കൃഷ്ണദാസ് വിദ്യാര്‍ഥിയെ മര്‍ദിച്ചത് എട്ടുമണിക്കൂറോളം; ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും; അറസ്റ്റ് സംബന്ധിച്ച വിശദീകരണം പൊലീസ് നല്‍കും

കൊച്ചി/തൃശൂര്‍: ലക്കിടി കോളേജ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ നെഹ്‌റു ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്ത വിവരം പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

നിയമം ലംഘിച്ചാണ് അറസ്റ്റ് ചെയ്തതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പൊലീസിനോട് നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അറസ്റ്റ് സംബന്ധിച്ച വിശദീകരണം പൊലീസ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. തുടര്‍ന്ന് മുന്‍കുര്‍ ജാമ്യ ഹര്‍ജിയില്‍ കോടതി വിധി പറയും.

അതേസമയം, സംഭവത്തില്‍ റിമാന്‍ഡിലായ കൃഷ്ണദാസിനെ വിയ്യൂര്‍ സബ് ജയിലിലേക്ക് മാറ്റി. കൃഷ്ണദാസിനൊപ്പം ലീഗല്‍ അഡൈ്വസര്‍ സുചിത്ര, പിആര്‍ഒ വത്സലകുമാരന്‍, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ സുകുമാരന്‍, കായിക അധ്യാപകന്‍ ഗോവിന്ദന്‍കുട്ടി എന്നിവരെയും റിമാന്‍ഡ് ചെയ്തിരുന്നു. ഇവരുടെ ജാമ്യാപേക്ഷ ഇന്ന് വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. തട്ടിക്കൊണ്ടുപോകല്‍, ഭീഷണിമുഴക്കല്‍, എന്നിവയടക്കം ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.
ലക്കിടി ജവഹര്‍ലാല്‍ കോളേജിലെ എല്‍എല്‍ബി വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്ത് അലി(22) നല്‍കിയ പരാതിയിലാണ് കൃഷ്ണദാസിനെയും സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തത്. ജിഷ്ണു പ്രണോയ് മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഷഹീറിനെ, കൃഷ്ണദാസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി.

ക്രിസ്മസ് അവധിക്ക് ശേഷം പാമ്പാടി കോളേജിലെ ജീവനക്കാരന്‍ ഓട്ടോറിക്ഷയിലെത്തി ലക്കിടി കോളേജില്‍നിന്ന് കൃഷ്ണദാസിന്റെ ഓഫീസിലേക്ക് ഷഹീറിനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇവിടെവച്ച് കൃഷ്ണദാസ് തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്നാണ് വിദ്യാര്‍ഥിയുടെ പരാതി. പലതവണ ചെകിട്ടത്തടിച്ചു. മുട്ടുകാലുകൊണ്ട് വയറ്റത്ത് ഇടിച്ചു. നിലത്തുവീണപ്പോള്‍ തലയില്‍ ഷൂസിട്ട കാലുകൊണ്ട് ചവിട്ടിയെന്നും ഷഹീര്‍ പറയുന്നു. എട്ടുമണിക്കൂറോളമാണ് തന്നെ മുറിയില്‍ വച്ച് മര്‍ദിച്ചതെന്നും ഷഹീര്‍ പരാതിയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News