ഉച്ചഭക്ഷണത്തിന് ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്ര നടപടി വിചിത്രം; അനിവാര്യമായ ഉത്തരവാദിത്വത്തില്‍ സാങ്കേതിക തടസം സൃഷ്ടിക്കും; കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വര്‍ദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം : സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കഴിക്കാനും ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി വിചിത്രവും അപഹാസ്യവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ തീരുമാനത്തിനു പിന്നിലെ ചേതോവികാരം മനസ്സിലാക്കാന്‍ പ്രയാസമുണ്ടെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്താനാണ് നീക്കമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് ഉച്ചഭക്ഷണം നല്‍കുന്നത്. അതിന്റെ സുതാര്യതയിലും കാര്യക്ഷമതയിലും ആധാറിന് എന്താണ് കാര്യമെന്നും മുഖ്യമന്ത്രി ചോദിച്ചു. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നത് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ അനിവാര്യമായ ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

ഉത്തരവാദിത്വത്തില്‍ സാങ്കേതിക തടസ്സം സൃഷ്ടിക്കാനേ തീരുമാനം ഇടയാക്കൂ. രാജ്യത്ത് 13.16 കോടി കുട്ടികളില്‍ 11.50 ലക്ഷം സ്‌കൂളുകളിലായി 10.03 കോടി കുട്ടികള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളാണെന്നാണ് കണക്ക്. ഈ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നത് അവര്‍ വിദ്യാര്‍ത്ഥികളാണ് എന്നതുകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാചക വാതക സബ്‌സിഡിയില്‍ വെള്ളം ചേര്‍ത്ത രീതിയില്‍ ഉച്ചഭക്ഷണത്തിലും കൈവെക്കുന്നത് സ്‌കൂളുകളില്‍ നിന്നുള്ള കൊഴിഞ്ഞു പോക്കിന്റെ തോത് വര്‍ധിപ്പിക്കാനിടയാക്കും. വിദ്യാഭ്യാസ പുരോഗതിക്ക് തടസ്സമാകുന്ന ഈ തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News