റാഞ്ചി ടെസ്റ്റിൽ ഓസ്‌ട്രേലിയ മികച്ച നിലയിൽ; സെഞ്ച്വറിയുമായി നായകന്റെ പ്രകടനം പുറത്തെടുത്ത് സ്മിത്ത്

റാഞ്ചി: റാഞ്ചി ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ മികച്ച നിലയിൽ. ഒന്നാം ദിനം കളി നിർത്തുമ്പോൾ ഓസീസ്, ഒന്നാം ഇന്നിംഗ്‌സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 299 റൺസെടുത്തിട്ടുണ്ട്. ഓപ്പണർ റെൻഷോയുടെയും സെഞ്ച്വറി നേടിയ സ്റ്റീവൻ സ്മിത്തിന്റെയും അർധ സെഞ്ച്വറി നേടിയ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെയും പ്രകടനങ്ങളാണ് ഓസീസിനു മികച്ച സ്‌കോർ സമ്മാനിച്ചത്. ടോസ് നേടിയ ഓസീസ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ഓപ്പണർ റെൻഷോ ഡേവിഡ് വാർണറുമായി ചേർന്ന് തകർപ്പൻ തുടക്കമാണ് ഓസീസിനു സമ്മാനിച്ചത്. 19 റൺസെടുത്ത വാർണറെ ഇടയ്ക്ക് നഷ്ടമായെങ്കിലും നായകൻ സ്മിത്തുമായി ചേർന്ന് റെൻഷോ മുന്നോട്ടു കുതിച്ചു. 44 റൺസെടുത്ത റെൻഷോയെ ഉമേഷ് യാദവിന്റെ പന്തിൽ കോഹ്‌ലി ക്യാച്ചെടുത്ത് പുറത്താക്കി. തുടർന്ന് വന്ന ഷോൺ മാർഷും (2) വളരെ പെട്ടെന്നു പുറത്തായി.

പിന്നീട് ഹാൻസ്‌കോംബിനെയും മാക്‌സ്‌വെല്ലിനെയും കൂട്ടുപിടിച്ച് സ്മിത്ത് മുന്നോട്ടു നയിച്ചു. ഹാൻസ്‌കോംബിനെ 19 റൺസെടുത്ത് നിൽക്കെ ഉമേഷ് യാദവ് വിക്കറ്റിനു മുന്നിൽ കുടുക്കി. സ്മിത്ത് 117 റൺസുമായും മാക്‌സ്‌വെൽ 82 റൺസുമായും പുറത്താകാതെ നിൽക്കുകയാണ്. ഇന്ത്യക്കു വേണ്ടി ഉമേഷ് യാദവ് രണ്ടും അശ്വിനും ജഡേജയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here