ഷാർജയിൽ മുന്നറിയിപ്പില്ലാതെ സൂപ്പർമാർക്കറ്റുകൾ അടച്ചുപൂട്ടി; മലയാളി തൊഴിലാളികൾ ദുരിതത്തിൽ; പൂട്ടിയത് മലയാളികളുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റുകൾ

ഷാർജ: ഷാർജയിൽ മലയാളികളുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന സൂപ്പർമാർക്കറ്റുകൾ പെട്ടെന്ന് ഒരു ദിവസം മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി. നല്ല രീതിയിൽ പ്രവർത്തിച്ചുവന്നിരുന്ന സൂപ്പർ മാർക്കറ്റുകൾ പെട്ടെന്ന് ഒരു ദിവസം ഒരു കാരണവുമില്ലാതെ അടച്ചുപൂട്ടുകയായിരുന്നു. ഇതേതുടർന്ന് അമ്പതോളം വരുന്ന മലയാളികളായ തൊഴിലാളികൾ ഇവിടെ ദുരിതം അനുഭവിക്കുകയാണ്. നേരാംവണ്ണം ഭക്ഷണം പോലും കഴിക്കാൻ ലഭിക്കാതെ കഷ്ടപ്പെടുകയാണെന്നും തൊഴിലാളികൾ പറയുന്നു.

നല്ലനിലയിൽ പ്രവർത്തിച്ചു വന്നിരുന്ന സൂപ്പർമാർക്കറ്റുകൾ ഒരു മുന്നറിയിപ്പുമില്ലാതെ പൂട്ടുകയായിരുന്നെന്നാണ് വിവരം. ഷാർജ, ദുബായ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്ന കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സൂപ്പർ മാർക്കറ്റുകളാണ് ആദ്യം പൂട്ടിയത്. ഈമാസം ആദ്യത്തിലായിരുന്നു ഇത്. ഇയാളുടെ ഉടമസ്ഥതയിലുള്ള നാലു സ്ഥാപനങ്ങളും പൂട്ടിപ്പോയി. ഉടമയെ വിളിച്ചിട്ടു കിട്ടുന്നുമില്ല. പാസ്‌പോർട്ടോ മറ്റു രേഖകളോ എടുക്കാനോ നാട്ടിൽ പോകാനോ പോലും ഇവർക്കു സാധിക്കുന്നുമില്ല. സൂപ്പർമാർക്കറ്റ് അടഞ്ഞുകിടക്കുന്നതിനാൽ ഭക്ഷണസാധനങ്ങളും എടുക്കാൻ സാധിക്കുന്നുമില്ല.

ഉടമസ്ഥൻ ശമ്പളം നൽകിയിട്ടില്ലാത്തതിനാൽ ഭക്ഷണത്തിനായി വളരെയേറെ ബുദ്ധിമുട്ടുന്നുണ്ടെന്നു തൊഴിലാളികൾ പറയുന്നു. ഉടമയെ വിളിച്ചിട്ടു കിട്ടുന്നില്ലെന്നും മുങ്ങിയതായി സംശയിക്കുന്നെന്നും ചൂണ്ടിക്കാട്ടി തൊഴിലാളികൾ തൊഴിൽമന്ത്രാലയത്തിനു പരാതി നൽകിയിട്ടുണ്ട്. ഇതിനിടയിൽ രണ്ടുതവണ താമസസ്ഥലത്തെ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചിരുന്നു. കെട്ടിടത്തിന്റെ ചുമതലയുള്ളയാളുടെ കാല് പിടിച്ചാണ് ഇത് തൽക്കാലം പുനഃസ്ഥാപിച്ചത്.

കുറേ പേർ ഇതിനകം നാട്ടിൽ പോയിരിക്കുകയാണ്. മറ്റുള്ളവർക്കാകട്ടെ ഇതിനും സാധിക്കുന്നില്ല. ഇവരുടെ പാസ്‌പോർട്ടും മറ്റു രേഖകളും സ്ഥാപനത്തിന്റെ പ്രധാന ഓഫിസിലാണുള്ളത്. മലയാളികൾക്കു പുറമെ ഒരു ഉത്തർപ്രദേശ് സ്വദേശിയും ദില്ലി സ്വദേശിയും ഫിലിപ്പൈൻ സ്വദേശികളായ നാലു സ്ത്രികളുമാണ് കട അടച്ചുപൂട്ടിയതിനാൽ താമസം, ഭക്ഷണം എന്നിവയ്ക്കായി ഇവിടെ ബുദ്ധിമുട്ടുന്നത്.

അടച്ചുപൂട്ടുന്ന വിവരം നേരത്തെ ജോലിക്കാരെ അറിയിക്കുകയും ചെയ്തിരുന്നില്ല. പക്ഷേ, പൂട്ടുന്നതിനു മുമ്പുള്ള ദിവസങ്ങളിൽ സ്ഥാപനങ്ങളിൽ സാധനങ്ങൾ കാര്യമായി ഇറക്കിയിരുന്നില്ല. പതിവ് പോലെ ജോലിക്കത്തെിയപ്പോൾ സ്ഥാപനങ്ങൾ അടഞ്ഞത് കിടക്കുന്നതാണ് കണ്ടതെന്നും തൊഴിലാളികൾ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News