർ മേഖലയിൽ നിന്നു കുറച്ചു പെൺകുട്ടികളെ ഫാദർ റോബിൻ വിദേശത്ത് ജോലിക്കായി പോകാൻ സഹായിച്ചിരുന്നു. ഈ പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനു വിധേയരാക്കിയിട്ടുണ്ടോ എന്ന കാര്യമാണ് പൊലീസ് അന്വേഷണ വിധേയമാക്കുന്നത്. ഫാദർ റോബിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്താൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കൂ. ഇതിനായി റിമാൻഡിൽ കഴിയുന്ന വൈദികനെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് രണ്ടു ദിവസത്തിനകം കസ്റ്റഡിയിൽ ലഭിക്കുന്നതിനായി അപേക്ഷ നൽകും.

ഇരുപതോളം പെൺകുട്ടികളെയാണ് ഫാദർ റോബിൻ വിദേശത്ത് പോകാൻ സഹായിച്ചിരുന്നത്. എല്ലാം ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളാണ്. ഈ കുട്ടികളെയും ലൈംഗികചൂഷണത്തിനു ഇരയാക്കിയിട്ടുണ്ടോ എന്ന കാര്യമാണ് അന്വേഷിക്കുന്നത്. അതേസമയം, പ്ലസ് വൺ വിദ്യാർത്ഥിനിയായ പതിനാറുകാരി ഗർഭിണിയായതും പ്രസവിച്ചതും മറച്ചുവയ്ക്കാൻ അച്ചനെ സഹായിച്ചവരും കുടുങ്ങും. പെൺകുട്ടി ഗർഭിണിയായെന്നറിഞ്ഞതോടെ രക്ഷിതാക്കളെ പള്ളിയിൽ വിളിച്ചുവരുത്തി നടത്തിയ ഒത്തുതീർപ്പു ചർച്ചയിലെ സഭയിലെ പല പ്രമുഖരും പങ്കെടുത്തിരുന്നതായാണ് വിവരം. കേസ് ഒതുക്കിത്തീർക്കുന്നതിനാണ് ചർച്ച നടത്തിയത്. ഈ ചർച്ചയിൽ പങ്കെടുത്ത പ്രമുഖരെല്ലാം കുടുങ്ങും.

പെൺകുട്ടിയെ പള്ളിയിൽ വച്ചാണ് ആദ്യം പീഡിപ്പിച്ചത്. ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി പിന്നീടും പലതവണ പീഡിപ്പിച്ചു. ഒടുവിൽ ഗർഭിണിയായതോടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. മകളുടെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാൻ പിതാവിനു 10 ലക്ഷം നൽകി സമ്മതിപ്പിക്കുകയായിരുന്നു. എന്നാൽ, കുഞ്ഞിന്റെ പിതൃത്വം ഫാ.റോബിൻ ഏറ്റെടുക്കണമെന്ന ഉറച്ച നിലപാടിൽ നിന്ന പെൺകുട്ടി പറഞ്ഞ് വിവരമറിഞ്ഞ സഹപാഠികളാണ് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിച്ചത്.

പെൺകുട്ടി പ്രസവിച്ച ക്രിസ്തുരാജ ആശുപത്രിയിലെ ബില്ലടച്ചതും ഫാ.റോബിൻ ആയിരുന്നെന്നു വ്യക്തമായിട്ടുണ്ട്. ആശുപത്രിയിലുണ്ടായിരുന്ന പള്ളിജീവനക്കാരിയാണ് കുഞ്ഞിനെ വയനാട്ടിൽ കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിലേക്കു മാറ്റിയതെന്നും സൂചന ലഭിച്ചു. പീഡനവിവരം പുറത്തായതോടെ ഫാ.റോബിനെ സഹായിക്കാൻ ഇടവകയിലെ ചില പ്രമുഖർ ശ്രമിച്ചതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കേസിൽ ഫാ.റോബിൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ബലാൽസംഗം, കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here