കേരളവര്‍മ കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ എബിവിപി-ആര്‍എസ്എസ് അക്രമം; പുറത്തുനിന്ന് എത്തിയ ആര്‍എസ്എസുകാര്‍ വിദ്യാര്‍ഥികളെ മുളവടികള്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചു

തൃശൂര്‍: തൃശൂര്‍ കേരളവര്‍മ കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ എബിവിപി-ആര്‍എസ്എസ് അക്രമം. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം എന്ന പേരില്‍ കോളേജിനു മുന്നില്‍ ആര്‍എസ്എസ് നടത്തിയ പരിപാടിക്കിടെ ആയിരുന്നു പ്രകോപനം. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.

ക്യാമ്പസില്‍ എസ്എഫ്‌ഐ അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു എന്ന് ആരോപിച്ചാണ് ആര്‍എസ്എസ് എബിവിപി പ്രവര്‍ത്തകര്‍ കോളേജിനുള്ളില്‍ അഴിഞ്ഞാടിയത്. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം എന്ന പേരില്‍ ഗേറ്റിനു മുന്നില്‍ എബിവിപി നടത്തിയ പരിപാടിയില്‍ നൂറുകണക്കിന് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പുറത്തുനിന്നെത്തി. പരിപാടിയില്‍ ബിജെപി നേതാക്കള്‍ സംസാരിക്കവെ കോളേജിലേക്ക് പോയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. കോളേജിനുള്ളിലേക്ക് ഓടി രക്ഷപെട്ട വിദ്യാര്‍ഥിയെ പിന്തുടര്‍ന്ന ആര്‍എസ്എസുകാര്‍ മുളവടികള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് മര്‍ദ്ദിച്ചത്.

വനിതാ ദിനാഘോഷവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് കോളേജില്‍ തര്‍ക്കങ്ങളില്‍ നിലനിന്നിരുന്നു. എബിവിപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ദിവസങ്ങളായി പദ്ധതിയിട്ടാണ് അക്രമം നടത്തിയതെന്ന് എസ്എഫ്‌ഐ ആരോപിച്ചു

പരുക്കേറ്റ വിദ്യാര്‍ഥികള്‍ ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ക്യാമ്പസ് പരിസരത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് കോളേജിന് അവധി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here