പെര്‍മിറ്റില്ലാതെ ഓടാന്‍വന്ന സ്വകാര്യബസിനെ തടഞ്ഞു; പകരം പുറപ്പെട്ടത് കെഎസ്ആര്‍ടിസി ബസ്; ജനകീയ പ്രതിബദ്ധത തെളിയിച്ച് കാട്ടാക്കട എംഎല്‍എയും ഇടതുപക്ഷ സര്‍ക്കാരും

തിരുവനന്തപുരം : പെര്‍മിറ്റില്ലാതെ ദീര്‍ഘദൂര സര്‍വീസ് നടത്താനെത്തിയ സ്വകാര്യ ബസിനെ നാട്ടുകാര്‍ തടഞ്ഞു. പകരം കെഎസ്ആര്‍ടിസിയുടെ ഫാസ്റ്റ് പാസഞ്ചര്‍ ബസ് തൊട്ടടുത്ത ദിവസം മുതല്‍ സര്‍വീസും തുടങ്ങി. കാട്ടാക്കടയിലാണ് ജനകീയ പ്രതിരോധം തീര്‍ത്ത് സ്വകാര്യ ബസ് മുതലാളിയെ കെട്ടുകെട്ടിച്ചതും പകരം സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി തയ്യാറായതും.

തെക്കന്‍ കേരളത്തില്‍ ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ആണ് പെര്‍മിറ്റില്ലാതെ ഓടാനെത്തിയത്. എന്നാല്‍ സര്‍വീസ് അനുവദിക്കില്ലെന്ന് നാട്ടുകാര്‍ കൂട്ടായി നിലപാടെടുത്തു. പുലര്‍ച്ചെ പുറപ്പെടാനിരുന്ന ബസ് സര്‍വീസ് സിഐടിയുവിന്റെ നേതൃത്വത്തില്‍ തടയുകയും ചെയ്തു. പകരം കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയാല്‍ മതി എന്നായിരുന്നു നാട്ടുകാരുടെയും കെഎസ്ആര്‍ടിഇഎ – സിഐടിയുവിന്റെയും ആവശ്യം.

കാട്ടാക്കട മുതല്‍ എറണാകുളം അമൃത ആശുപത്രി വരെയാണ് റൂട്ട് തീരുമാനിച്ചിരുന്നത്. നാട്ടുകാരുടെ ആവശ്യം കാട്ടാക്കട എംഎല്‍എ ഐബി സതീഷ് ഏറ്റെടുത്തു. സര്‍വീസ് ഏറ്റെടുക്കുന്നതിന് കെഎസ്ആര്‍ടിസിയോട് ആവശ്യപ്പെടുകയും ചെയ്തു. ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന് ഐബി സതീഷ് നിവേദനം നല്‍കി.

പിന്നെല്ലാം ശരവേഗത്തിലായിരുന്നു. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സര്‍വീസ് ഓപ്പറേറ്റ് ചെയ്യാന്‍ കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോ തയ്യാറായി. മണിക്കൂറുകള്‍ക്കകം പുതിയ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും കണ്ടെത്തി. വെള്ളിയാഴ്ച്ച രാവിലെ മുതല്‍ ബസ് സര്‍വ്വീസ് ആരംഭിക്കുകയും ചെയ്തു.

കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് ഐബി സതീഷ് എംഎല്‍എ ഫ്ലാഗ് ഓഫ് ചെയ്തു. കാട്ടാക്കട – നെടുമങ്ങാട് – കിളിമാനൂര്‍ – കോട്ടയം – എറണാകുളം വഴിയാണ് ബസ് സര്‍വീസ് നടത്തുക. പ്രതിദിനം രാവിലെ നാല് മണിക്ക് കാട്ടാക്കട നിന്നും ബസ് പുറപ്പെടും. രാവിലെ പതിനൊന്നര മണിക്ക് ബസ് അമൃത ആശുപത്രിയില്‍ എത്തിച്ചേരും. ഒന്നര മണിക്ക് യാത്ര തിരിക്കുന്ന ബസ് രാത്രി ഒന്‍പതരയ്ക്ക് കാട്ടാക്കട തിരിച്ചെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News