ഷാർജയിൽ ലേബർ ക്യാംപിൽ തീപ്പിടുത്തം; നൂറോളം തൊഴിലാളികൾ കുടുങ്ങി; ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടം; ഒഴിവായത് വൻദുരന്തം

ഷാർജ: ഷാർജയിൽ ലേബർ ക്യാംപിൽ ഉണ്ടായ തീപ്പിടുത്തത്തിൽ വൻ നാശനഷ്ടം. താൽക്കാലിക ലേബർ ക്യാംപായി കെട്ടിയുണ്ടാക്കിയ കാരവനുകളിലാണ് തീപ്പിടുത്തം ഉണ്ടായത്. നൂറോളം തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. ഭൂരിഭാഗം തൊഴിലാളികളും ജോലിക്കു പോയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ജീവനക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കളും നിരവധി രേഖകളും ലാപ്‌ടോപ്പും പണവും തീപ്പിടുത്തത്തിൽ കത്തിനശിച്ചു. ഷാർജ പൊലീസും സിവിൽ ഡിഫൻസും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. ടാൻസാനിയ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്.

15 റൂമുകൾ വീതമുള്ള ആറു ക്യാംപുകൾ പൂർണമായും കത്തിനശിച്ചു. ഓരോ റൂമിലും നാലു തൊഴിലാളികൾ വീതമാണ് താമസിച്ചിരുന്നത്. ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജിലെ തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം പ്രാദേശിക സമയം രാവിലെ 10.30ഓടെയാണ് തീപ്പിടുത്തം ഉണ്ടായത്. ഈസമയം, മിക്ക ആളുകളും ജോലിസ്ഥലത്തായിരുന്നു. അവധിക്കു നാട്ടിൽ പോകുമ്പോൾ കൊണ്ടുപോകാനായി സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ എല്ലാം നഷ്ടപ്പെട്ടതായി തൊഴിലാളികൾ പറഞ്ഞു. ഏകദേശം 25,000 ദിർഹം വരെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.

ക്യാംപിലെ അടുക്കള ഭാഗത്താണ് ആദ്യം തീപിടിച്ചതെന്നാണ് കരുതുന്നത്. ഇത് പിന്നീട് നിരവധി പാചകവാതക സിലിണ്ടറുകൾ പൊട്ടിത്തെറിക്കാൻ കാരണമായി. അങ്ങനെയാണ് തീ, കൂടുതൽ സ്ഥലങ്ങളിലേക്കു പടർന്നത്. ഹെറിറ്റേജ് ഇൻസ്റ്റിറ്റ്യൂട്ട് പുതിയ ക്യാംപുകൾ നിർമിക്കാൻ ആരംഭിച്ചിട്ടുണ്ട്. തീപിടിക്കുമ്പോൾ സംഭവസ്ഥലത്തുണ്ടായിരുന്ന പലരും സ്വന്തം വിലപിടിപ്പുള്ള വസ്തുക്കൾ സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും തീ പടർന്നതിനാൽ സാധിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News