മുഖ്യമന്ത്രി പിണറായി ഹൈദരാബാദില്‍; പൊതുപരിപാടി വൈകിട്ട് ആറിന്; വര്‍ഗീയ ഭീഷണിക്ക് മുന്നില്‍ പിന്മാറ്റമില്ലാതെ വീര തെലങ്കാനയുടെ പുതുതലമുറ

ഹൈദരാബാദ് : വര്‍ഗീയ ഭീഷണിക്കു മുന്നില്‍ പതര്‍ച്ചയും പിന്‍മാറ്റവുമില്ലെന്ന് പ്രഖ്യാപിച്ച് വീരതെലങ്കാനയുടെ പുതുതലമുറ ഹൈദരാബാദില്‍ സംഗമിക്കുന്നു. കേരള മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയനെ സ്വീകരിക്കാനും അഞ്ചുമാസം നീണ്ട മഹാജനപദയാത്രയുടെ സമാപന റാലി വിജയിപ്പിക്കാനുമായി ആയിരങ്ങള്‍ തയ്യാറെടുത്തു.

സാമൂഹ്യനീതിയുടെയും സമഗ്ര വികസനത്തിന്റെയും മുദ്രാവാക്യമുയര്‍ത്തി സമരാവേശം സംഗമിക്കുന്ന മഹാസമ്മേളനത്തിനാണ് ഞായറാഴ്ച ഹൈദരാബാദിലെ സരൂര്‍ നഗര്‍ ഗ്രൗണ്ട് വേദിയാകുന്നത്. സിപിഐ എം തെലങ്കാന സംസ്ഥാന സെക്രട്ടറി തമിനേനി വീരഭദ്രത്തിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 17ന് ആരംഭിച്ച പദയാത്ര ശനിയാഴ്ച വൈകിട്ട് നഗരത്തിലെത്തി.

നൂറുകണക്കിനാളുകള്‍ ചെങ്കൊടിയേന്തി നഗരാതിര്‍ത്തിയില്‍ വന്‍ വരവേല്‍പ്പ് നല്‍കി. സമാപന സമ്മേളനത്തില്‍ പിണറായിക്ക് പുറമെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എന്നിവര്‍ സംസാരിക്കും.

നഗരഹൃദയത്തിലെ നിസാം കോളേജ് ഗ്രൗണ്ടില്‍ നിശ്ചയിച്ചിരുന്ന റാലി സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ചാണ് സരൂര്‍ നഗര്‍ ഗ്രൌണ്ടിലേക്കു മാറ്റിയത്. പിണറായി വിജയന്‍ കൊച്ചിയില്‍നിന്നുള്ള വിമാനത്തില്‍ രാത്രി ഹൈദരാബാദിലെത്തി. അദ്ദേഹം റാലിയില്‍ പങ്കെടുക്കരുത് എന്ന ബിജെപി എംഎല്‍എ രാജാ സിങ്ങിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തെലങ്കാനയിലെ സിപിഐഎം പ്രവര്‍ത്തകരും മലയാളി സമൂഹവും വര്‍ധിതമായ ആവേശത്തോടെയാണ് ഒരുക്കം പൂര്‍ത്തിയാക്കുന്നത്.

മുഖ്യമന്ത്രിയായശേഷം ആദ്യമായി ഹൈദരാബാദില്‍ എത്തുന്ന പിണറായിക്ക് മലയാളി സമൂഹം ഉജ്വലമായ വരവേല്‍പ്പ് ഒരുക്കുന്നുണ്ട്. ആര്‍ടിസി ക്രോസ് റോഡിലെ കലാഭവനില്‍ ഞായറാഴ്ച പകല്‍ മൂന്നിനാണ് മലയാളികളുടെ സ്വീകരണം. കവി മുരുകന്‍ കാട്ടാക്കടയും പങ്കെടുക്കും. രാവിലെ പൊലീസ് വകുപ്പിന്റെ ചടങ്ങിലും തുടര്‍ന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നല്‍കുന്ന ഔപചാരിക സ്വീകരണത്തിലും പിണറായി പങ്കെടുക്കും.

ബിജെപി ഭീഷണിയുടെ പശ്ചാത്തലത്തില്‍ പിണറായി വിജയനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് തെലങ്കാന പൊലീസ് അറിയിച്ചതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൈദരാബാദിലെ മലയാളി സമൂഹം കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി രാധാകൃഷ്ണന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News