ആലപ്പുഴയില്‍ ജനമൈത്രി സുരക്ഷാ പദ്ധതി വ്യാപിപ്പിക്കുന്നു; എല്ലാ പൊലീസ് സ്റ്റേഷനുകളും പരിധിയില്‍; മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യും

ആലപ്പുഴ : ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് നടക്കും. ജില്ലയിലെ 51 പോലീസ് സ്‌റ്റേഷനുകളിലേയ്ക്കും ജനമൈത്രി സുരക്ഷാ പദ്ധതി വ്യാപിപ്പിക്കും. പരിപാടിയുടെ ഉദ്ഘാടനം മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കും. ജില്ലാ പോലീസ് മേധാവി വിഎം മുഹമ്മദ് റഫീഖ് ഐപിഎസ് ആണ് ഇക്കാര്യം അറിയിച്ചത്.

ആലപ്പുഴ ജില്ലയില്‍ പതിനാല് പൊലീസ് സ്‌റ്റേഷനുകളിലാണ് ജനമൈത്രി സുരക്ഷാ പദ്ധതി നിലവിലുണ്ടായിരുന്നത്. ട്രാഫിക് സ്‌റ്റേഷനുകള്‍ ഒഴിച്ചുള്ള പൊലീസ് സ്റ്റേഷനുകളിലേക്കാണ് വ്യാപിപ്പിക്കുന്നത്. രാവിലെ 10ന് മുനിസിപ്പല്‍ ടൗണ്‍ ഹാളിലാണ് ഉദ്ഘാടന പരിപാടി. സമ്മേളനത്തില്‍ ഡോ. ബി സന്ധ്യ ഐപിഎസ് മുഖ്യപ്രഭാഷണം നടത്തും.

ക്രമസമാധാന നില കാര്യക്ഷമമാക്കുന്നതിന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക കര്‍മ്മ പരിപാടിക്കും തുടക്കമായി. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള നടപടികളില്‍ ക്രിമിനലുകളെ മൂന്നായി തരംതിരിച്ചു. കൊടും കുറ്റവാളികളായി 191 പേരെയും ക്രിമിനലുകളായി 608 പേരെയും ഗുണ്ടാസംഘത്തില്‍ സജീവമല്ലാത്തവരായി 573 പേരുടെയും പട്ടിക തയാറാക്കി. ഇവരെ കര്‍ശന നിരീക്ഷണത്തിനും മുന്‍കരുതല്‍ നടപടികള്‍ക്കും വിധേയമാക്കി.

ഓപ്പറേഷന്‍ ഗുണ്ടാ പദ്ധതി പ്രകാരം 1154 കേസുകള്‍ എടുത്തു. 224 ദീര്‍ഘകാല വാറണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ സമര്‍പ്പിച്ചു. കാപ്പാ നിയമപ്രകാരം പതിനഞ്ചുപേരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് നല്‍കി. ഗുണ്ടകളെ നിരീക്ഷക്കുന്നതിനും നടപടികളെടുക്കുന്നതിനും സോഫ്റ്റ്‌വെയര്‍ സഹായത്തോടെ മോണിറ്ററിംഗ് സംവിധാനം ജില്ലാ പോലീസ് കാര്യാലയത്തില്‍ ആരംഭിച്ചു.

ഗുണ്ടാ മയക്കുമരുന്ന് കുറ്റവാളികള്‍ക്കെതിരെ നാടുകടത്തലടക്കമുള്ള ശിക്ഷാനടപടികള്‍ക്ക് ശുപാര്‍ശ ചെയ്തു. മയക്കുമരുന്നു സംഘത്തെ പിടികൂടാന്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് പ്രവര്‍ത്തനം ആരംഭിച്ചു. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനായി ആധുനിക റഡാര്‍ സംവിധാനങ്ങളുടെ സഹായത്തോടെ വാഹനപരിശോധന കര്‍ശനമായി നടത്തിവരുന്നുണ്ട്.

റോഡുകളില്‍ സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുമായി എല്ലാ മാസവും ചര്‍ച്ച ചെയ്യുന്നുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ പിങ്ക് പട്രോളിംഗ് സംവിധാനം പുരോഗമിക്കുന്നു. നഗര സുരക്ഷയൊരുക്കാന്‍ പട്ടണത്തെ നാലായി തരംതിരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫ്‌ളൈയിംഗ് സ്‌ക്വാഡിനെ വിന്യസിപ്പിച്ചിട്ടുണ്ട്.

പ്രതികളെ ശാസ്ത്രീയമായി ചോദ്യം ചെയ്യുന്നതിനായി വീഡിയോ ക്യാമറ, സൗണ്ട് റെക്കോര്‍ഡിംഗ് എന്നിവയോടുകൂടിയ ഇ – മുറി സംവിധാനം വിജയകരമായി മുന്നോട്ടുപോവുകയാണെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News