വൊഡാഫോണ്‍ – ഐഡിയ ലയനം അടുത്തയാഴ്ച പ്രഖ്യാപിക്കും; തീരുമാനം എട്ട് മാസം നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍; പുതിയ കമ്പനിയെ കുമാര്‍ മംഗലം ബിര്‍ള നയിക്കും

മുംബൈ : വൊഡാഫോണ്‍ – ഐഡിയ ലയനം ഉടന്‍ പ്രഖ്യാപിച്ചേക്കും. എട്ട് മാസം നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ലയനത്തിനൊരുങ്ങുന്നത്. രാജ്യത്തെ രണ്ട് മുന്‍നിര ടെലകോം കമ്പനികള്‍ ലയിക്കുന്നതോടെ വലിയ മത്സരമാണ് വിപണിയെ കാത്തിരിക്കുന്നത്. ലയനത്തോടെ മൊബൈല്‍ സേവന ദാതാക്കളില്‍ പുതിയ കമ്പനി ഒന്നാം സ്ഥാനത്തേക്കെത്തും.

90,000 കോടി രൂപ വരുന്നതാണ് പുതിയ കമ്പനിയുടെ ആകെ ആസ്തിയെന്നാണ് സൂചന. 50 ശതമാനം വീതമാണ് ഇരുവരും പുതിയ കമ്പനിയില്‍ മുടക്കുന്നത്. ഐഡിയയ്ക്കും വൊഡാഫോണിനും തുല്യ പങ്കാളിത്തമുള്ള കമ്പനിയെ കുമാരമംഗലം ബിര്‍ള നയിക്കുമെന്നും സൂചനയുണ്ട്. മൊത്തം സ്വകാര്യ വിപണിയുടെ 42 ശതമാനത്തോളമാകും പുതിയ കമ്പനി കൈയ്യടക്കുക.

നിലവില്‍ ഒന്നാം സ്ഥാനത്തുള്ള എയര്‍ടെലിനെ പിന്തള്ളിയാവും ഐഡിയ – വൊഡാഫോണ്‍ മുന്നിലെത്തുക. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുടെ കടന്നുവരവ് സൃഷ്ടിച്ച മത്സരമാണ് മുന്‍നിര കമ്പനികളെ മത്സരത്തിലേക്ക് നയിക്കാന്‍ പ്രേരിപ്പിച്ചത്. ഇത് വൊഡാഫോണും ഐഡിയയും തമ്മിലുള്ള ലയനത്തിലേക്ക് എത്തുകയും ചെയ്തു.

ലയനം പ്രഖ്യാപിക്കാനിരിക്കെ ഉപഭോക്താക്കള്‍ക്കായി ഐഡിയ സെലക്ട് എന്ന പേരില്‍ ഐഡിയ പുതിയ ഓഫര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ വന്‍ കുതിച്ചുചാട്ടമാണ് ഓഹരി വിപണികളില്‍ ഐഡിയ നേടിയത്. ഒരുദിവസം കൊണ്ട് മാത്രം 12 ശതമാനം കുതിപ്പുണ്ടായി. വൊഡാഫോണ്‍ – ഐഡിയ ലയനത്തോടെ മൊബൈല്‍ സേവന ദാതാക്കള്‍ക്കിടയിലെ മത്സരം കൂടുതല്‍ കടുത്തതാകുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News