ആൻഡ്രോയ്ഡ് വാട്‌സ്ആപ്പുകാർക്കൊരു സന്തോഷവാർത്ത; ഐഫോൺ വാട്‌സ്ആപ്പിലെ ആ രണ്ടു ഫീച്ചേഴ്‌സ് ഇനി നിങ്ങൾക്കും കിട്ടും

ഐഫോൺ വാട്‌സ്ആപ്പിലെ ആ രണ്ടു എക്‌സ്‌ക്ലൂസിവ് ഫീച്ചറുകൾ വൈകാതെ ആൻഡ്രോയ്ഡ് വാട്‌സ്ആപ്പിലേക്കും എത്തുകയാണ്. ഐഫോണിൽ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവർക്കു മാത്രം ലഭ്യമായിരുന്ന രണ്ടു ഫീച്ചറുകൾ ആൻഡ്രോയ്ഡ് ഫോണിൽ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവർക്കും ലഭ്യമായിത്തുടങ്ങും. വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ അപ്‌ഡേഷനിൽ ഈ രണ്ടു ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്താണ് ആ രണ്ടു ഫീച്ചേഴ്‌സ് എന്നല്ലേ. ഇനിമുതൽ വാട്‌സ്ആപ്പ് വോയ്‌സ് കോളിനും വീഡിയോ കോളിനും രണ്ടു പ്രത്യേക ബട്ടണുകൾ ഉണ്ടാകും. നിലവിൽ ഇത് ഐഫോണിൽ മാത്രമാണ് ഉള്ളത്.

ബീറ്റ വേർഷനിലാണ് ഈ പരീക്ഷണം നടപ്പിലാക്കുന്നത്. വൈകാതെ ഔദ്യോഗിക വാട്‌സ്ആപ്പിലേക്കും എത്തും. നിലവിൽ വോയ്‌സ് കോളിനും വീഡിയോ കോളിനും ഒരേ ബട്ടൺ ആണ് ഉപയോഗിക്കുന്നത്. ഈ ബട്ടണിനുള്ളിൽ മറഞ്ഞിരിക്കുകയായിരുന്നു വോയ്‌സ് കോളിനും വീഡിയോ കോളിനും ഉള്ള ഓപ്ഷനുകൾ. ഇനി രണ്ടിനും വെവ്വേറെ ബട്ടണുകൾ ഉണ്ടാകുമെന്നു വാട്‌സ്ആപ്പ് വ്യക്തമാക്കി. ആപ്ലിക്കേഷന്റെ മുകളിൽ വലത്തേ മൂലയിലായിരിക്കും പുതിയ ബട്ടണുകൾ ഇടംപിടിക്കുക.

മറ്റൊരു മാറ്റം അറ്റാച്ച്‌മെന്റ് ബട്ടന്റെ സ്ഥാനമാറ്റമാണ്. ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്യുന്നതിനുള്ള അറ്റാച്ച്‌മെന്റ് ബട്ടൺ നിലവിൽ മുകളിൽ വലത്തേ അറ്റത്താണ് സ്ഥിതി ചെയ്യുന്നത്. ഇത് താഴേക്ക് മാറും. ആ സ്ഥാനത്തായിരിക്കും പുതിയ കോൾ ബട്ടൺ എത്തുക. അറ്റാച്ച്‌മെന്റ് ബട്ടൺ താഴെ കാമറ ബട്ടൺ ഇരിക്കുന്നതിനു തൊട്ടടുത്ത് സ്ഥാനം പിടിക്കുകയും ചെയ്യും. കൂടാതെ ബോട്ടം ബാറിനും മാറ്റങ്ങൾ വരും. പരിഷ്‌കരിച്ച രൂപമാറ്റം സംഭവിച്ച ബോട്ടം ബാർ ആയിരിക്കും പുതിയ വാട്‌സ്ആപ്പ് അപ്‌ഡേറ്റിൽ ഉണ്ടാകുക.

നിലവിൽ തത്തുല്യമായ വശങ്ങളോടു കൂടിയ ഒരു ഡയലോഗ് ബോക്‌സ് ആണ് ബോട്ടം ബാർ. പുതിയ അപ്‌ഡേഷനിൽ ഇത് ഒരു കാപ്‌സൂൾ പരുവത്തിലാകും. കാമറ ബട്ടണും രൂപമാറ്റം സംഭവിക്കുമെന്നു വാട്‌സ്ആപ്പിൽ നിന്നുള്ള സൂചനകൾ വ്യക്തമാക്കുന്നു. നിലവിൽ ഈ മാറ്റങ്ങളെല്ലാം വാട്‌സ്ആപ്പ് ബീറ്റ വേർഷനിൽ ആണ് ഉള്ളത്. ഔദ്യോഗിക വാട്‌സ്ആപ്പിൽ വൈകാതെ തന്നെ പുതിയ അപ്‌ഡേഷനുകൾ എത്തുമെന്നാണ് വിവരം.

കഴിഞ്ഞമാസവും വാട്‌സ്ആപ്പ് പുതിയ അപ്‌ഡേഷൻ അവതരിപ്പിച്ചിരുന്നു. കൂട്ടുകാർക്ക് ഷെയർ ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും ഗിഫുകളും 24 മണിക്കൂറിനുള്ളിൽ അപ്രത്യക്ഷമാകുന്ന സ്‌നാപ്ചാറ്റിലേതിനു സമാനമായ അപ്‌ഡേനായിരുന്നു ഇത്. കഴിഞ്ഞ മാസം മുതൽ ഈ അപ്‌ഡേഷൻ എല്ലാ വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കും ലഭ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here