ചവര്‍നിലത്തെ സ്വര്‍ണനിലമാക്കിയ ചൂര്‍ണിക്കര കൂട്ടായ്മയ്ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍; കൂട്ടായ്മയുടെ ശക്തിയിലൂടെ അത്ഭുതം സൃഷ്ടിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി

കൊച്ചി: ചപ്പുചവറും മാലിന്യങ്ങളും കൂടിക്കിടന്ന തരിശുനിലത്തെ പൊന്നിന്‍ കതിര്‍പ്പാടമാക്കിയ ചൂര്‍ണിക്കരയ്ക്ക് അഭിനന്ദനം ചൊരിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃഷിപ്പണിയില്‍ നിന്നും പതിനാറു വര്‍ഷം മുമ്പ് പിന്‍വാങ്ങിയ തലമുറയുടെ പ്രതിനിധികളായി പാത്തുമ്മയും ഗോപാലനും മുഖ്യമന്ത്രിയില്‍ നിന്നും കുത്തരിപ്പാക്കറ്റുകള്‍ ഏറ്റുവാങ്ങുമ്പോള്‍ ഹരിതസമൃദ്ധിയിലേക്കുള്ള ഓര്‍മ്മപ്പെടുത്തലായി ആ നിമിഷം.

ചൂര്‍ണിക്കര പഞ്ചായത്തില്‍ മുട്ടം മെട്രോ റെയില്‍ യാര്‍ഡിന് സമീപമുള്ള 15 ഏക്കര്‍ വരുന്ന ചവര്‍പാട ശേഖരമാണ് പഞ്ചായത്ത്, കൃഷി വകുപ്പ്, അടയാളം സ്വയം സഹായ സംഘം, പാമ്പാക്കുട ഗ്രീന്‍ ആര്‍മി എന്നിവയുടെ സംയുക്ത പരിശ്രമത്തിന്റെ ഫലമായി നൂറു മേനി വിളയുന്ന നെല്‍വയലായി മാറിയത്. നാല് മാസം മുമ്പ് കൃഷി മന്ത്രി വി.എസ് സുനില്‍കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു ഞാറു നടല്‍. കൊയ്‌തെടുത്ത 42 ടണ്‍ നെല്ല് മില്ലില്‍ കുത്തിയെടുത്തപ്പോള്‍ ലഭിച്ചത് 26 ടണ്‍ അരി. സബ്‌സിഡി നിരക്കില്‍ ഈ അരി പഞ്ചായത്ത് നിവാസികള്‍ക്ക് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. ഭൂവുടമകള്‍ക്കുള്ള അരിവിഹിതവും മുഖ്യമന്ത്രി വിതരണം ചെയ്തു.

Pinarayi-Vijayan-2

ശാസ്ത്രീയമായ കൃഷിരീതിയിലൂടെ നേട്ടമുണ്ടാക്കാനാകുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ചൂര്‍ണിക്കര കേരളത്തിന് കാണിച്ചു തന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 15 ഏക്കര്‍ സ്ഥലം ഒന്നിച്ച് കൃഷിയോഗ്യമാക്കിയതിലൂടെ പരിസ്ഥിതി സംരംക്ഷണം കൂടിയാണ് നടപ്പായിരിക്കുന്നത്. മലിനജലമൊഴുകിയിരുന്ന തോടുകളിലൂടെ ഇപ്പോള്‍ തെളിനീരൊഴുകുന്നു. കിണറുകളില്‍ ശുദ്ധജലം ലഭിക്കുന്നു. നാടിനാകെ ആത്മവിശ്വാസം പകരുന്നതാണ് ഈ ഉദ്യമം. സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം മിഷനില്‍ മാലിന്യ നിര്‍മാര്‍ജനം, നീരുവകളുടെ വീണ്ടെടുക്കല്‍, കൃഷി എന്നിവയ്ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

സംസ്ഥാനത്ത് ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തില്‍ സമൂഹം വഹിച്ചിരിക്കുന്ന പങ്ക് വളരെ വലുതാണ്. ഇക്കാര്യത്തില്‍ നമുക്ക് ഇനിയും സ്വീകരിക്കാവുന്ന ചില നടപടികളുണ്ട്. മഴക്കാലത്തിന്റെ ആരംഭത്തില്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുകയാണ് അതിലൊന്ന്. ഇതിനായി ഏഴു ലക്ഷം പ്ലാവിന്‍ തൈകള്‍ കൃഷിവകുപ്പ് തയാറാക്കുന്നുണ്ട്. മൂന്നുകോടി വൃക്ഷത്തൈകളെങ്കിലും നടാന്‍ കഴിയണം. ജലസ്രോതസുകളും വീണ്ടെടുക്കണം. കൂട്ടായ്മയുടെ ശക്തിയിലൂടെ അത്ഭുതം സൃഷ്ടിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉദയകുമാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എം. ശ്രീദേവി, മുന്‍ എം.പി പി. രാജീവ്, വാഴക്കുഴം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ്, ആത്മ പ്രൊജക്ട് ഡയറക്ടര്‍ എസ്. പുഷ്പകുമാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അലി, പഞ്ചായത്ത് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ടിംപിള്‍ മാഗി, സ്വപ്ന ഉണ്ണി, കെ.എ. ഹാരിസ്, റംല അമീര്‍, പി.കെ. സതീഷ് കുമാര്‍, സി.കെ. ജലീല്‍, സി.പി. നൗഷാദ്, സജനി നായര്‍, ഡോ. സി.എം. ഹൈദരാലി, ബാബു പുത്തനങ്ങാടി, പി.കെ. യൂസഫ്, ടി.എം. അന്‍സാര്‍, കൃഷി ഓഫീസര്‍ എ.എ. ജോണ്‍ ഷെറി തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News