ബിസിസിഐ നിയമാവലി പൊളിച്ചെഴുതി ഇടക്കാല ഭരണസമിതി; ഒരു സംസ്ഥാനത്തിന് ഒരുവോട്ട് മാത്രം; പ്രസിഡന്റിന്റെയും ട്രഷറുടെയും അധികാരം വെട്ടിക്കുറച്ചു

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സമഗ്രമായി പൊളിച്ചെഴുതി വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതി. ബിസിസിഐയുടെ നിയമാവലി ഇടക്കാല ഭരണസമിതി ഭേദഗതി ചെയ്തു. ഒരു സംസ്ഥാനത്തിന് ഒരുവോട്ട് എന്ന സുപ്രധാന തീരുമാനവും കൈക്കൊണ്ടു.

മുംബൈയുടെയും സൗരാഷ്ട്രയുടെയും പൂര്‍ണ അംഗത്വം എടുത്തു കളഞ്ഞു. വടക്കു കിഴടക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണ അംഗത്വം നല്‍കാനും സുപ്രീം കോടതി നിയമിച്ച ഇടക്കാല ഭരണസമിതി തീരുമാനിച്ചു. ബിസിസിഐയില്‍ വര്‍ക്കിങ് കമ്മിറ്റിക്ക് പകരം ഉന്നതാധികാര സമിതിയാകും ഭരണം നിര്‍വഹിക്കുക. ബിസിസിഐ പ്രസിഡന്റിന്റെയും ട്രഷറുടെയും അധികാരം വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ നിന്നുള്ള മുംബൈയുടെയും വിദര്‍ഭയുടെയും ഗുജറാത്തില്‍ നിന്നുള്ള സൗരാഷ്ട്രയുടെയും ബറോഡയുടെയും പൂര്‍ണ അംഗത്വം എടുത്തുകളഞ്ഞു. ഒരു സംസ്ഥാനത്തിന് ഒരുവോട്ട് എന്ന സുപ്രധാന തീരുമാനത്തോടെ ബിസിസിഐയില്‍ ഗുജറാത്ത്, മഹാരാഷ്ട്ര ലോബികള്‍ക്കുള്ള അമിതാധികാരം അവസാനിക്കും.

ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യ, നാഷണല്‍ ക്രിക്കറ്റ് ക്ലബ്ബ്, റെയില്‍വേസ്, സര്‍വീസസ്, യൂണിവേഴ്‌സിറ്റീസ് എന്നിവരുടെ വോട്ടിങ് അവകാശവും എടുത്തു കളഞ്ഞു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെക്കൂടാതെ ബിഹാര്‍, തെലങ്കാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളെയും പൂര്‍ണ അംഗങ്ങളാക്കി.

ലോധ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇടക്കാല ഭരണസമിതി നിയമാവലിയില്‍ ഭേദഗതി ചെയ്തത്. ഈ ഭേദഗതികളുടെ പൂര്‍ണ റിപ്പോര്‍ട്ട് ബിസിസിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിനോദ് റായി, രാമചന്ദ്ര ഗുഹ, വിക്രം ലിമായെ, ഡയാന എഡുല്‍ജി എന്നിവരടങ്ങുന്ന സമിതിയാണ് ഭേദഗതി വരുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here