ഭരണഘടന സംരക്ഷിക്കുക; ഫാസിസത്തെ ചെറുക്കുക

അനേക ദശകങ്ങളിലെ സമത്വത്തിനും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള സ്ത്രീയുടെ പോരാട്ടത്തിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്നും മാര്‍ച്ച് എട്ട് സാര്‍വദേശീയ മഹിളാദിനമായി ആഘോഷിക്കുന്നത്. വര്‍ഗസമരത്തിന്റെ ഭാഗമായി സ്ത്രീസമൂഹം മുന്നേറാനും പോരാടാനും തയാറായ ചരിത്രത്തിന്റെ ഓര്‍മയ്ക്കാണ് മാര്‍ച്ച് എട്ട് നിലകൊള്ളുന്നത്.

1907ല്‍ സ്റ്റൂട്ട്ഗാര്‍ട്ടില്‍ ക്ലാര സെതിങ്ങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സോഷ്യലിസ്റ്റ് വനിതകളുടെ പ്രഥമസമ്മേളനത്തില്‍ സ്ത്രീകള്‍ വോട്ടവകാശത്തിന് വേണ്ടി പോരാടണമെന്ന പ്രമേയം അംഗീകരിച്ചു. പക്ഷേ ഇതത്ര എളുപ്പമായിരുന്നില്ല. സ്വത്തുടമകളായ പുരുഷന്മാര്‍ക്ക് മാത്രമേ വോട്ടവകാശമുണ്ടായിരുന്നുള്ളു. മുഴുവന്‍ സ്ത്രീകള്‍ക്കും വോട്ടവകാശം എന്നതിന് പകരം സ്വത്തുള്ള സ്ത്രീകള്‍ക്ക് മതി വോട്ടവകാശമെന്ന് സമ്പന്നരും വാദിച്ചിരുന്നു. എന്നാല്‍ ‘സ്ത്രീകളുടെ വോട്ടവകാശത്തിനുള്ള ക്യാമ്പയിന്‍ സ്ത്രീപുരുഷ സമത്വത്തിന്റേയും സോഷ്യലിസത്തിന്റേയും തത്വം പൂര്‍ണമായും ഉയര്‍ത്തിപ്പിടിക്കേണ്ടതാണെന്നും തത്വങ്ങളെ അവസരവാദപരമായി വളച്ചൊടിച്ചാല്‍ അത് പ്രസ്ഥാനത്തിന് തന്നെ തിരിച്ചടിയായിരിക്കുമെന്നും സ്ത്രീകളുടെ വോട്ടവകാശത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ഉറച്ചുനില്‍ക്കണമെന്നും’ സോഷ്യലിസ്റ്റ് വനിതകള്‍ ശക്തിയായി വാദിക്കുകയും അവസരവാദികളെ തോല്‍പിച്ചുകൊണ്ട് പ്രമേയം അവതരിപ്പിച്ച് പാസാക്കുകയും ചെയ്തു.

അമേരിക്കയിലെ സ്ഥിതിസമത്വവാദികളായ തയ്യല്‍സൂചി നിര്‍മാണ തൊഴിലാളികളാണ് ആദ്യത്തെ വനിതാദിനത്തിന് തുടക്കം കുറിക്കുന്നത്. 1908 മാര്‍ച്ച് 8ന് ഇവര്‍ അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലൂടെ വോട്ടവകാശത്തിന് വേണ്ടിയും കുറഞ്ഞ മണിക്കൂര്‍ ജോലിക്കും മെച്ചപ്പെട്ട വേതനത്തിനും വേണ്ടിയും മാര്‍ച്ച് നടത്തി. ‘ബ്രഡ് ആന്‍ഡ് റോസസ്’ (അപ്പവും പനിനീര്‍പുഷ്പവും) എന്ന മുദ്രാവാക്യമായിരുന്നു അവര്‍ ഉന്നയിച്ചത്. ബ്രഡ് സാമ്പത്തിക സുരക്ഷയുടെ പ്രതീകവും റോസാപ്പൂവ് നല്ല ജീവിതത്തിന്റെ പ്രതീകവുമായിരുന്നു. അടുത്ത വര്‍ഷവും അവിടെ വസ്ത്രരംഗത്തെ തൊഴിലാളികളുടെ ഗംഭീരസമരമായിരുന്നു. മുപ്പതിനായിരത്തോളം സ്ത്രീതൊഴിലാളികള്‍ പതിമൂന്നാഴ്ച തങ്ങളുടെ അവകാശങ്ങള്‍ ഉന്നയിച്ച് കൊടുംതണുപ്പില്‍ പോരാടുകയായിരുന്നു.

womens-day-7

പിന്നീട് ഈ സ്ത്രീപോരാട്ടത്തിന്റെ ഓര്‍മയില്‍ സ്ത്രീതൊഴിലാളികളുടെ ചരിത്രവും പാരമ്പര്യവും നിലനിര്‍ത്തുന്നതിന് മാര്‍ച്ച് എട്ട് വനിതാദിനമായി കൊണ്ടാടാന്‍ 1910ല്‍ കോപ്പന്‍ ഹേഗില്‍ ചേര്‍ന്ന വനിതകളുടെ രണ്ടാം ഇന്റര്‍നാഷണല്‍ സമ്മേളനം തീരുമാനമെടുത്തു. അന്ന് മുതല്‍ സാര്‍വദേശീയ മഹിളാദിനം സ്ത്രീകള്‍ക്ക് നേരെയുള്ള അനീതിക്കെതിരെയും ചൂഷണത്തിനെതിരെയുമുള്ള സമരദിനമായി ആചരിച്ചുവരുന്നു. ഈ ദിനത്തില്‍ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍(എന്‍എഫ്‌ഐഡബ്ല്യു) കേരള മഹിളാസംഘവും സ്ത്രീകളോട് ആവശ്യപ്പെടുന്നത് നമ്മുടെ ഭരണഘടന സംരക്ഷിക്കുവാനും ഫാസിസത്തെ ചെറുത്തു തോല്‍പിക്കുവാനുമാണ്.
1947 ഓഗസ്റ്റ് 15ന് നമുക്ക് സ്വാതന്ത്ര്യം ലഭിക്കുകയും 1949 നവംബര്‍ 26ന് നമുക്ക് ഒരു ഭരണഘടനയുണ്ടാവുകയും ചെയ്തു.

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ ഇവിടെ ജനിച്ചു ജീവിക്കുന്ന ഓരോ പൗരനും അവകാശങ്ങള്‍ നല്‍കുന്നുണ്ട്. ഇന്ത്യന്‍ ജനത ഇന്ത്യയെ ഒരു പരമാധികാര മതേതരത്വ, ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി രൂപീകരിക്കാനും എല്ലാ പൗരന്മാരേയും പരിരക്ഷിക്കാനും സ്വയം സമര്‍പ്പിതമായ തീരമാനം എടുത്തു എന്നാണ് ഭരണഘടന തുടങ്ങുന്നത്. ഭരണഘടന വാഗ്ദാനം ചെയ്ത കടമകള്‍ ഏറ്റെടുക്കുമെന്ന് പ്രതിജ്ഞ ചെയ്തിട്ടാണ് നരേന്ദ്രമോഡിയും 2014 മെയ് മാസത്തില്‍ അധികാരമേറ്റെടുത്തത്. എന്നാല്‍ ഇവര്‍ ഭരണഘടനയുടെ ശിലകള്‍ ഓരോന്നായി അടര്‍ത്തിയെടുത്ത്, വര്‍ഗീയതയുടെ വിഷം പുരട്ടി ജനങ്ങളുടെ മുമ്പിലേയ്ക്ക് വലിച്ചെറിയുന്ന കാഴ്ചയാണ് ഈ ഭരണവര്‍ഷങ്ങളിലൂടെ നാം കണ്ടുകൊണ്ടിരിക്കുന്നത്. മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഭരണഘടന നിലനില്‍ക്കുമ്പോഴാണ് ഹൈന്ദവവികാരം ഉണര്‍ത്തി ന്യൂനപക്ഷങ്ങള്‍ക്കെതിരെ നുണകള്‍ സൃഷ്ടിച്ച് വര്‍ഗീയ കലാപങ്ങളിലൂടെ ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവ് ഭരണാധികാരികള്‍ സൃഷ്ടിക്കുന്നത്.

womens-day-5
ഭരണഘടന തന്നെ നമുക്കില്ലാതാവുന്ന ഒരു ചരിത്രസന്ദര്‍ഭം കൂടിയാണിത്. 125 കോടി മനുഷ്യരില്‍ 95 ശതമാനത്തെയും തിരസ്‌കരിച്ചുകൊണ്ട് അവരെയൊക്കെ കടുത്ത ചൂഷണത്തിന് വിധേയമാക്കികൊണ്ടുള്ള മൂലധനത്തിന്റെ അധിനിവേശത്തിന് ഇന്ത്യന്‍ ഭരണ അനുവദിക്കുന്നില്ലാ എന്നു മാത്രമല്ല ഭരണഘടനാവിരുദ്ധവുമാണ്. ഇന്ത്യന്‍ ഭരണഘടനയിലൂടെ ജനങ്ങള്‍ സ്ഥാപിച്ച ശിലകളാണ് ജനാധിപത്യവും പരമാധികാരവും സോഷ്യലിസവും മതേതരത്വവുമെല്ലാം. ‘ജനങ്ങളുടെ ഭരണകൂട’മെന്ന പ്രയോഗത്തിന്റെ പൊരുള്‍ ‘ജനക്ഷേമം’ തങ്ങളുടെ കടമയായി ഏറ്റെടുത്തിട്ടുള്ള ഒരു ഭരണകൂടമെന്നാണ്. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ നടത്തുന്ന ജനങ്ങളുടെ ഭരണം. മോഡി ഭരണംകൊണ്ട് തന്നെ അതിലെ ‘ജനങ്ങള്‍’ അടര്‍ന്നുപോയിരിക്കുന്നു.

ജനങ്ങള്‍ക്കുപകരം കോര്‍പ്പറേറ്റുകള്‍ എന്ന് ചേര്‍ക്കപ്പെടേണ്ട സാഹചര്യം വന്നിരിക്കുന്നു. ഭരണകൂടത്തിന് സാമൂഹിക കടമകളില്ലാതായിരിക്കുന്നു. ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ സംരക്ഷിക്കുക ഇതൊന്നും തങ്ങളുടെ കടമകളല്ലെന്ന് തെളിയിക്കുന്ന രീതിയിലാണ് മോഡി സര്‍ക്കാരിന്റെ ഓരോ നടപടികളും. ഭരണഘടനയെയും ജനാധിപത്യ അവകാശങ്ങളേയും ലംഘിച്ചുകൊണ്ടായിരുന്നു അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടു നിരോധനം. ഇന്ത്യയിലെ പാവപ്പെട്ട സാധാരണ മനുഷ്യരുടെ ജീവിതം നിശ്ചലമാക്കിയ നടപടിയായിരുന്നു അത്. സ്ത്രീകള്‍ തൊഴിലില്ലാതെ, പണമില്ലാതെ പട്ടിണിയും പരിവട്ടവുമായി കഴിയേണ്ടിവന്നു. ജനങ്ങളുടെ മൗലികാവകാശങ്ങള്‍ക്കെതിരായി ഭരണകൂടത്തിന്റേയും മൂലധനശക്തികളുടേയും അധിനിവേശമായിരുന്നു അത്. ഈ നടപടികള്‍ ജനാധിപത്യരഹിതവും പൗരാവകാശ ലംഘനവുമായിരുന്നു.

തങ്ങളുടെ ഭരണകാലത്ത് വലിയ ശതമാനം ജിഡിപി വളര്‍ച്ച കൈവരിച്ച് ലോകത്തിന്റെ നെറുകയില്‍ വിരാജിക്കുകയാണ് ഭാരതം എന്നു പറയുന്ന മോഡി സര്‍ക്കാരിന്റെ കാലത്ത് യൂനിസെഫിന്റേയും നാഷണല്‍ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തില്‍ അമ്പത്തിമൂന്ന് ശതമാനത്തോളം വരുന്ന സ്ത്രീകള്‍ ഒരുനേരം വയറുനിറയെ ആഹാരം കഴിക്കാനില്ലാത്തവരാണ്. ആഗോള ദാരിദ്ര്യ ഇന്‍ഡക്‌സിലും ഇന്ത്യ മുന്നില്‍ത്തന്നെയാണ്. പോഷകാഹാരം ലഭിക്കാത്ത ലോകത്തിലെ മൂന്നിലൊന്ന് കുട്ടികളും ഇന്ത്യയിലാണെന്നുള്ള യൂണിസെഫിന്റെ റിപ്പോര്‍ട്ടും ഭരണാധികാരികള്‍ക്ക് അറിയാവുന്നതാണ്.

ദേശീയ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം യാതൊരു ആസ്തിയുമില്ലാത്ത, മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ കാല്‍കാശിന് വകയില്ലാത്ത 4.3 കോടി കുടുംബങ്ങള്‍ ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്‍എസ്എസ്ഒയുടെ 2016ലെ റിപ്പോര്‍ട്ട് പ്രകാരം നാല് കോടി കുഞ്ഞുങ്ങള്‍ പണിയെടുക്കുന്ന ലോകത്തിലെ ‘വികസിത രാഷ്ട്രമാണ് ഇന്ത്യ.’ ലോകസാമ്പത്തിക ഫോറത്തിന്റെ റിപ്പോര്‍ട്ടില്‍ നൂറ്റിനാല്‍പ്പത്തിരണ്ട് രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ സ്ത്രീകള്‍ വിദ്യാഭ്യാസ നിലവാരത്തില്‍ 141ാ!ം സ്ഥാനത്തും ലിംഗസമത്വം ഇല്ലാത്ത കാര്യത്തിലും ഇന്ത്യ 142ല്‍ 114ാ!ം സ്ഥാനവുമാണലങ്കരിക്കുന്നത്. ലിംഗസമത്വം ഉറപ്പുതരുന്ന ഭരണഘടനയുള്ള രാജ്യത്താണ് സ്ത്രീകളുടെ ഈ അധോഗതി. ഇന്ത്യന്‍ സമൂഹത്തില്‍ വൈദിക പാരമ്പര്യത്തിന്റെ സവര്‍ണമൂല്യങ്ങളും മതാത്മകതയും പിതൃകേന്ദ്ര കുടുംബ വ്യവസ്ഥയും അധീശത്വം പുലര്‍ത്തുന്നു. ആഗോളവല്‍ക്കരണം സ്ത്രീപുരുഷസമത്വത്തിന് പകരം സമ്പത്തും അധികാരവും കൈയടക്കാന്‍ ആണ്‍കോയ്മക്ക് അവസരം കൊടുക്കുന്നു.

മുതലാളിത്വത്തിന്റേയും ബൂര്‍ഷ്വാ ജനാധിപത്യത്തിന്റേയും മൂല്യങ്ങള്‍ പുരുഷാധിപത്യത്തെ തിരസ്‌കരിക്കുന്നതിന് പകരം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. സ്ത്രീകളുടെ അന്തസും അഭിമാനവും ഉയര്‍ത്തിപ്പിടിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നത് ഭരണാധികാരികളുടെ കടമയാണെന്ന് ഓര്‍മിപ്പിക്കുന്ന ഭരണഘടനയുള്ള രാജ്യമാണ് ഇന്ത്യ. സ്ത്രീയേയും പുരുഷനേയും മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുത്തി തുല്യാവകാശം നല്‍കുന്നു. സ്ത്രീയായതുകൊണ്ട് അവള്‍ക്കെതിരെ യാതൊരു വിവേചനവും പാടില്ലാ എന്ന് നിഷ്‌കര്‍ഷിക്കുന്നു. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി പ്രത്യേക നിയമനിര്‍മാണം നടത്താന്‍ പോലും ഭരണഘടന അനുഛേദം 15(3) ഭരണകൂടത്തിന് അനുമതി നല്‍കുന്നു. എന്നാല്‍ ഇന്ന് ഭരണഘടന പോലും വലിയ വെല്ലുവിളികളെ നേരിടുന്നു.

ഇന്ത്യന്‍ ഭരണഘടനയെ, രാഷ്ട്രസംവിധാനത്തെ എല്ലാം ഫാസിസ്റ്റ് വല്‍ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇതിന്റെയൊക്കെ ഭാഗമായി സ്ത്രീകള്‍ക്കിടയില്‍ സാമൂഹികവും സാമ്പത്തികവും ലൈംഗികവുമായുള്ള പീഡനങ്ങള്‍, അരക്ഷിതാവസ്ഥ എന്നിവ വളര്‍ത്തിയതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ നേരിട്ട് ചുമതലയുള്ള 1484 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഡല്‍ഹി സംസ്ഥാനത്ത് 2016ല്‍ റിപ്പോര്‍ട്ട് ചെയ്തത് 2155 ബലാല്‍സംഗ കേസുകളും 4165 സ്ത്രീപീഡന കേസുകളുമാണ്. 2017 ജനുവരിയില്‍ മാത്രം 140 ബലാല്‍സംഗ കേസുകള്‍. മാത്രമല്ല ആദിവാസി, ദളിത് സ്ത്രീകള്‍ സംഘപരിവാറിന്റേയും ആര്‍എസ്എസിന്റേയും കൊടിയ പീഡനങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ പ്രതികള്‍ക്ക് എതിരെ ഒരു ചെറുവിരലനക്കാന്‍ പോലും ബിജെപി സര്‍ക്കാറുകള്‍ തയാറാവുന്നില്ല.

ഹരിയാനയിലെ മേവാദില്‍ ബിരിയാണിയില്‍ ഗോമാംസം കലര്‍ന്നെന്ന തെറ്റായ ആരോപണമുന്നയിച്ച് പെണ്‍കുട്ടികളെ ബലാല്‍സംഗത്തിനിരയാക്കി. ഗുജറാത്തിലെ ഉനയില്‍ നാല് ദളിത് യുവാക്കളെ അവരുടെ പരമ്പരാഗത തൊഴിലായ പശുവിന്റെ തോല്‍ ഉരിച്ചതിന് പട്ടാപ്പകല്‍ ബന്ധനസ്ഥരാക്കി പരസ്യമായി ക്രൂരമായ മര്‍ദനത്തിനിരയാക്കി. ഇതിനെതിരെ ശക്തമായ ജനമുന്നേറ്റമുണ്ടായി. വര്‍ഗീയ ഫാസിസ്റ്റുകളുടെ പ്രധാനപ്പെട്ട അജന്‍ഡ ന്യൂനപക്ഷ വേട്ടയായിരിക്കയാണ്. ‘ദേശീയത’ എന്ന കപട രാഷ്ട്രീയം ഹിന്ദുത്വ രാഷ്ട്ര നിര്‍മിതിയുടെ പ്രത്യയശാസ്ത്രമാക്കി മാറ്റിയിരിക്കുകയാണ്. സ്ത്രീസ്വത്വത്തെ തകര്‍ക്കുകയും ജനാധിപത്യപരമായ അവകാശങ്ങളെ അവഗണിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി സ്ത്രീപുരുഷ സമതവവും സാമൂഹിക നീതിയും അകലെയാവുന്നു. ഹിന്ദുവിന് മാത്രമേ ദേശസ്‌നേഹിയാവാന്‍ കഴിയുകയുള്ളു എന്ന ഒരു മുന്‍വിധിയോടെയാണ് ഹിന്ദുത്വവാദികള്‍ മറ്റുള്ളവരെ കാണുന്നത്.

ഫാസിസ്റ്റ് ശക്തികള്‍ ചിന്താസ്വാതന്ത്ര്യത്തിന് നേരേയും കടന്നാക്രമണം നടത്തുകയാണ്. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, ഹൈദരാബാദ് യൂണിവേഴ്‌സിറ്റി, പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, ബറോഡയിലെ എംഎസ് യൂണിവേഴ്‌സിറ്റിയിലെ ഫൈന്‍ ആര്‍ട്ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്, ഡല്‍ഹി യൂണിവേഴ്‌സിറ്റി എന്നിവ പോലുള്ള രാജ്യത്തെ മികച്ച സ്ഥാപനങ്ങള്‍ക്ക് നേരെ ആസൂത്രിതമായ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നു. മികവൊന്നും അവകാശപ്പെടാനില്ലാത്ത ആര്‍എസ്എസ് വിശ്വസ്തരെ സ്ഥാപന മേധാവികളായി നിയമിക്കുന്നു.

womens-day-6

നരേന്ദ്ര ധാബോല്‍ക്കര്‍ക്കും, കല്‍ബുര്‍ഗിക്കും, ഗോവിന്ദ് പന്‍സാരെക്കും ചെറുത്തുനില്‍പ്പിന്റെ ഭാഗമായിട്ടാണ് ജീവന്‍ ബലികൊടുക്കേണ്ടി വന്നത്. അവര്‍ ശാസ്ത്രബോധത്തിലും യുക്തിചിന്തയിലും വിട്ടുവീഴ്ച ചെയ്യാന്‍ തയാറായില്ല. ചരിത്രകാരനായ ഡോ. കെ എന്‍ പണിക്കരെപോലുള്ളവര്‍ക്കുപോലും ‘ടുവേര്‍ഡ്‌സ് ഫ്രീഡം’ എന്ന പുസ്തകരചനയ്ക്ക് വിലക്ക് വീണു. ചലച്ചിത്രരംഗത്ത് കമലഹാസന്‍, ശബാനാ ആസ്മി, ദീപാമേത്ത എന്നിവരും അസഹിഷ്ണുതയ്ക്ക് ഇരയാകേണ്ടി വന്നു. സാഹിത്യരംഗത്ത് യു ആര്‍ അനന്തമൂര്‍ത്തി മുതല്‍ പെരുമാള്‍ മുരുകന്‍ വരെയുള്ളവര്‍ക്ക് ഈ വര്‍ഗീയ വിദ്വേഷം അനുഭവിക്കേണ്ടി വന്നു. മരണശയ്യയിലായപ്പോഴാണ് അനന്തമൂര്‍ത്തിക്ക് പാകിസ്ഥാനിലേയ്ക്ക് പോകാനുള്ള ടിക്കറ്റ് വര്‍ഗീയഭ്രാന്തന്‍മാര്‍ അയച്ചുകൊടുത്തത്. പെരുമാള്‍ മുരുകന് എഴുത്ത് നിര്‍ത്തേണ്ടി വന്നു.

ജീര്‍ണമായ ചാതുര്‍വര്‍ണ്യവും വര്‍ണാശ്രമ ധര്‍മവും അടിസ്ഥാനമാക്കിയ സാമൂഹ്യക്രമം പുനഃസ്ഥാപിക്കുക എന്നതാണ് സംഘപരിവാറിന്റെ അജന്‍ഡ. ഇതെല്ലാം നടപ്പിലാക്കാന്‍ അധികാരത്തില്‍ വന്നവരാണ് നരേന്ദ്രമോഡിയുടെ ഭരണകൂടം. കൊലപാതകവും ബലാല്‍സംഗവും ഉള്‍പ്പെടെയുള്ള സംഘടിത കുറ്റകൃത്യങ്ങളിലൂടെ ഒരു വിഭാഗത്തിന്റെ എല്ലാ പ്രാകൃത വികാരങ്ങളെയും കയറൂരി വിട്ടുകൊണ്ടാണ് ഹിന്ദുത്വ ഫാസിസം പ്രവര്‍ത്തിക്കുന്നത്. യുപിയിലെ ഫാസിസ്റ്റുകള്‍ സ്ത്രീകള്‍ക്കെതിരെ നടത്തിയ അക്രമങ്ങളെ അപലപിക്കാന്‍ ഐക്യരാഷ്ട്രസഭ പോലും നിര്‍ബന്ധിതമായിത്തീര്‍ന്നു. സ്ത്രീസുരക്ഷ ഭീഷണി നേരിടുന്നു. പൊലീസും ഭരണകൂടവും സ്ത്രീവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നു.

ഇന്ത്യന്‍ ഭരണഘടനയ്ക്ക് അടിത്തറയാകേണ്ടിയിരിക്കുന്നത് മനുസ്മൃതിയാണ് എന്ന് വാദിക്കുന്നവരാണ് രാജ്യം ഭരിക്കുന്നവര്‍. പൂജിക്കാനുള്ള വിഗ്രഹങ്ങളും പ്രസവിക്കാനുമുള്ള ഉപകരണങ്ങളുമായാണ് സ്ത്രീകളെ അവര്‍ കാണുന്നത്. ശൂദ്രരെയും ചണ്ഡാളരെയും സ്ത്രീകളേയും അടിമസമാനരായി കാണുന്ന ജാതിയുടെ നീതിശാസ്ത്രം രേഖപ്പെടുത്തിയ മനുസ്മൃതിയെ അംഗീകരിക്കാത്ത ഇന്ത്യന്‍ ഭരണഘടനയെ ഇന്ന് ഇന്ത്യ ഭരിക്കുന്നവര്‍ക്ക് പുച്ഛമാണ്. മനുസ്മൃതിയും പുരുഷ സൂക്തവും പ്രയോഗിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെടുന്നു.

ദളിതര്‍ക്കും സ്ത്രീകള്‍ക്കും ക്ഷേത്രപ്രവേശനം നിഷേധിക്കാനും ഭരണഘടനാ ലംഘനങ്ങളാണിവയൊക്കെ. സ്ത്രീയെ അന്ധവിശ്വാസങ്ങളുടേയു അനാചാരങ്ങളുടേയും ഇരയാക്കാന്‍ പുതിയ ആചാരാനുഷ്ഠാനങ്ങള്‍ നിര്‍മിക്കുന്നു. ജാതിയുടെ കീഴിലുള്ള ഖാപ് പഞ്ചായത്തുകള്‍ സ്ത്രീസ്വാതന്ത്ര്യത്തെ നിഷേധിക്കുന്നു. ഒരു മതനിരപേക്ഷ രാഷ്ട്രം നിശബ്ദമായി ഇതെല്ലാം സഹിക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്കയുണര്‍ത്തുന്ന രീതിയില്‍ ഏകീകൃത സിവില്‍കോഡ് എന്ന പേരില്‍ ‘ഹിന്ദുസംഹിത’ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമവും നടത്തുകയാണ്.
ഭരണഘടന നല്‍കിയ സ്ത്രീകളുടെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പോരാട്ടങ്ങള്‍ ഇനിയും ശക്തമാക്കേണ്ടതുണ്ട്നമ്മള്‍ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത മഹത്തായ ഭരണഘടനയെ, മൗലിക അവകാശങ്ങളെ, ജനാധിപത്യത്തെ, സ്വാതന്ത്ര്യത്തെ സംരക്ഷിക്കാനും, ഇതിനെ ഇല്ലാതാക്കാന്‍ സവര്‍ണ ഹിന്ദുതീവ്രവാദത്തേയും, ബിജെപിയേയും സമ്മതിക്കില്ലാ എന്ന തുറന്ന പ്രഖ്യാപനമാണ് ഇന്ത്യന്‍ സ്ത്രീകള്‍ ഈ സാര്‍വദേശീയദിനത്തില്‍ നടത്തുന്നത്.

(ജനയുഗം ദിനപത്രത്തില്‍ എഴുതിയ ലേഖനം)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here