പാസ്റ്റ് അറ്റ് പ്രസന്റ് 20ന് തുടങ്ങും; ദേശീയത, മാധ്യമം, പരിസ്ഥിതി, ലിംഗസമത്വം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും; സംസ്ഥാന യുവജന കമ്മീഷന്റെ ദേശീയ സെമിനാര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : സംസ്ഥാന യുവജന കമ്മീഷന്‍ സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ സെമിനാര്‍ 20ന് തുടങ്ങും. ‘പാസ്റ്റ് അറ്റ് പ്രസന്റ്’ എന്ന് പേരിട്ടിരിക്കുന്ന സെമിനാറില്‍ ദേശീയത, മാധ്യമം, സംസ്‌കാരം, പരിസ്ഥിതി, കേരള മാതൃക തുടങ്ങിയ വിവിധ വിഷയങ്ങളെപ്പറ്റി ചര്‍ച്ച സംഘടിപ്പിക്കും. 20ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും.

രാജ്യത്തിന്റെ ഭൂതഭാവിവര്‍ത്തമാനങ്ങളെ പുതിയ തലമുറ എങ്ങിനെയാണ് പുനര്‍നിര്‍വചിക്കുന്നതെന്ന് ദേശീയ സെമിനാര്‍ പരിശോധിക്കും. 20 മുതല്‍ 22 വരെ മാസ്‌കോട് ഹോട്ടലിലാണ് സെമിനാര്‍ നടക്കുന്നത്. ‘പാസ്റ്റ് അറ്റ് പ്രസന്റ്’ എന്ന് പേരിട്ടിരിക്കുന്ന സെമിനാറില്‍ ദേശീയത, മാധ്യമം, സംസ്‌കാരം, പരിസ്ഥിതി, കേരള മാതൃക തുടങ്ങിയ വിവിധ വിഷയങ്ങളെപ്പറ്റി വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളും പ്രഭാഷണങ്ങളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

21ന് പരിസ്ഥിതിയുമായി ബന്ധപ്പെട്ട സെഷനില്‍ കെഎന്‍ ബാലഗോപാല്‍, ദേശീയതയുമായി ബന്ധപ്പെട്ട സെഷനില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, സംസ്‌കാരവുമായി ബന്ധപ്പെട്ട സെഷനില്‍ ഡോ. ജി അജിത്കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. മാധ്യമവുമായി ബന്ധപ്പെട്ട വിഭാഗത്തില്‍ ഗൗരീദാസന്‍ നായര്‍, കെജെ ജേക്കബ്, ആര്‍എസ് ബാബു, ഷാനി പ്രഭാകര്‍, ഇ സനീഷ്, എബി തരകന്‍, സെബിന്‍ എ. ജേക്കബ് എന്നിവര്‍ സംസാരിക്കും.

കേരള മാതൃകയെപ്പറ്റി ഡോ. കെഎന്‍ ഹരിലാലും ഭാഷയിലേയും സംസ്‌കാരത്തിലേയും വൈവിധ്യത്തേയും ദേശീയ അസ്തിത്വത്തേയും പറ്റി കവികളായ കുരീപ്പുഴ ശ്രീകുമാര്‍, മുരുകന്‍ കാട്ടാക്കട, ഗിരീഷ് പുലിയൂര്‍ എന്നിവരും സംസാരിക്കും. 22ന് രാവിലെ ലിംഗ സമത്വത്തെപ്പറ്റി ഡോ. എംഎ സിദ്ദീഖ്, സുജ സൂസന്‍ ജോര്‍ജ്, ശീതള്‍ ശ്യാം തുടങ്ങിയവര്‍ സംസാരിക്കും.

ഉദ്ഘാടന ചടങ്ങില്‍ യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം അധ്യക്ഷയാകും. കെ മുരളീധരന്‍ എംഎല്‍എ, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ഡോ. ബി അശോക്, ചലച്ചിത്രനടന്‍ മധു തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. യൂത്ത് കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ആര്‍ആര്‍ സഞ്ജയ് കുമാര്‍ സ്വാഗതവും എ ബിജി നന്ദിയും പറയും.

ഭാവി പ്രതീക്ഷകളെപ്പറ്റി ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്, തദ്ദേശവകുപ്പു മന്ത്രി ഡോ. കെടി ജലീല്‍, വിഎസ് ശിവകുമാര്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കുന്ന സെഷനോടെ സെമിനാര്‍ 22ന് സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News