ഇഎംഎസ്: ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവ്

ആധുനിക കേരളത്തിന്റെ സ്രഷ്ടാവെന്ന വിശേഷണത്തിന് അര്‍ഹനായ ഇഎംഎസിന്റെ 19-ാം ചരമവാര്‍ഷികദിനമാണ് ഇന്ന്. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് വിത്തിട്ട് വളര്‍ത്തിയെടുക്കുന്നതിന് നേതൃത്വം നല്‍കിയ അദ്ദേഹം അഖിലേന്ത്യാ തലത്തില്‍ പാര്‍ടിയുടെ ഉയര്‍ച്ചയ്ക്ക് വലിയ സംഭാവന പ്രദാനംചെയ്തു. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെതന്നെ സമുന്നതനേതാക്കളിലൊരാളായി ഇഎംഎസ് മാറി.

ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെയും ജന്മിനാടുവാഴിത്തത്തിന്റെയും കൊടും ക്രൂരതകള്‍ നടമാടിയ കാലഘട്ടത്തിലാണ് പൊതുപ്രവര്‍ത്തന പാതയിലേക്ക് കടന്നുവരുന്നത്. അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും കാടുമൂടിക്കിടന്ന ഇല്ലത്തുനിന്നാണ് സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാന പന്ഥാവിലേക്ക് എത്തിയത്. അക്കാലത്തെ നമ്പൂതിരി ഇല്ലങ്ങള്‍ എന്നത് സമ്പത്തിന്റെയും പ്രതാപത്തിന്റെയും കേന്ദ്രങ്ങളായിരുന്നു. ഇതൊന്നും ഇഎംഎസിനെ ആകര്‍ഷിച്ചില്ല. മര്‍ദിതരും പീഡിതരും ചൂഷിതരുമായ ലക്ഷോപലക്ഷം ജനങ്ങളെ ജീവിത യോഗ്യമാക്കി തീര്‍ക്കാനുള്ള പോരാട്ടത്തിനായി സമര്‍പ്പിതമായിരുന്നു ഇഎംഎസിന്റെ ജീവിതം.

കുടുംബം അദ്ദേഹത്തിന് സമൂഹമായിരുന്നു. സ്വകാര്യജീവിതത്തെ സാമൂഹ്യജീവിതവുമായി ഇത്രമേല്‍ ലയിപ്പിച്ച രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ അധികമില്ല. കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച നിരവധി സംവാദങ്ങളുടെയും ബില്ലുകളുടെയും നിയമനിര്‍മാണങ്ങളുടെയും പുറകില്‍ ഇഎംഎസിന്റെ അടിസ്ഥാന വര്‍ഗത്തോടുള്ള ആഴമേറിയ സ്‌നേഹത്തിന്റെ അടയാളപ്പെടുത്തുലുകളുണ്ട്.

സാമൂഹ്യപരിഷ്‌കരണ മുദ്രാവാക്യങ്ങളുയര്‍ത്തി അക്കാലത്ത് ഉയര്‍ന്നുവന്ന സംഘടനകളുടെയും കൂട്ടായ്മകളുടെയും ഭാഗമായി അദ്ദേഹം മാറി. അനാചാരങ്ങള്‍ക്കെതിരായ ഇടപെടലുകള്‍ സമുദായത്തിനകത്ത് വലിയ ചലനം സൃഷ്ടിച്ചു. ദേശീയ പ്രസ്ഥാനത്തിന്റെ നേതാവായി നന്നേ ചെറുപ്പത്തില്‍തന്നെ ഇഎംഎസ് ഉയര്‍ന്നു. 1934ലും 1938 – 40ലും കെപിസിസി സെക്രട്ടറിയായി. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലൂടെ കമ്യൂണിസ്റ്റ് പാര്‍ടിയിലെത്തി.

1937ല്‍ രൂപീകരിച്ച കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പില്‍ ഇഎംഎസ് അംഗമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ വിവിധ തലങ്ങളില്‍ അദ്ദേഹം ചുമതലകള്‍ നിര്‍വഹിച്ചു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെയും പിന്നീട് സിപിഐ എമ്മിന്റെയും ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

മാര്‍ക്‌സിസത്തെ പ്രയോഗവുമായി ബന്ധിപ്പിക്കുന്നതില്‍ ഇഎംഎസ് നല്‍കിയ സംഭാവന അതുല്യമാണ്. സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ് ചേരിയുടെയും തകര്‍ച്ച സാര്‍വദേശീയ രംഗത്ത് സോഷ്യലിസത്തിനും കമ്യൂണിസത്തിനും എതിരായ പ്രചാരണം ശക്തിപ്പെടുത്താനുള്ള അവസരമായി പ്രതിവിപ്ലവകാരികള്‍ ഉപയോഗിച്ചു. കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയില്‍ ലോകത്തിലെ വിവിധ പാര്‍ടികള്‍ വീണുപോയി. കമ്യൂണിസ്റ്റ് പാര്‍ടി എന്ന പേരും ചുവന്ന കൊടിയും ഉപേക്ഷിക്കുന്നതില്‍വരെ ചില പാര്‍ടികള്‍ എത്തി.

അത്തരം ഒരു കാലഘട്ടത്തില്‍ സോഷ്യലിസ്റ്റ് പ്രയോഗത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയും സോഷ്യലിസത്തിന്റെ പ്രസക്തി ആവര്‍ത്തിച്ചും സിപിഐഎം നിലപാടുകള്‍ രൂപപ്പെടുത്തി. അതിനു പിന്നില്‍ വ്യക്തിയെന്ന നിലയില്‍ ഏറ്റവും വലിയ സംഭാവന നല്‍കിയത് ഇഎംഎസ് ആയിരുന്നു. ദേശീയ അന്തര്‍ദേശീയരംഗത്ത് പ്രശ്‌നങ്ങളെ വിശകലനംചെയ്യുന്നതില്‍ അദ്ദേഹം പുലര്‍ത്തിയ പാടവം അനിതര സാധാരണമായിരുന്നു. അതുവഴി ലോകകമ്യൂണിസ്റ്റ് നേതാക്കളുടെ കൂട്ടത്തില്‍ സ്ഥാനംപിടിച്ചു.

കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച രണ്ട് മന്ത്രിസഭകളെ ഇഎംഎസ് നയിച്ചു. ബാലറ്റ് പേപ്പറിലൂടെ ഒരു സംസ്ഥാനത്ത് അധികാരത്തില്‍ വന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ടി എങ്ങനെ പ്രവര്‍ത്തിക്കണം എന്നത് സംബന്ധിച്ച് മുന്‍ അനുഭവങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഈ വിഷമകരമായ അവസ്ഥയില്‍ നിന്നുകൊണ്ട് സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്നതില്‍ അന്യാദൃശമായ പാടവമാണ് ഇഎംഎസ് കാണിച്ചത്. കേരളത്തിന്റെ വികസനത്തിന് അടിസ്ഥാനമിട്ട നിരവധി പരിഷ്‌കാരങ്ങള്‍ക്ക് ഈ കാലയളവില്‍ ഇഎംഎസ് നേതൃത്വം നല്‍കി.

ഭൂപരിഷ്‌കരണം, വിദ്യാഭ്യാസബില്‍, അധികാര വികേന്ദ്രീകരണത്തിനു വേണ്ടിയുള്ള ഇടപെടല്‍, ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ എടുത്തുമാറ്റല്‍ തുടങ്ങി നിരവധി പരിഷ്‌കാരങ്ങള്‍ ഈ കാലയളവില്‍ നടപ്പാക്കി. ഭൂപരിഷ്‌കരണമേഖലയില്‍ ഉള്‍പ്പെടെ രണ്ടാം ഇഎംഎസ് സര്‍ക്കാര്‍ വരുത്തിയ മാറ്റം കേരളത്തിന്റെ വികസനചരിത്രത്തില്‍ സുപ്രധാനമാണ്. അതുവഴി കേരളത്തിന്റെ പില്‍ക്കാല വികസനത്തിന് അടിത്തറപാകുന്ന നയസമീപനങ്ങള്‍ മുന്നോട്ടുപോകാന്‍ ഇഎംഎസിന് കഴിഞ്ഞു.

മുഖ്യമന്ത്രിയായി അധികാരത്തില്‍ വന്നയുടന്‍ ഭൂമിയില്‍നിന്ന് മണ്ണിന്റെ മക്കളെ ഒഴിപ്പിക്കല്‍നടപടി അവസാനിപ്പിക്കുന്ന രേഖയിലാണ് അദ്ദേഹം ഒപ്പുവച്ചത്. കേരളത്തില്‍ ജന്മിത്വം അവസാനിപ്പിക്കുന്നതിനും ഈ രാജ്യത്ത് ആദ്യമായി സമഗ്രമായ ഭൂപരിഷ്‌കരണ നടപടികള്‍ നടപ്പാക്കുന്നതിനും ഇഎംഎസ് സര്‍ക്കാരിനു കഴിഞ്ഞു. ജീവിതകാലമത്രയും മണ്ണില്‍ പണിയെടുത്തിട്ടും ആറടി മണ്ണുപോലും സ്വന്തമെന്നു പറയാനില്ലാത്ത ദയനീയാവസ്ഥയില്‍ കഴിഞ്ഞിരുന്ന മണ്ണിന്റെ മക്കള്‍ക്ക് സ്വന്തമായി ഒരു തുണ്ട് ഭൂമി നല്‍കിയെന്നതാണ് ഇഎംഎസ് സര്‍ക്കാരിന്റെ ഏറ്റവും ഉന്നതവും മനുഷ്യത്വ പൂര്‍ണവുമായ നടപടി.

കേരളത്തിന്റെ ഭാവിവികസനസാധ്യതകളെ രൂപപ്പെടുത്തിയ അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസിന്റെ മുഖ്യ സംഘാടകരിലൊരാളായും അദ്ദേഹം പ്രവര്‍ത്തിച്ചു. വ്യക്തിജീവിതത്തിലെ വിശുദ്ധിയുടെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകവുമായിരുന്നു ഇഎംഎസ്. സൈദ്ധാന്തികരംഗത്തെ ഇഎംഎസിന്റെ സംഭാവനകള്‍ താരതമ്യം ചെയ്യാനാവാത്തത്രയും വലുതാണ്. ചരിത്രവും സാമ്പത്തികശാസ്ത്രവും കലയും സംസ്‌കാരവും എല്ലാം അദ്ദേഹം കൈവച്ച മേഖലകളായിരുന്നു.

കേരളത്തില്‍ ജന്മിത്വം നിലനിന്ന കാലത്തെ സാമൂഹ്യഘടനയെ ജാതി – ജന്മി നാടുവാഴിത്തം എന്ന് വിശേഷിപ്പിച്ചത് പുതിയൊരു വീക്ഷണത്തെ പരിചയപ്പെടുത്തലായിരുന്നു. കലയും സാഹിത്യവും വരേണ്യവര്‍ഗത്തിന്റെ കൈകളില്‍ അമര്‍ന്നുനിന്നിരുന്ന കാലത്താണ് തൊഴിലാളി വര്‍ഗത്തിന്റെ സൗന്ദര്യവീക്ഷണം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇഎംഎസ് പോരാടിയത്.

കേരളത്തിന്റെ കാര്‍ഷികപ്രശ്‌നങ്ങളെ സംബന്ധിച്ച് സമഗ്രമായ ധാരണ ഉണ്ടായിരുന്നു. കുട്ടിക്കൃഷ്ണമേനോന്‍ കമീഷന്‍ റിപ്പോര്‍ട്ടിന് എഴുതിയ വിയോജനക്കുറിപ്പ് ഇക്കാര്യം വ്യക്തമാക്കുന്നു. ഭൂപരിഷ്‌കരണം നടപ്പാക്കുമ്പോള്‍ ദളിതര്‍ ഉള്‍പ്പെടെയുള്ള കര്‍ഷകത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ സവിശേഷമായിത്തന്നെ കാണേണ്ടതുണ്ടെന്ന് അക്കാലത്തുതന്നെ ഇഎംഎസ് ഓര്‍മിപ്പിച്ചു.

വര്‍ഗീയവാദികള്‍ രാജ്യത്ത് അവരുടെ രാഷ്ട്രീയ അടിത്തറ വിപുലപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണ് ഇപ്പോഴത്തേത്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയത്തെ തുറന്നുകാണിക്കാനും അതിനെതിരെ ജനങ്ങളെ അണിനിരത്താനും ഇഎംഎസ് നേതൃപരമായ പങ്ക് വഹിച്ചു. സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുത്തുകൊണ്ടിരിക്കുന്ന കേന്ദ്രനയം ശക്തിപ്പെടുത്തുന്ന വര്‍ത്തമാനകാലത്ത് ഫെഡറലിസത്തിന്റെ പ്രസക്തി ആവര്‍ത്തിച്ചുകൊണ്ട് ഇഎംഎസ് നടത്തിയ പ്രഭാഷണങ്ങളും എഴുതിയ ലേഖനങ്ങളും മുഖ്യമന്ത്രി എന്ന നിലയിലെ ഇടപെടലുകളും ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്നതാണ്.

ഫെഡറലിസം സംരക്ഷിക്കുന്നതിന് ശക്തമായ പോരാട്ടമാണ് ഇഎംഎസ് നടത്തിയത്. കേന്ദ്ര – സംസ്ഥാന ബന്ധങ്ങളെ ജനാധിപത്യപരമായി പുനഃക്രമീകരിക്കാന്‍ നടത്തിയ ഇടപെടല്‍ ഏറെ പ്രധാനപ്പെട്ടതാണ്. മതവിശ്വാസികളുമായി തുറന്ന ചര്‍ച്ചയ്ക്ക് അദ്ദേഹം തയ്യാറായി. അവരുമായുള്ള ഐക്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തിരുന്നു. മതവും വര്‍ഗീയതയും രണ്ടാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് വര്‍ഗീയതയ്‌ക്കെതിരെ മതവിശ്വാസികളെക്കൂടി അണിനിരത്തിയുള്ള പോരാട്ടം സംഘടിപ്പിക്കുന്നതിനുള്ള ഇടപെടലും നടത്തി.

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് ഭരണകൂട സംവിധാനങ്ങളെയാകെ ഉപയോഗപ്പെടുത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അധികാരം ലഭിക്കുന്നതിനുവേണ്ടി വര്‍ഗീയവിഷം വമിക്കുന്ന പ്രചാരണങ്ങളാണ് അഴിച്ചുവിട്ടത്. ജനതയെ ഭിന്നിപ്പിക്കുന്ന വര്‍ഗീയതയുടെ രാഷ്ട്രീയത്തെ അധികാര ലബ്ധിക്കായുള്ള കുറുക്കുവഴിയായാണ് ആര്‍എസ്എസ് – ബിജെപി നേതൃത്വം കാണുന്നത്.

ജനാധിപത്യത്തെ അശേഷം മുഖവിലയ്‌ക്കെടുക്കാത്ത ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ അച്ചിലാണ് അവര്‍ വാര്‍ത്തെടുക്കപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിനുശേഷം അവിഹിതമായ മാര്‍ഗത്തിലൂടെ സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വരുന്നതിന് അവര്‍ നടത്തിയ നീക്കങ്ങള്‍ ജനാധിപത്യ പ്രക്രിയയെത്തന്നെ അപഹാസ്യമാക്കി. രാജ്യത്തെ വന്‍കിട കോര്‍പറേറ്റുകള്‍ നല്‍കുന്ന കോടിക്കണക്കായ അഴിമതിപ്പണമാണ് എംഎല്‍എമാരെ വിലയ്‌ക്കെടുക്കുന്നതിന് അവര്‍ ഉപയോഗിക്കുന്നത്.

അന്ത്യദിനത്തില്‍തന്നെ ഇഎംഎസ് ദേശാഭിമാനിക്ക് എഴുതിയ ലേഖനം കേന്ദ്രത്തിലെ ബിജെപി ഭരണവും ഹിന്ദുത്വരാഷ്ട്രീയവും രാജ്യത്തെ എത്രമാത്രം അഗാധമായ വിപത്തില്‍ കൊണ്ടുചെന്നെത്തിക്കും എന്നതായിരുന്നു. ആ മുന്നറിയിപ്പിന് ഇന്ന് ഇരട്ടി പ്രസക്തിയുണ്ട്.

ബിജെപിയെ ചെറുക്കുന്നതിന്, കോണ്‍ഗ്രസിന് സാധിക്കുകയില്ലെന്നത് അനുഭവത്തിലൂടെ വ്യക്തമാക്കപ്പെട്ടതാണ്. ഉദാരവല്‍ക്കരണ സാമ്പത്തികനയം പിന്തുടരുന്ന പാര്‍ടിയാണ് കോണ്‍ഗ്രസ്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സാമ്പത്തികനയം സമാനമാണ്. ജനവിരുദ്ധ സാമ്പത്തികനയത്തിന്റെ വക്താക്കളായ കോണ്‍ഗ്രസിന് ബിജെപിക്ക് ബദലാകാന്‍ സാധിക്കില്ല. മണിപ്പുരിലെയും ഗോവയിലെയും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ അനുഭവം ഇത് അടിവരയിടുന്നു.

ഗോവയില്‍ കോണ്‍ഗ്രസിന് ബിജെപിയേക്കാള്‍ കൂടുതല്‍ സീറ്റ് കിട്ടി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോണ്‍ഗ്രസ് മാറി. എന്നാല്‍, കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെട്ടിരുന്ന വ്യക്തിതന്നെ ബിജെപിയെ അധികാരത്തിലേറാന്‍ സഹായിക്കുന്ന കാഴ്ചയാണ് അവിടെ കണ്ടത്. ഇത് കാണിക്കുന്നത് കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി ഇടതുപക്ഷ മതേതരശക്തികളുടെ ഐക്യം ശക്തിപ്പെടണമെന്നാണ്.

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തിലാണ് ഹിന്ദുത്വ രാഷ്ട്രീയശക്തികള്‍. മുഖ്യമന്ത്രിയെ കൊലപ്പെടുത്തുന്നതിന് പാരിതോഷികം പ്രഖ്യാപിക്കുന്ന നീചപ്രവൃത്തിയില്‍വരെ അവര്‍ എത്തി. ജനാധിപത്യ സംവിധാനത്തെയും മതനിരപേക്ഷ രാഷ്ട്രീയത്തെയും ദുര്‍ബലപ്പെടുത്തണമെങ്കില്‍ സിപിഐഎമ്മിനെ തകര്‍ക്കണമെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കങ്ങള്‍.

ഈ അപകടം മതനിരപേക്ഷതയെയും ജനാധിപത്യത്തെയും അപകടപ്പെടുത്തുന്നതാണെന്ന് തിരിച്ചറിയുന്നതിനല്ല, എല്‍ഡിഎഫ് സര്‍ക്കാരിനെയും സിപിഐ എമ്മിനെയും ഒറ്റപ്പെടുത്താന്‍ ബിജെപിയുമായി സഹകരിച്ച് നീങ്ങുകയാണ് കോണ്‍ഗ്രസ് നയിക്കുന്ന ഇവിടത്തെ യുഡിഎഫ്. ജനങ്ങളെ അണിനിരത്തിക്കൊണ്ട് പൊരുതി മുന്നേറിയ പാര്‍ടിയാണ് സിപിഐഎം. അതിന്റെ പ്രവര്‍ത്തകരെയും ബന്ധുക്കളെയും ആക്രമിച്ചും കൊലപ്പെടുത്തിയും ഇക്കൂട്ടരുടെ അജന്‍ഡ നടപ്പാക്കാനാണ് ശ്രമം.

ആര്‍എസ്എസ് സംഘപരിവാറിന്റെ വര്‍ഗീയരാഷ്ട്രീയത്തെയും അക്രമവാഴ്ചയെയും അതിന് ഒത്താശചെയ്യുന്ന യുഡിഎഫിനെയും തുറന്നുകാട്ടാനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടുമാകണം ഇഎംഎസിന്റെ ജീവിതസന്ദേശം ബഹുജനങ്ങളിലെത്തിക്കേണ്ടത്. സമരോജ്ജ്വല ഇതിഹാസ സ്മരണയ്ക്ക് പ്രണാമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here