നിരന്തര സമര പോരാട്ടങ്ങളിലൂടെ സ്ഫുടം ചെയ്‌തെടുക്കപ്പെട്ട യുവപോരാളി; അഡ്വ. എംബി ഫൈസലിനൊപ്പം ചരിത്രം തിരുത്താന്‍ കോട്ടകളെ തച്ചുതകര്‍ത്ത പാരമ്പര്യമുള്ള മലപ്പുറത്തിന്റെ മണ്ണ്

മലപ്പുറം : യുവതലമുറയെ മതേതര പക്ഷത്ത് ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ നിര്‍ണായക നേതൃസ്ഥാനം വഹിക്കുന്ന പുരോഗമന യുവത്വത്തിന്റെ ജില്ലയിലെ അമരക്കാരനാണ് അഡ്വ. എംബി ഫൈസല്‍. വിദ്യാര്‍ത്ഥി ജീവിതം മുതല്‍ സമരങ്ങളിലൂടെയും നിരന്തര പോരാട്ടങ്ങളിലൂടെയും സ്ഫുടം ചെയ്‌തെടുത്ത പക്വമതിയായ യുവനേതാവ്. ജനഹൃദയങ്ങളില്‍ ഇടം നേടിയ അഡ്വ. എംബി ഫൈസല്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം കൂടിയാണ്.

സമരത്തിന്റെ തീച്ചൂളയിലുടെയാണ് അഡ്വ. എംബി ഫൈസല്‍ വളര്‍ന്നത്. എടപ്പാള്‍ വട്ടംകുളം സ്വദേശി. എസ്എഫ്‌ഐയിലൂടെ വിദ്യാര്‍ത്ഥി സംഘടനാ രംഗത്തെത്തി. എസ്എഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയും ജില്ലാ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയുമായി. പൊന്നാനി എംഇഎസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നിന്ന് ബിരുദം. കോഴിക്കോട് ഗവ. ലോ കോളജില്‍ നിന്ന് നിയമത്തിലും ബിരുദം. മലപ്പുറം കോടതിയില്‍ അഭിഭാഷകന്‍.

ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റ്. സംസ്ഥാന കമ്മിറ്റിയംഗവുമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ചങ്ങരംകുളത്തുനിന്നും മലപ്പുറം ജില്ലാപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കലിക്കറ്റ് സര്‍വകലാശാല ഭൂമിദാനവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ തുറന്ന സമരമുഖത്ത് മുന്നണിപ്പോരാളിയായി.

സമരത്തിനിടെ ഭീകരമായ പൊലീസ് മര്‍ദ്ദനത്തിന് ഇരയായി. ജനകീയ പ്രതിഷേധത്തിനിറങ്ങിയതിന് യുഡിഎഫ് സര്‍ക്കാരിന്റെ പൊലീസ് കേസില്‍ പ്രതിയാക്കി. പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കിയതിന് പൊലീസ് ചുമത്തിയ കുറ്റം പ്രകാരം ഏഴ് ദിവസത്തെ ജയില്‍വാസം.

സിപിഐഎം ജില്ലാകമ്മിറ്റി സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കുമ്പോള്‍ യുവത്വത്തിന്റെ പ്രതിനിധിയായാണ് എംബി ഫൈസല്‍ കടന്നുവരുന്നത്. ജില്ലയിലെ യുവത്വത്തിനും പൊതുസമൂഹത്തിനും സ്വീകാര്യനായ ചെറുപ്പക്കാരന്‍ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ മലപ്പുറത്തെ ലീഗ് കോട്ടകളില്‍ വിള്ളല്‍ വീഴ്ത്താമെന്ന് തന്നെയാണ് സിപിഐഎമ്മിന്റെയും എല്‍ഡിഎഫിന്റെയും പ്രതീക്ഷ.

കോട്ടകൊത്തളങ്ങളെ പലതവണ തച്ചുതകര്‍ത്ത പാരമ്പര്യമുള്ള മലപ്പുറത്തിന്റെ മണ്ണ് ഇത്തവണയും ചരിത്രം തിരുത്തുമെന്നാണ് പ്രതീക്ഷ. വര്‍ഗീയതക്കും ഫാസിസത്തിനുമെതിരെ എക്കാലവും ചെറുത്ത് നിന്ന മലപ്പുറത്തെ മതേതരപക്ഷത്ത് ഉറപ്പിച്ചുനിര്‍ത്തുകയാണ് ഇടതുപക്ഷം ഏറ്റെടുത്ത ദൗത്യം. ആ ദൗത്യം മലപ്പുറത്തെയും കേരളത്തിന്റെയും മതേതര മനസിന്റെ ഉറച്ച പ്രതീക്ഷയുടെ കനലുകളെയാണ് ജ്വലിപ്പിക്കുന്നത്.

ദേശീയ തലത്തില്‍ ശക്തമായ ബദല്‍ നിലപാടുകളുള്ള രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തേരാളിക്കൊപ്പം മലപ്പുറം അണിനിരന്നാല്‍ കരുത്താര്‍ജ്ജിക്കുക ഫാസിസത്തിനെതിരായ പോരാട്ടം കൂടിയാണ്. അഡ്വ. എംബി ഫൈസലിനെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിന് നിരവധി പുതിയ പ്രതീക്ഷകളും സാധ്യതകളുമാണ് ഇടതുപക്ഷം സമ്മാനിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News