ബുര്‍ഖയ്ക്ക് ബദലായി കാവി ഷാള്‍; മംഗളുരുവിനെ സംഘര്‍ഷഭരിതമാക്കാന്‍ തീവ്രശ്രമവുമായി സംഘപരിവാര്‍; പ്രകോപനപരമായ തീരുമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടപ്പാക്കുന്നത് എബിവിപി വഴി

മംഗളൂരു : മംഗളുരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാനുള്ള തീവ്രശ്രമവുമായി സംഘപരിവാര്‍. മുസ്ലിം വിദ്യാര്‍ഥിനികളെ തട്ടമിടാന്‍ അനുവദിക്കുന്നുവെങ്കില്‍ കാവി ഷോള്‍ ധരിക്കാണമെന്നാണ് ആവശ്യം. പ്രകോപനപരമായ തീരുമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടപ്പാക്കാന്‍ സംഘപരിവാര്‍ ശ്രമം തുടങ്ങി.

കോളേജ് യൂണിഫോമിനൊപ്പം കാവി ഷാള്‍ ധരിക്കാന്‍ ആര്‍എസ്എസ് നിര്‍ദ്ദേശം നല്‍കി. ഇതുവഴി മതസ്പര്‍ധ ഉണ്ടാക്കാനാണ് മംഗളൂരുവില്‍ എബിവിപിയുടെയും സംഘപരിവാറിന്റെയും സംഘടിത ശ്രമം. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ബുര്‍ഖ ധരിക്കുന്നതിനെതിരെയുള്ള പ്രതിഷേധമായാണ് കാവി ഷാള്‍ ധരിച്ച് ആര്‍എസ്എസ്, എബിവിപി പ്രവര്‍ത്തകര്‍ സമാധാന അന്തരീക്ഷം തകര്‍ക്കുന്നത്.

ഇതിന് വിരുദ്ധമായി തീരപ്രദേശ നഗരമായ ഭട്കലില്‍ ഗവണ്‍മെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജില്‍ കാവി ഷാള്‍ ധരിക്കാതെ കോളേജിലെത്തിയ വിദ്യാര്‍ഥിയെ എബിവിപി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ഥിയായ ജയന്ത് നായിക്കിനാണ് മര്‍ദ്ദനമേറ്റത്. ഹിന്ദുവായിട്ടും കാവി ഷാള്‍ ധരിച്ചില്ല എന്നതാണ് പ്രകോപനത്തിന് കാരണം. വിദ്യാര്‍ഥികളെ നിര്‍ബന്ധിപ്പിച്ച് ഷാള്‍ ധരിപ്പിക്കുന്നതും ഇപ്പോള്‍ നിത്യസംഭവമായിട്ടുണ്ടെന്ന് ദി ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ സംഭവം തട്ടത്തിന് ബദലായി കാവി ഷാള്‍ ധരിക്കണമെന്ന തീരുമാനത്തിന് കൂടുതല്‍ ശക്തി പ്രാപിക്കാന്‍ കാരണമായി. ദക്ഷിണ കന്നഡയിലും ഉത്തര കന്നഡയിലും ഷിവമോഗയിലും പ്രശ്‌നം രൂക്ഷമാക്കി. മുസ്ലിം പെണ്‍കുട്ടികള്‍ ബുര്‍ഖ ധരിക്കുന്നതിന് പകരമായി യൂണിഫോമിനൊപ്പം കാവി ഷാള്‍ ധരിക്കാന്‍ എബിവിപി സംഘടനയില്‍പെട്ട വിദ്യാര്‍ഥികള്‍ തീരുമാനിക്കുകയായിരുന്നു.

ഒരു വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് വസ്ത്രധാരണത്തില്‍ ഇളവ് നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്നും ഇതില്‍ ജാതിപരമായ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നുമാണ് മംഗളൂരു താലൂക്ക് എബിവിപി കണ്‍വീനര്‍ സുജിത്ത് ഷെട്ടിയുടെ നിലപാട്. മുസ്ലിം വിദ്യാര്‍ഥികള്‍ ബുര്‍ഖ ധരിക്കുന്നതിനെതിരെ മംഗളൂരുവില്‍ 2006 മുതല്‍ പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ബുര്‍ഖയ്ക്ക് ബദലായി കാവി ഷാള്‍ ക്ലാസുകളില്‍ ഉപയോഗിക്കുന്നത് പുതിയ സംഭവമാണ്.

പരമ്പരാഗത മുസ്ലിം കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളെ തട്ടമിടാതെ കോളേജില്‍ അയക്കാന്‍ മാതാപിതാക്കള്‍ തയ്യാറാല്ല. വിദ്യാഭ്യാസം നിലയ്ക്കുമെന്ന് ഭയന്നാണ് ഇഷ്ടമല്ലാതിരുന്നിട്ടും അവ അത് ധരിക്കാന്‍ തയ്യാറാകുന്നതെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. ഭീഷണി വര്‍ധിക്കുന്നതോടെ അവകാശപെട്ട വിദ്യാഭ്യാസം മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ലഭിക്കാതാക്കുകയാണ്.

എബിവിപിയുടെ പുതിയ പ്രതിഷേധം മുസ്ലിം വിദ്യാര്‍ത്ഥിനികളുടെ വിദ്യാഭ്യാസ അവകാശത്തിന് ഇടനല്‍കുന്നുണ്ടെന്ന് കോളേജ് അധ്യാപകരും സാക്ഷ്യപെടുത്തുന്നു. പ്രശ്‌നത്തതില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ വേണ്ടത്ര ഇടപെടലുകള്‍ നടത്താത്തതും പ്രശ്‌നം രൂക്ഷമാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here