ശിവസേനയുടെ സദാചാര വേട്ട തടയാതിരുന്ന എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍; എട്ട് പൊലീസുകാരെ എആര്‍ ക്യാമ്പിലേക്ക് മാറ്റി; നാളെ ഡിവൈഎഫ്‌ഐയുടെ സ്‌നേഹ ഇരുപ്പ് സമരം

കൊച്ചി : മറൈന്‍ ഡ്രൈവിലെ സദാചാര ഗുണ്ടായിസ വിഷയത്തില്‍ എസ്‌ഐ അടക്കമുള്ള പൊലീസുകാര്‍ക്കെതിരെ കടുത്ത നടപടി. എറണാകുളം സെന്‍ട്രല്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. സ്റ്റേഷനിലെ എട്ട് പൊലീസുകാരെ എആര്‍ ക്യാംപിലേക്കും മാറ്റിയിട്ടുണ്ട്. ശിവസേനയുടെ സദാചാര ഗുണ്ടായിസം തടയുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി.

കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ ആണ് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്. പൊലീസുകാര്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് നേരത്തെ എറണാകുളം റേഞ്ച് ഐജി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സിറ്റി പൊലീസ് കമ്മിഷണര്‍ നടപടിയെടുത്തത്.

അതേസമയം ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്. സദാചാരവാദം ഉയര്‍ത്തി ആളുകളെ അക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് വ്യക്തമാക്കി. ന്നിച്ച് ഇരിക്കാനും സഞ്ചരിക്കാനുമുള്ള സ്വാതന്ത്ര്യം നമ്മുടെ രാജ്യത്തുണ്ടെന്നും ഡിവൈഎഫ്‌ഐ ഓര്‍മ്മിപ്പിച്ചു.

സദാചാര അക്രമം നടത്തുന്നവര്‍ പുരോഗമന സമൂഹത്തിന് അപമാനമാണ്. ഇത്തരത്തിലുള്ള അക്രമങ്ങള്‍ തുടര്‍ന്നാല്‍ ഡിവൈഎഫ്‌ഐക്ക് കൈയുംകെട്ടി നോക്കി നില്‍ക്കാനാവില്ല. മറൈന്‍ഡ്രൈവില്‍ അക്രമം നടത്തിയ മുഴുവന്‍ പേരേയും മാതൃകാപരമായി ശിക്ഷിക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

സദാചാര ഗുണ്ടായിസത്തീനെതിരെ ‘സൗഹാര്‍ദ്ദം സദാചാര വിരുദ്ധമല്ല, സദാചാര പോലീസ് നാടിനാവശ്യമില്ല’ എന്ന മുദ്രവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ സ്‌നേഹ ഇരുപ്പ് സമരം നടത്തും. വ്യാഴാഴ്ച രാവിലെ 10 മണിക്ക് മറൈന്‍ ഡ്രൈവിലാണ് പരിപാടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here