വെളുപ്പാന്‍ കാലത്ത് സൈക്കിളില്‍ നഗരം ചുറ്റി മോഹന്‍ലാല്‍; പത്രവിതരണക്കാരോടും നടക്കാനിറങ്ങിയവരോടും ചിരിച്ച് യാത്ര തുടര്‍ന്നു

വെളുപ്പാന്‍ കാലത്ത് സൈക്കിളില്‍ തിരുവനന്തപുരം നഗരം ചുറ്റി നടന്‍ മോഹന്‍ലാല്‍. സെക്രട്ടേറിയറ്റിന് മുന്നിലൂടെ കോഫി ഹൗസ് വരെ സൈക്കിളില്‍ പോയ താരത്തെ അധികമാരും തിരിച്ചറിഞ്ഞില്ലെന്നാണ് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞദിവസം പുലര്‍ച്ചെ നാലരയ്ക്കാണ് മോഹന്‍ലാല്‍ നഗരം ചുറ്റാനിറങ്ങിയത്.

ബി. ഉണ്ണിക്കൃഷ്ണന്റെ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി തിരുവനന്തപുരത്തുണ്ടായിരുന്നു. ഷൂട്ടിംഗ് തീര്‍ന്ന് കൊച്ചിയിലേക്ക് മടങ്ങുന്നതിന് മുന്‍പായിട്ടാണ് താരം സൈക്കിളുമെടുത്ത് തന്റെ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം നഗരത്തിലെത്തിയത്. സ്റ്റാച്യുവിലെ മാധവരായരുടെ പ്രതിമ ചുറ്റി എംജി റോഡിലൂടെ വടക്കോട്ട് പോയ മോഹന്‍ലാല്‍ കോഫി ഹൗസിന് മുന്നിലെത്തി. അല്‍പ്പനേരം ഇവിടെ നില്‍ക്കുകയും അഞ്ചുമണിയോടെ കൊച്ചിയിലേക്ക് തിരിക്കുകയും ചെയ്തു.

പുലര്‍ച്ച നാലര ആയതിനാല്‍ നഗരത്തില്‍ ജനതിരക്കും കുറവായിരുന്നു. എന്നാല്‍ നടക്കാനിറങ്ങിയവരും പത്രവിതരണക്കാരും മോഹന്‍ലാലിനെ തിരിച്ചറിഞ്ഞ് അത്ഭുതപ്പെട്ടു നിന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അവരോടെല്ലാം ചിരിച്ചു കാണിച്ചാണ് മലയാളത്തിന്റെ പ്രിയതാരം യാത്ര തുടര്‍ന്നതും.

സുഹൃത്തായ സനില്‍ കുമാറാണ് മോഹന്‍ലാലിന്റെ സൈക്കിള്‍ സവാരിക്കായുളള ഒരുക്കങ്ങള്‍ നടത്തിയത്. മുന്‍പൊരു സൗഹൃദസദസില്‍ വച്ച് തിരുവനന്തപുരം നഗരത്തിലൂടെ സൈക്കിള്‍ ചവിട്ടണമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഈ ആഗ്രഹമാണ് സുഹൃത്തുക്കള്‍ ചേര്‍ന്ന് നടപ്പിലാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News