സ്വാശ്രയ വിഷയത്തില്‍ നിലപാടറിയിച്ച് കൂടുതല്‍ വിദ്യാര്‍ത്ഥി സംഘടകള്‍; ജ. കെകെ ദിനേശന്‍ കമ്മിഷന്‍ പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ചു; റിപ്പോര്‍ട്ട് നാല് മാസത്തിനകം

കൊച്ചി : സ്വാശ്രയ വിദ്യാഭ്യാസ മേഖലയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കെകെ ദിനേശന്‍ കമ്മിറ്റിയ്ക്കു മുമ്പാകെ കൂടുതല്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. കൊച്ചിയിലെ സിറ്റിംഗിലാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ പരാതികളും നിര്‍ദേശങ്ങളും കമ്മിറ്റി സ്വീകരിച്ചത്. കമ്മിറ്റി നേരത്തെ തിരുവനന്തപുരത്ത് സിറ്റിംഗ് നടത്തിയിരുന്നു.

സ്വാശ്രയ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ പുതിയ നിയമം നിര്‍മ്മിക്കുന്നതിനു മുന്നോടിയായാണ് ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചത്. ജസ്റ്റിസ് കെകെ ദിനേശന്‍ അധ്യക്ഷനായ മൂന്നംഗ കമ്മിറ്റി കൊച്ചിയില്‍ സിറ്റിംഗ് നടത്തി. സേവ് എജ്യുക്കേഷന്‍ കമ്മിറ്റി ഉള്‍പ്പടെ വിവിധ സംഘടനകള്‍ കമ്മിറ്റിക്കു മുമ്പാകെ നിരവധി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു.

സ്വാശ്രയ കോളേജുകളിലെ പ്രവേശനം നൂറ് ശതമാനവും മെറിറ്റിനെ അടിസ്ഥാനമാക്കിയായിരിക്കണം എന്നതാണ് പ്രധാന നിര്‍ദേശം. കോളേജിലെ സംഘടനാ സ്വാതന്ത്ര്യം, ഇന്റേണല്‍ മാര്‍ക്ക്, ഹാജര്‍ തുടങ്ങി വിവിധ നിര്‍ദേശങ്ങള്‍ കമ്മിറ്റിക്കു മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ട്.

കമ്മിറ്റി നേരത്തെ തിരുവനന്തപുരത്ത് നടത്തിയ സിറ്റിംഗില്‍ എസ്എഫ്‌ഐ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളും നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. പരാതികളും നിര്‍ദേശങ്ങളും കേട്ട ശേഷം 4 മാസത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മിറ്റിയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here