വിറ്റാറ ബ്രസയെയും ഇക്കോസ്‌പോർടിനെയും വെല്ലാൻ ടാറ്റയുടെ നെക്‌സോൺ; കോംപാക്ട് എസ്‌യുവി വിഭാഗത്തിലേക്ക് ടാറ്റ

മാരുതി വിറ്റാറ ബ്രസയെയും ഫോർഡ് ഇക്കോസ്‌പോർടിനെയും വെല്ലാൻ ടാറ്റ കുടുംബത്തിൽ നിന്ന് ഒരംഗം എത്തുന്നു. ടാറ്റയുടെ കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ പെട്ട നെക്‌സോൺ ആണ് ഈ വിപണിയിലേക്ക് എത്തുന്നത്. ടിയാഗോയ്ക്കും ടിഗോറിനും ശേഷം ടാറ്റ വിപണിയിൽ എത്തിക്കുന്ന പുതിയ മോഡലാണ് നെക്‌സോൺ. ഈവർഷം തന്നെ ഒക്ടോബറോടു കൂടി നെക്‌സോൺ വിപണിയിൽ എത്തിക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്. ഉത്സവ സീസണിൽ ഏറെ പ്രതീക്ഷയോടെയാണ് ടാറ്റ നെക്‌സോൺ അവതരിപ്പിക്കുന്നത്. ഓട്ടോമാറ്റിക് ആക്‌സിലറേറ്റിംഗ് സംവിധാനത്തോടെയാണ് ടിയാഗോ എത്തുന്നത്.

2017 മാർച്ച് അവസാനത്തോടെ വിപണിയിൽ എത്തുന്ന ടിഗോറിന് ശേഷം 2017 ഒക്ടോബറോടെ നെക്‌സോണിനെയും വിപണിയിൽ അവതരിപ്പിക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്. കോംപാക്ട് എസ്‌യുവി ടൈപ്പാണ് നെക്‌സോൺ. പക്ഷേ സൈസിൽ ഒരു ഹാച്ച്ബാക്ക് ആണെന്നു തോന്നുന്ന തരത്തിലാണ് നെക്‌സോണിന്റെ രൂപകൽപന. അഞ്ചുപേർക്ക് യാത്ര ചെയ്യാവുന്ന ഫൈവ് സീറ്റർ ആണ് നെക്‌സോൺ. പുറമേ നിന്ന് നോക്കുമ്പോൾ അൽപം കൂടി വലിയ കറുത്ത അരികുകളോടു കൂടിയ മെഷ് ഗ്രില്ല് കാറിന് നല്ല ഭംഗി പകരുന്നുണ്ട്. ഡോർ പാനലിലെ കനംകൂടിയ റബർ സ്ട്രിപ്പുകളും ചാരുതയാർന്ന ക്ലാഡിംഗുകളും കാറിന്റെ മിഴിവേറ്റുന്നു.

എൽഇഡി ഡിആർഎല്ലുകളോടു കൂടിയ ഹെഡ്‌ലാംപുകളാണ് വാഹനത്തിന്റേത്. മുന്നിലെ ഫോഗ് ലാംപുകളും വാഹനത്തിന്റെ ഭംഗിയേറ്റും. വാഹനത്തിന്റെ ബോഡിയുടെ അതേ നിറം പകർന്ന കണ്ണാടിയിൽ തന്നെയാണ് ഇൻഡിക്കേറ്ററുകളും ഫിറ്റ് ചെയ്തിട്ടുള്ളത്. നല്ല എടുപ്പുള്ള ഹെഡ്‌ലാംപുകളാണ് വാഹനത്തിന്റെ മുൻവശത്തെ ശ്രദ്ധേയമാക്കുന്നത്.

കരുത്തിന്റെ കാര്യത്തിൽ മേൽപറഞ്ഞ വാഹനങ്ങളോട് കിടപിടിക്കുന്നുണ്ട് നെക്‌സോൺ. 1.2 ലീറ്റർ ടർബോ ചാർജ്ഡ് എൻജിനാണ് വാഹനത്തിന്റേത്. ടാറ്റ ബോൾട്ടിൽ ഉപയോഗിച്ച അതേ എൻജിനാണ് ഇത്. ഡീസൽ വേരിയന്റിൽ 1.3 ലീറ്റർ മൾട്ടിജെറ്റ് ഡീസൽ എൻജിനാണ് ഉപയോഗിക്കുന്നത്. മാനുവൽ ഗിയർ ബോക്‌സാണ് വാഹനത്തിന്. എഎംടി ഓപ്ഷനുകളും ഉണ്ട്.

അതേസമയം, വിപണിയിൽ വ്യക്തമായ ആധിപത്യം പുലർത്തുന്ന മാരുതി വിറ്റാറ ബ്രസ്സയെയും ഫോർഡ് ഇക്കോസ്‌പോർട്ടിനെയും വെല്ലുവിളിക്കാൻ ടാറ്റ നെക്‌സോണിന് സാധിക്കുമോ എന്നാണ് വിപണി വിദഗ്ധർ ഉറ്റുനോക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here