അപകടകരമായ വര്‍ഗീയധ്രുവീകരണം | സീതാറാം യെച്ചൂരി

ഈയിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍വിജയമാണ് നേടിയത്. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും 2014ലെ പ്രകടനം തുടരാന്‍ ബിജെപിക്ക് സാധിച്ചു. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉത്തര്‍പ്രദേശില്‍  42.3 ശതമാനം വോട്ടും ഉത്തരാഖണ്ഡില്‍ 55.3 ശതമാനം വോട്ടും നേടാനായിരുന്നു. ഈ നിയമസഭാ തെരഞ്ഞെടുപ്പിലാകട്ടെ ബിജെപിക്ക് യുപിയില്‍ 39.7 ശതമാനം വോട്ടും ഉത്തരാഖണ്ഡില്‍ 46.5 ശതമാനം വോട്ടും ലഭിച്ചു. എന്നാല്‍, പഞ്ചാബില്‍ ബിജെപി ദയനീയമായി പരാജയപ്പെട്ടു. അവിടെ അകാലിദള്‍- ബിജെപി സഖ്യ സര്‍ക്കാര്‍ വലിയ വ്യത്യാസത്തില്‍ അധികാരത്തില്‍നിന്ന് പുറത്തായി. ഗോവയിലും മണിപ്പുരിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിന് പക്ഷേ, ഭൂരിപക്ഷം നേടാനായില്ല. ഈ രണ്ട് സംസ്ഥാനത്തും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. ഭയപ്പെടുത്തലിന്റെയും പ്രീണനത്തിന്റെയും ക്യാബിനറ്റ് റാങ്കുള്ള മന്ത്രിപദം നല്‍കാമെന്ന പ്രലോഭനത്തിന്റെയും വന്‍തോതില്‍ പണത്തിന്റെയും ബലത്തില്‍ ഈ സംസ്ഥാനങ്ങളിലെ ജനവിധി അട്ടിമറിച്ച് അധികാരത്തിലേറുകയായിരുന്നു.

നോട്ട് അസാധുവാക്കലിനും സദ്ഭരണത്തിനും ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് ഈ വിജയമെന്ന ബിജെപിയുടെ അവകാശവാദം നിലനില്‍ക്കുന്നതല്ലെന്ന് പഞ്ചാബിലെയും ഗോവയിലെയും മണിപ്പുരിലെയും പ്രകടനത്തില്‍ വ്യക്തം. ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും വിജയങ്ങള്‍ക്കുപിന്നില്‍ പല ഘടകങ്ങളുമുണ്ട്. വര്‍ഗീയധ്രുവീകരണത്തിന്റെയും ജാതി അടിസ്ഥാനമാക്കിയുള്ള സാമൂഹിക രസതന്ത്രത്തിന്റെയും സംയുക്തമാണ് അതില്‍ പ്രധാനം.

ബിജെപിക്ക് ഇന്ന് ലോക്സഭയില്‍ ഒരു മുസ്ളിം എംപിപോലുമില്ല. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപിക്ക് ഒരു മുസ്ളിം സ്ഥാനാര്‍ഥിപോലും ഉണ്ടായിരുന്നില്ല. ഇതിലടങ്ങിയിരിക്കുന്ന സന്ദേശം വ്യക്തം: വിജയകരമെന്ന് അവകാശപ്പെട്ട ‘ഗുജറാത്ത് മാതൃക’യുടെ സന്ദേശമായിരുന്നു 2014ല്‍ നല്‍കിയത്. ഈ മാതൃകയെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ തെറ്റാണെന്ന് വ്യക്തമായിരുന്നെങ്കിലും ഗുജറാത്തിലെ വിജയം, 2002ലെ വംശഹത്യയിലൂടെ മുസ്ളിങ്ങളെ നിഷ്കാസിതരാക്കിയതിന്റെ ഫലമാണെന്ന അപകടകരമായ സന്ദേശമായിരുന്നു അത്. വര്‍ഗീയധ്രുവീകരണം തീവ്രമാക്കാനുള്ള വിഷലിപ്തമായ പ്രചാരണതന്ത്രവുമായിരുന്നു.

ഖബറിസ്ഥാനും ശ്മശാനവും ഈദും ദീപാവലിയും പോലുള്ള മുള്ളുവച്ച പരാമര്‍ശങ്ങളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ദ്രോഹകരമായ വര്‍ഗീയപ്രചാരണം അഴിച്ചുവിട്ടത്. കോണ്‍ഗ്രസും സമാജ്വാദി പാര്‍ടിയും ബഹുജന്‍ സമാജ്പാര്‍ടിയും മുസ്ളിം പ്രീണനത്തിന്റെ ചാമ്പ്യന്മാരാണെന്ന ബിജെപി പ്രസിഡന്റിന്റെ വാദവും ശബ്ദകോശത്തിലേക്ക് കസബ് എന്ന പേരും ഇതിനൊപ്പം ചേര്‍ന്നു. ബിജെപിയുടെ പ്രധാന എതിരാളികള്‍ക്കെല്ലാം പാകിസ്ഥാന്‍ സ്പോണ്‍സര്‍ ചെയ്യുന്ന അതിര്‍ത്തി കടന്ന ഭീകരവാദവുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള ധാരണ പൊടുന്നനെ ഉയര്‍ന്നു. പാകിസ്ഥാന്‍ വിരോധത്തിന്റെ പെരുമ്പറ കൊട്ടിയ ബിജെപി മോഡിയുടെ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ വിജയത്തില്‍ ഊറ്റംകൊണ്ടു. പാകിസ്ഥാന്‍ വിരോധം മുസ്ളിം വിരോധമായി അവര്‍ മാറ്റിയെടുത്തു. (സര്‍ജിക്കല്‍ സ്ട്രൈക്കിനുശേഷമുള്ള മൂന്നുമാസങ്ങളില്‍ നമ്മുടെ ജവാന്മാരുടെ മരണസംഖ്യ അതിനുമുമ്പത്തെ മൂന്നുമാസത്തെ മരണസംഖ്യയുടെ ഇരട്ടിയായെന്ന വസ്തുത ഇതുസംബന്ധിച്ച അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചിരിക്കയാണ്.)

മുസ്ളിം ജനസംഖ്യ ഗണ്യമായ തോതിലുള്ള സംസ്ഥാനങ്ങളില്‍മാത്രമേ ഇത്തരം വര്‍ഗീയപ്രചാരണങ്ങള്‍ ഫലപ്രദമാകുകയുള്ളൂ. മറ്റു മൂന്ന് സംസ്ഥാനത്തും ഈ മാജിക് പ്രവര്‍ത്തിച്ചില്ലെന്നതില്‍നിന്ന് ഇക്കാര്യം വ്യക്തം. ആര്‍എസ്എസിന്റെ നുണഫാക്ടറിയില്‍ കടഞ്ഞെടുത്ത ‘മുസ്ളിം സര്‍ക്കാര്‍ വരുന്നു’ എന്ന പ്രചാരണം ഉത്തര്‍പ്രദേശിലെ ജനങ്ങളെ മതനിരപേക്ഷകക്ഷികള്‍ക്ക് എതിരാക്കി.

ഈ പ്രചാരണത്തിന് പ്രത്യാഖ്യാനം സൃഷ്ടിക്കുന്നതിനുപകരം എസ്പി-കോണ്‍ഗ്രസ് സഖ്യവും ബിഎസ്പിയും ഇതിന്റെ കെണിയില്‍ ചാടുകയായിരുന്നു. ബിഎസ്പി നൂറ് മുസ്ളിം സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചിട്ടുണ്ടെന്നും തങ്ങളുടെ മുസ്ളിം അനുകൂല നിലപാടിനാണ് കൂടുതല്‍ വിശ്വാസ്യത എന്നതിനാല്‍ എസ്്പി- കോണ്‍ഗ്രസ് സഖ്യത്തിന് വോട്ട് ചെയ്യരുതെന്നും മായാവതി തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരുന്നു.

അതേസമയം, പ്രധാനമായും യാദവ കേന്ദ്രീകൃതമായ എസ്പിക്കും ബിഎസ്പിക്കും എതിരെ യാദവ വിഭാഗത്തില്‍പ്പെടാത്ത ഒബിസി വിഭാഗങ്ങളെയും ജാതവ വിഭാഗത്തില്‍പ്പെടാത്ത പട്ടികജാതി വിഭാഗങ്ങളെയും അണിനിരത്താന്‍ പഴുതടച്ച സോഷ്യല്‍ എന്‍ജിനിയറിങ് ഉപയോഗിച്ചുള്ള കറതീര്‍ന്ന രാഷ്ട്രീയതന്ത്രം ബിജെപി പയറ്റി.

മതനിരപേക്ഷ പ്രതിപക്ഷത്തുനിന്നുള്ള പ്രത്യാഖ്യാനത്തിന്റെ അഭാവം ബിജെപിയുടെ വിജയത്തെ സഹായിച്ചു. ബിഹാര്‍ തെരഞ്ഞെടുപ്പിലേതുപോലുള്ള മഹാസഖ്യത്തിന് ബിജെപിയെ തളയ്ക്കാനാകുമെന്ന് ഒരു വിഭാഗം ഇപ്പോള്‍ വാദിക്കുന്നുണ്ട്. എസ്പിയുടെയും കോണ്‍ഗ്രസിന്റെയും ബിഎസ്പിയുടെയും ആര്‍എല്‍ഡിയുടെയും സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ ഒരുമിച്ച് ഈ മഹാസഖ്യത്തിന് ലഭിച്ചിരുന്നുവെങ്കില്‍ ആ സഖ്യത്തിന് 313 സീറ്റുകള്‍ കിട്ടുമെന്നും ബിജെപി വെറും 90 സീറ്റില്‍ ഒതുങ്ങുമെന്നുമാണ് വാദം.

നിര്‍ഭാഗ്യമെന്നു പറയട്ടെ, രാഷ്ട്രീയം വെറും അങ്കഗണിതമല്ല. ബിജെപിയുടെ വര്‍ഗീയപദ്ധതികള്‍ക്കുള്ള ബദല്‍ ബിജെപിക്കും മോഡിക്കുമുള്ള പ്രത്യാഖ്യാനങ്ങളിലൂടെമാത്രമേ സാധ്യമാകൂ. അത്തരമൊരു ജനാഭിമുഖ്യമുള്ള ബദല്‍ ആഖ്യാനം നിലനില്‍ക്കുന്നുണ്ട്, പ്രത്യേകിച്ച് നോട്ട് അസാധുവാക്കല്‍ ദരിദ്രരും പ്രാന്തസ്ഥിതരുമായ വലിയ വിഭാഗം ജനങ്ങളില്‍ അഭൂതപൂര്‍വമാംവിധം സാമ്പത്തികദുരിതം അടിച്ചേല്‍പ്പിച്ച സാഹചര്യത്തില്‍. നമ്മുടെ രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ 40 ശതമാനം സംഭാവന ചെയ്യുകയും 80 ശതമാനം തൊഴില്‍ സൃഷ്ടിക്കുകയും ചെയ്യുന്ന അനൌപചാരിക സമ്പദ്ഘടനയെ നോട്ട് അസാധുവാക്കല്‍ പൂര്‍ണമായും തകര്‍ത്തുകഴിഞ്ഞു. ഉത്തര്‍പ്രദേശിലെ ഗ്രാമീണജീവിതം ദുരിതപൂര്‍ണമായി തുടരുകയാണ്. ആവശ്യത്തിന് കറന്‍സിയില്ലാതെ വലയുന്ന കര്‍ഷകര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം താങ്ങുവിലയിലും കുറഞ്ഞ വിലയ്ക്ക് കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന ഗതികേടിലാണ്. ബിജെപിയുടെ സാമ്പത്തികനയങ്ങള്‍ക്കും പ്രധാനമന്ത്രിയുടെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനും എതിരെ ഈ വിഭാഗം ജനങ്ങളെ അണിനിരത്തുന്നതിനുപകരം എസ്പി- കോണ്‍ഗ്രസ് സഖ്യവും ബിഎസ്പിയും ബിജെപിയുടെ ആഖ്യാനങ്ങളുടെ കെണിയില്‍ ചെന്നുവീഴുകയായിരുന്നു. നോട്ട് അസാധുവാക്കല്‍ നടപടി സമ്പന്നര്‍ക്ക് എതിരും ദരിദ്രര്‍ക്ക് അനുകൂലവുമാണെന്ന പ്രചാരണമാണ് പിന്നീടുണ്ടായത്. വാസ്തവം അതിന് കടകവിരുദ്ധമായിരുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനുമുമ്പുതന്നെ ഈ പാര്‍ടികളുടെ സമീപനം വ്യക്തമായിരുന്നു. നോട്ടുനിരോധനത്തെ എതിര്‍ത്ത് പാര്‍ലമെന്റില്‍ 16 പാര്‍ടികള്‍ രംഗത്തുവന്നു. ഇടതുപക്ഷപാര്‍ടികളുടെ ആഹ്വാനപ്രകാരം 2016 നവംബര്‍ 28ന് രാജ്യവ്യാപക ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഈ ആഹ്വാനത്തോട് അധരവ്യായാമം കൊണ്ടുമാത്രം പ്രതികരിച്ച പ്രധാന മതനിരപേക്ഷകക്ഷികള്‍ ജനങ്ങളുടെ രോഷം വന്‍ജനകീയപ്രതിഷേധമായി മാറ്റിയെടുക്കുന്നതില്‍ വിമുഖത കാണിച്ചു. ഈ പരാജയം ബിജെപിയുടെ വാദങ്ങള്‍ക്ക് മേല്‍ക്കൈ ലഭിക്കാന്‍ കാരണമായി. ഇത്തരം ആഖ്യാനങ്ങളുടെ കെണിയില്‍ വീണ പ്രതിപക്ഷത്തെ ബൂര്‍ഷ്വാകക്ഷികള്‍ സ്വത്വം, ജാതി എന്നിവയില്‍ അധിഷ്ഠിതമായ വിഭാഗങ്ങളെ തെരഞ്ഞെടുപ്പുവിജയത്തിനായി അണിനിരത്താമെന്ന ഏകചിന്തയില്‍ വ്യാപൃതരായി.

ബൂര്‍ഷ്വാമാധ്യമങ്ങളിലെ നിപുണരായ ബിജെപി അനുകൂലികളുടെ സഹായവും പണക്കൊഴുപ്പിന്റെ അഭൂതപൂര്‍വമായ പ്രദര്‍ശനവുംകൂടിയായപ്പോള്‍ ബിജെപിയുടെ ആഖ്യാനങ്ങളൊഴികെ മറ്റൊന്നും ജനങ്ങള്‍ക്കുമുമ്പില്‍ ഇല്ലാത്ത സ്ഥിതിവന്നു. ബിജെപിയുടെ ആഖ്യാനങ്ങള്‍ക്ക് ബദല്‍ ആഖ്യാനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് ഇടതുപക്ഷ പാര്‍ടികള്‍മാത്രമാണ്. ഇടതുപക്ഷം ശക്തമായ രാഷ്ട്രീയസാന്നിധ്യമല്ലാത്ത ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും അത്തരമൊരു ബദല്‍ ആഖ്യാനത്തിന്റെ അഭാവത്തിലാണ് ബിജെപി നേട്ടമുണ്ടാക്കിയത്.

തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയപാര്‍ടികളുടെ അഴിമതി നേരിടുമെന്ന ബിജെപിയുടെ അവകാശവാദവും ഈ തെരഞ്ഞെടുപ്പില്‍ തുറന്നുകാണിക്കപ്പെട്ടു. ബിജെപി പണമൊഴുക്കിയതും മുമ്പെങ്ങുമില്ലാത്ത തരത്തിലായിരുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ കഴിയാതിരുന്നിട്ടും ഗോവയിലും മണിപ്പുരിലും ഭൂരിപക്ഷം പടച്ചുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞതിലും ഈ ധനശേഷിക്ക് വലിയ പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പണക്കൊഴുപ്പിന്റെ ഉപയോഗം തടയുന്നതിന്, വേരുറപ്പുള്ള തെരഞ്ഞെടുപ്പ് പരിഷ്കരണത്തിന് മുന്‍കൈയെടുക്കേണ്ടത് അനിവാര്യമായിരിക്കുന്നു. ബിജെപി അഴിച്ചുവിട്ട മൂര്‍ച്ചയേറിയ വര്‍ഗീയ കടന്നാക്രമണത്തെ പ്രതിരോധിക്കാനും ഇന്ത്യന്‍ റിപ്പബ്ളിക്കിന്റെ മതനിരപേക്ഷ- ജനാധിപത്യ അടിത്തറ കാക്കാനും ബിജെപിയുടെയും മോഡിയുടെയും ആഖ്യാനങ്ങള്‍ക്കുള്ള ബദല്‍ ആഖ്യാനം സൃഷ്ടിക്കാനും ഏറ്റവും വിശ്വാസ്യതയും ഏറ്റവും ശക്തിയുമുള്ള  രാഷ്ട്രീയശക്തി ഇടതുപക്ഷമാണ്.

രാക്ഷസീയ രൂപംപൂണ്ട വര്‍ഗീയതയെ പരാജയപ്പെടുത്താന്‍  ജനകീയസമരങ്ങള്‍ക്ക് ശക്തിപകര്‍ന്നുകൊണ്ടുമാത്രമേ സാധിക്കൂ എന്നതാണ് അന്തിമവിശകലനത്തില്‍ തെളിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News