എന്തുകൊണ്ട് യു.പി ഇന്ത്യയാവുന്നില്ല | കെ രാജേന്ദ്രന്‍

യു.പിയില്‍ ബി.ജെ.പി പ്രതീക്ഷിച്ചത് 250 സീറ്റ്. ലഭിച്ചതാകട്ടെ ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും കൂടി ലഭിച്ചത് 325 സീറ്റുകള്‍. 2014ലെ ലോകസഭാ തെരെഞ്ഞെടുപ്പിലും ബി.ജെ.പിക്ക് അവര്‍ ലഭിച്ചത് കണക്ക് കൂട്ടിയതിലും അധികം സീറ്റുകളായിരുന്നു.ഇവിടെ ഞെട്ടിയത് പ്രതിപക്ഷം മാത്രമല്ല, രാജ്യം ഭരിക്കുന്ന പാര്‍ട്ടികൂടിയായിരുന്നു.

തെരഞ്ഞെടുപ്പിനായുളള മുന്നൊരുക്കങ്ങള്‍ നരേന്ദ്രമോദിയും അമിത് ഷായും വളരെ നേരത്തെ ആരംഭിച്ചിരുന്നു. ഗുജറാത്ത് എന്ന പരീക്ഷണശാലയില്‍ വിജയിച്ച അതേതന്ത്രം യു.പിയിലും പയറ്റി. മുസഫര്‍ നഗര്‍ കലാപം,ബീഫ് കൈവശം വെച്ചെന്നാരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ് ലാക്കിനെ തല്ലിക്കൊന്ന സംഭവം, കൈരാനയിലെ ഹിന്ദുക്കള്‍ മുസ്ലിം അതിക്രമങ്ങള്‍ സഹിക്കാനാവാതെ പലായനം ചെയ്യുന്നതായുളള പ്രചാരണം തുടങ്ങിയവയെല്ലാം ആസൂത്രണത്തിന്റെ ഭാഗമായിരുന്നു. മുസ്ലിങ്ങളെ എല്ലാ ഹിന്ദു വിഭാഗങ്ങളില്‍ നിന്നും അകറ്റി. ഇവര്‍ക്കിടയില്‍ ശത്രുത പടര്‍ന്നു. മതവൈരം തിളച്ചുമറിഞ്ഞ മണ്ണിലാണ് പ്രധാനമന്ത്രി ‘കബറിസ്ഥാന്‍’ പ്രസംഗവും അമിത്ഷാ ‘കസബ്’
പ്രസംഗവും നടത്തിയത്. യു.പിയില്‍ ഒരൊറ്റ സീറ്റില്‍പോലും മുസ്ലിങ്ങളെ സ്ഥാനാര്‍ത്ഥിയാക്കാതിരുന്നത് ബി.ജെ.പി നേതാക്കള്‍ തന്നെ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാക്കി.

അപ്പുറത്താകട്ടെ ദീര്‍ഘവീക്ഷണമോ ആസൂത്രണമോ ഇല്ലായിരുന്നു. തെരെഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പുവരെ എസ്.പിനേതാക്കള്‍ വിഹരിച്ചിരുന്നത് കുടുംബതര്‍ക്കങ്ങളിലായിരുന്നു ദളിത് വോട്ടുകളോടൊപ്പം മുസ്ലിംവോട്ടുകള്‍ കൂടിലഭിച്ചാല്‍ അധികാരം കൈപ്പിടിയിലൊതുക്കാമെന്ന കണക്ക് കൂട്ടലില്‍ മായാവതിയുടെ തന്ത്രങ്ങള്‍ ഒതുങ്ങി. രാഹുല്‍ഗാന്ധിയാവട്ടെ കോണ്‍ഗ്രസ് നിലപാട് പ്രശാന്ത് കിഷോര്‍ എന്ന പി ആര്‍ വിദഗ്ധന് വിറ്റു. പിന്നീട് യു.പിയിലെ കോണ്‍ഗ്രസ്സിന്റെ കാര്യങ്ങള്‍ തീരുമാനിച്ചത് പ്രശാന്ത് കിഷോര്‍ ആയിരുന്നു.

UP-Bjp
ഇപ്പോഴത്തേതിനേക്കാള്‍ എത്രയോ തീവ്രവും ഭയാനകവുമായ വര്‍ഗ്ഗീയ രാഷ്ട്രീയമായിരുന്നു എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവും ബി.ജെ.പി യുപിയില്‍ പയറ്റിയിരുന്നത്. അദ്വാനിയുടെ രഥയാത്രയും ബാബറി മസ്ജിദ് തകര്‍ത്ത സംഭവവുമെല്ലാം ഈ രാഷ്ടീയ തന്ത്രത്തിന്റെ ഭാഗമായിരുന്നു. 1992ല്‍ ബാബറിമസ്ജിദ് തകര്‍ത്തിന് ശേഷം നടന്ന തെരെഞ്ഞെടുപ്പില്‍ യു പിയില്‍ ബി.ജെ.പി ജയിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലായിരുന്നു. എന്നാല്‍ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ബി.ജെ.പിക്ക് തിരിച്ചടിയേറ്റു. ബി.ജെ പിക്ക് ലഭിച്ചത് 177 സീറ്റും 33.30% വോട്ടുമായിരുന്നു. മതേതരപാര്‍ട്ടികള്‍ പരസ്പരം ഏറ്റുമുട്ടിയിട്ടും ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ചില്ല. എസ്.പിക്ക് 109ും ബി.എസ്.പിക്ക് 67ും കോണ്‍ഗ്രസ്സിന് 28ും ജനതാദളിന് 27ും സീറ്റുകള്‍ ലഭിച്ചു.

മുലായംസിംഗ് യാദവിന്റെ നേതൃത്വത്തില്‍ എസ്.പിയും ബി.എസ് പിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചു. യു.പിയിലെ ബി.ജെ.പിയുടെ നീക്കങ്ങള്‍ വി.പി സിംഗ് എന്ന രാഷ്ട്രീയതന്ത്രജ്ഞന്‍ മുന്‍കൂട്ടി കണ്ടിരുന്നു. മതപരമായ അവഗണനയല്ല, ജാതീയമായ വേര്‍തിരിവാണ് ഹിന്ദുക്കള്‍ നേരിടുന്ന പ്രധാന പ്രശ്‌നെമന്ന തിരിച്ചറിവോടെ അദ്ദേഹം നടപ്പിലാക്കിയ മണ്ധല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടാണ് യു.പിയിലെ ബി.ജെ.പിയുടെ തേരോട്ടത്തിന് അക്കാലത്ത് താല്ക്കാലിക വിരാമമിട്ടത്.എന്നാല്‍ ഇന്ന് വി.പി സിംഗിനെപ്പോലെ ഒരാള്‍ യു പിയില്‍ ഇല്ല.പിന്നാക്കക്കാരായ മുലായം സിംഗ് യാദവും മകന്‍ അഖിലേഷ് യാദവും ദളിതയായ മായാവതിയും യുപി ഭരിച്ചെങ്കിലും ജാതീയമായ വിവേചനങ്ങള്‍ ഇപ്പോഴും നിലനില്ക്കുകയാണ്.

ദളിതര്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങള്‍ ഇന്നും നിരവധിയുണ്ട്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളൊന്നും പരിഹരിക്കാന്‍ എസ്.പിയോ ബി എസ് പിയോ തെല്ലും താല്പര്യം കാണിച്ചില്ല. കോര്‍പ്പറേറ്റ് നയങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഈ പാര്‍ട്ടികള്‍ കോണ്‍ഗ്രസ്സില്‍ നിന്നോ ബി.ജെ.പിയില്‍ നിന്നോ ഒട്ടും വ്യത്യസ്തരായിരുന്നില്ല. ദേശീയ തലത്തില്‍ ഒരു മൂന്നാം ബദല്‍ പടുത്തുയര്‍ത്താനുളള ഇടതുപക്ഷത്തിന്റെ ശ്രമങ്ങളുമായി ഇക്കൂട്ടര്‍ നിസ്സഹരിച്ചു.

വര്‍ഗ്ഗീയതയും കോര്‍പ്പറേറ്റ്വല്‍ക്കരണവും മുഖ്യനയങ്ങളായുളള ബി.ജെ.പിക്ക് ജനപക്ഷനയങ്ങള്‍ നടപ്പിലാക്കാനാവില്ല.എ.ബി വാജ്‌പേയ് സര്‍ക്കാര്‍ തന്നെയാണ് മികച്ച ഉദാഹരണം. ആറു വര്‍ഷക്കാലം തുടര്‍ച്ചയായി രാജ്യം ഭരിച്ചിട്ടും എടുത്ത് പറയാനാവുന്ന ഒരു പദ്ധതിപോലും എ.ബി വാജ്‌പേയ് നടപ്പിലാക്കിയില്ല. ഗുജറാത്ത് കലാപവും യുദ്ധഹിസ്റ്റീരിയയും മാത്രമാണ് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നത്.

Atal-Bihari-Vajpayee
ഇന്ത്യയിലെ മതേതര പാര്‍ട്ടികള്‍ ഒരുമിച്ച് കൈക്കോര്‍ത്തതുകൊണ്ടാണ് 2004ല്‍ ബി.ജെ.പിയെ താഴെയിറക്കാനായത്. അന്ന് സര്‍ക്കാറിനെ പിന്തുണച്ചിരുന്ന ഇടതുപക്ഷത്തിന്റെ നിര്‍ബന്ധം മൂലം നടപ്പിലാക്കിയ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ആദിവാസിവനാവകാശനിയമവും ഗ്രാമീണ സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ അത്ഭുതകരമായിരുന്നു. ഇതിന്റെ പ്രതിഫലനം 2009 ലോകസഭാ തെരഞ്ഞെടുപ്പില്‍ കണ്ടു. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ യു.പി.എ മികച്ച വിജയംനേടി. എന്നാല്‍ ഒന്നാം യു.പി.എ സര്‍ക്കാറിന്റെ അവസാനകാലത്ത് സിപിഐഎമ്മിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുളള നടപടികളാണ് കോണ്‍ഗ്രസ്സിന്റെ ഭാഗത്തുനിന്നുണ്ടായത്. ലാവ്‌ലിന്‍ കളളക്കേസില്‍ പിണറായി വിജയനെ പ്രതിചേര്‍ത്തു. നന്ദിഗ്രാം പ്രശ്‌നം ഉയര്‍ത്തിക്കാട്ടി പശ്ചിമബംഗാളിലെ സിപിഐഎഎമ്മിനെ തകര്‍ക്കാന്‍ ശ്രമിച്ചു.

ഒരു പതിറ്റാണ്ടിന് ഇപ്പുറത്തേയ്ക്ക് നോക്കുമ്പോള്‍ കോണ്‍ഗ്രസ്സിന്റെ അവസ്ഥ എന്താണ്? തനിച്ചാണ് മത്സരിച്ചിരുന്നതെങ്കില്‍ യു പിയില്‍ ഒരൊറ്റസീറ്റുപോലും കോണ്‍ഗ്രസ്സിന് ലഭിക്കുമായിരുന്നില്ല. നിര്‍ണ്ണായക ഘട്ടത്തില്‍ എസ്.എം കൃഷ്ണമുതല്‍ റീതാ ബഹുഗുണജോഷിവരെയുളളവര്‍ ബി.ജെ.പിയിലേയ്ക്ക് പലായനം ചെയ്തു. പ്രമുഖരായ പലനേതാക്കളും നരേന്ദ്രമോദിയുടെ പ്രീതിപിടിച്ചുപറ്റി ബി.ജെ.പിയില്‍ കയറിപറ്റാനുളള തീവ്രശ്രമത്തിലാണ്.

narendra-modi
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രതിപക്ഷത്തിന് വീണുകിട്ടിയ നല്ല ആയുധമായിരുന്നു നോട്ട്മാറ്റം. യു പിയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലുമുളളവര്‍ നോട്ട്മാറ്റം ഉണ്ടാക്കിയ സാമൂഹ്യപ്രത്യാഘാതത്തിന്റെ ഇരകളായി. എന്നാല്‍ ഇടതുപക്ഷം ഒഴികെ ആരും സര്‍ക്കാറിനെതിരെ പ്രക്ഷോഭം നടത്തിയില്ല. രാജ്യത്തെ കളളപ്പണക്കാരെ മുഴുവന്‍ പിടികൂടിയെന്ന് പ്രതീതിയാണ് ബി.ജെ.പി നേതാക്കള്‍ ഉണ്ടാക്കിയത്. പിടിക്കപ്പെട്ട കളളപ്പണക്കാരുടെ പേര് വെളിപ്പെടുത്താനോ കണ്ടുകെട്ടിയ കളളപ്പണം എത്രയെന്ന് വെളിപ്പെടുത്തണമെന്നോ അഖിലേഷോ രാഹുലോ നരേന്ദ്രമോദിയെ വെല്ലു വിളിച്ചില്ല. കാരണം അവര്‍ എന്ത് ചോദിക്കണമെന്ന് തീരുമാനിച്ചിരുന്നത് പി.ആര്‍ ഏജന്‍സികളായിരുന്നു. പി.ആര്‍ ഏജന്‍സികളുടേത് കറകളഞ്ഞ കോര്‍പ്പറേറ്റ് താല്പര്യങ്ങളാണ്.

ഇടതുപക്ഷം മുഖ്യരാഷ്ട്രീയ ശക്തിയല്ലാത്ത സംസ്ഥാനങ്ങളില്‍ പോലും മോദി വിരുദ്ധസമരങ്ങള്‍ നടത്തുന്നത് ഇടത് സംഘടനകളാണ്. ്ജെ.എന്‍.യു, ദില്ലി സര്‍വകലാശാല, ഹൈദരാബാദ് സര്‍വ്വകലാശാല, പോണ്ടിച്ചേരി സര്‍വ്വകലാശാല, പൂണെ ഫിലിം ഇന്‍സ്റ്റിറ്റൂട്ട് എന്നിവിടങ്ങളിലെ സമരങ്ങള്‍ക്ക് നേതൃത്വം നല്കുന്നത് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളാണ്. രോഹിത് വെമുലെ, കനയ്യാകുമാര്‍, ഉമര്‍ ഖാലിദ് എന്നിവരുടെ പട്ടികയില്‍ എന്തുകൊണ്ടാണ് ഒരു എന്‍.എസ്.യുക്കാരനോ കോണ്‍ഗ്രസ്സുകാരനോ ഇല്ലാത്തതെന്ന് രാഹുല്‍ഗാന്ധി
ഇനിയെങ്കിലും ആലോചിക്കണം.

Rahul-Gandhi-1
യു.പി തെരഞ്ഞെടുപ്പ് സംഘപരിവാറിനെ ആഹ്ലാദിപ്പിക്കുമ്പോഴും മതേതരവാദികളെ ആശങ്കയിലാഴ്ത്തുമ്പോഴും ആരും അധികം ശ്രദ്ധിക്കാത്തതും ചര്‍ച്ചചെയ്യപ്പെടാത്തതുമായ ചിലകാര്യങ്ങള്‍ ഉണ്ട്. യു പിയുടെ ചരിത്രത്തില്‍ ഏറ്റവും തരംതാണ വര്‍ഗ്ഗീയ പ്രചാരണത്തിന് വേദിയായ തെരെഞ്ഞെടുപ്പിലും പോലും ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും കൂടി ലഭിച്ചത് 41.4% വോട്ടാണ്. എന്നാല്‍ ബി.ജെ പിയുടെ ആശയങ്ങളുമായി യോജിക്കാത്ത കക്ഷികള്‍ക്കെല്ലാം കൂടി ലഭിച്ചത് 59.6% വോട്ടും. മതേതരവോട്ടുകളിലെ ഭിന്നിപ്പുകൊണ്ട് മാത്രമാണ് യു.പിയില്‍ ബി. ജെ.പിക്ക് ജയിക്കാനായതെന്ന് വ്യക്തം.

ലോകസഭാ തെരെഞ്ഞെടുപ്പില്‍ ബീഹാറില്‍ ബി.ജെ.പി വന്‍വിജയം നേടി. എന്നാല്‍ അപകടം മുന്നില്‍ കണ്ട ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിയും നിതീഷ് കുമാറിന്റെ ജെ.ഡി.യുവും കോണ്‍ഗ്രസ്സും കൈകോര്‍ത്തു. ആ മഴവില്‍ സഖ്യത്തിന് മുന്നില്‍ മോദിയുടേയും അമിത്ഷായുടേയും വര്‍ഗീയ രാഷ്ട്രീയം നിഷ്പ്രഭമായി. ബീഹാറില്‍ ബി.ജെ പി തോറ്റാല്‍ പാകിസ്താനില്‍ പടക്കം പൊട്ടുമെന്നുവരെ പ്രസംഗിച്ചുനടന്ന അമിത്ഷായുടെ ബീഹാര്‍ തന്ത്രങ്ങള്‍ മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായിനമാറി.

amit-shah
നിയമസഭാ തെരെഞ്ഞെടുപ്പുകളില്‍ നേടിയ വന്‍ വിജയം വിശാല ദേശീയതയ്ക്കും ഹൈന്ദവബോധത്തിനും ഇന്ത്യന്‍ ചരിത്രത്തില്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി സംഘപരിവാര്‍ ആഘോഷിക്കുകയാണ്. അഫ്‌സല്‍ഗുരുവിനെ തൂക്കിലേറ്റിയതിനെ എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികള്‍ (ജമ്മുകാശ്മീരിലെ ബി.ജെ.പിയുടെ സഖ്യകക്ഷിയായ പി.ഡി.പി ഒഴികെ), ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുനേല്ക്കാത്തവര്‍ രാജ്യദ്രോഹികള്‍, ബീഫ് തിന്നുവര്‍ രാജ്യദ്രോഹികള്‍, നോട്ട് മാറ്റത്തെ എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികള്‍, പാക്ക് അധീനകാശ്മീരില്‍ നടത്തിയെന്ന് പറയുന്ന സര്‍ജിക്കല്‍ സ്്‌ട്രൈക്കിന്റെ വിശദാംശങ്ങള്‍ ആരായുന്നവര്‍ രാജ്യദ്രോഹികള്‍, മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്നവര്‍ രാജ്യദ്രോഹികള്‍ എന്നിങ്ങനെ തെരഞ്ഞടുപ്പ് പ്രചാരണത്തിലും
പിന്നീട് നടന്ന ആഹ്ലാദാഘോഷപരിപാടികളിലുമെല്ലാം ബി.ജെ.പി നേതാക്കളില്‍ നിന്ന് മുഴങ്ങിയത് ആര്‍.എസ്.എസ്സിന്റെ പ്രഖ്യാപിത ശത്രുക്കള്‍ക്കെതിരായ അധിക്ഷേപങ്ങളായിരുന്നു. തെരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ സസൂഷ്മം കണ്ണോടിച്ചാല്‍ ബി.ജെ.പിയുടെ കപട ദേശീയതയുടേയും രാഷ്ട്രീയ നേട്ടം മാത്രം ലക്ഷ്യമിട്ടുകൊണ്ടുളള ഹിന്ദുത്വ നിലപാടുകളുടേയും പിറകിലെ അവസരവാദം വ്യക്തമാവും.
മണിപ്പൂരില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുന്നത് നാഗാലാന്റെ് പീപ്പില്‍സ് പാര്‍ട്ടിയുടെ 4 എം.എല്‍എമാരുടെ പിന്തുണയോടെയാണ്. എന്‍.പി.എഫിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം വിശാല ഇന്ത്യന്‍ ദേശീയത ഉള്‍ക്കൊളളുന്നതല്ല. മറിച്ച് സങ്കുചിതമായ നാഗാ വംശീയതയില്‍ മാത്രം അധിഷ്ഠിതമാണ്. മണിപ്പൂരിലെ ജനങ്ങളെ മാസങ്ങളോളം പട്ടിണിക്കിട്ട ഉപരോധം മാത്രം മതി നരേന്ദ്രമോദിയുടെ ഉറ്റമിത്രമായ എന്‍.പി.എഫിന്റെ തനിനിറം എത്ര ബീഭത്സമാണെന്ന് വ്യക്തമാക്കാന്‍. ഇബോബി സിംഗ് സര്‍ക്കാര്‍ സംസ്ഥാനത്ത് പുതിയതായി
7 ജില്ലകള്‍ രൂപീകരിച്ചു. പുതിയ ജില്ലകള്‍ നിലവില്‍ വരുന്നതോടെ നാഗന്‍മാരുടെ ജനസഞ്ചയങ്ങള്‍ വ്യത്യസ്തജില്ലകളിലായി ഭിന്നിക്കപ്പെടുമെന്ന ആരോപണവുമായി ആദ്യം രംഗത്തെത്തിയത് എന്‍.പി.എഫ് ആയിരുന്നു. നാഗാലാന്റെിലും മണിപ്പൂരിലെ നാഗാസ്വാധീന മേഖലകളിലും പ്രതിഷേധം അലയടിച്ചു.

ദേശീയപാത2ഉം, ദേശീയപാത 37ഉം മാസങ്ങളോളും ഉപരോധിച്ചു. നാഗാലാന്റെിനോട് ചേര്‍ന്നുളള പ്രദേശത്താണ് മണിപ്പൂരിലെ നാഗന്‍മാരുടെ ആവാസകേന്ദ്രങ്ങള്‍. അതുകൊണ്ടുതന്നെ കഴിഞ്ഞ വര്‍ഷം നവംമ്പറില്‍ ആരംഭിച്ച ഉപരോധം നാഗന്‍മാരെ ഒട്ടും ബാധിച്ചില്ല. എന്നാല്‍ മണിപ്പീരില്‍ ജനജീവിതം ദുസ്സഹമായി. ഒരുകിലോ അരിയുടെ വില 200 രൂപയോളം ഉയര്‍ന്നു. മണിപ്പൂരില്‍ പട്ടിണിയും ദാരിദ്ര്യവും പടര്‍ന്നു. വടക്ക് കിഴക്കന്‍ ഇന്ത്യ പിടിക്കുക എന്ന ലക്ഷ്യത്തോടെ ബി.ജെ.പി രൂപീകരിച്ച സഖ്യമാണ് വടക്ക് കിഴക്കന്‍ വികസന സഖ്യം. 10 പാര്‍ട്ടികല്‍ ഉള്‍പ്പെടുന്ന സഖ്യത്തിലെ ഒരു കക്ഷിയാണ് എന്‍്.പി.എഫ്. എന്നാല്‍ മണിപ്പൂര്‍ ഉപരോധത്തിന്റെ പിടിയില്‍ അമര്‍ന്നപ്പോള്‍ പ്രശ്‌നം അവസാനിപ്പിക്കാനുളള യാതൊരുവിധ ഇടപെടലും കേന്ദ്രസര്‍ക്കാറിന്‍േെറയും ബി.ജെ.പിയുടേയും ഭാഗത്തുനിന്ന് ഉണ്ടായില്ല. മാത്രമല്ല മണിപ്പൂര്‍ ഉപരോധം സൃഷ്ടിച്ച ജനരോഷം ബുദ്ധിപൂര്‍വ്വം രാഷ്ട്രീയമായി വിനിയോഗിച്ചു. മുയലിനൊപ്പം ഓടുകയും വേട്ടനായ്‌ക്കൊപ്പം വേട്ടയാടുകയും ചെയ്യുകയെന്ന പഴഞ്ചൊല്‍ അക്ഷരാര്‍ത്ഥതത്തില്‍ നടപ്പിലാക്കി.

മണിപ്പൂരിലും നാഗാലാന്റെിലും അരുണാചലിലുമെല്ലാം എന്‍.പി എഫ് ഇന്ന് ബി.ജെ.പിയുെട വിശ്വസ്തരായ സഖ്യകക്ഷിയാണ്. എങ്കിലും നാഗാവംശീയ പ്രശ്‌നത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. നാഗാലാന്റെിന് ‘പങ്കാളിത്ത പരമാധികാരം’ അനുവദിക്കുക എന്നതാണ് എന്‍.പി എഫിന്റെ ആവശ്യം. നാഗാലാന്റെീനായി പ്രത്യേക ദേശീത പതാക, പ്രത്യേക പാസ്‌പോര്‍ട്ട് എന്നിങ്ങനെ പോവുന്നു എന്‍പി എഫ് വിഭാവനം ചെയ്യുന്ന ‘പങ്കാളിത്ത പരമാധികാരം’.

കാശ്മീന്റെ പ്രത്യേക അവകാശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന ബി.ജെ.പി ‘നാഗാ പങ്കാളിത്ത പരമാധികാരം’ എന്ന ആശയത്തോട് പുലര്‍ത്തുന്ന നിലപാട് എന്താണ്്? ഈ ചോദ്യത്തിന് ഇതുവരെ വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. 2015 ആഗസ്റ്റ് 3ന് പ്രധാനമന്ത്രി നരേന്ദ്രമോദി എന്‍.എസ്.സി.എന്‍ (ഐ.എം) നേതാക്കളുമായി നാഗാ സമാധാന ഉടമ്പടിയില്‍ ഒപ്പിട്ടു. എന്നാല്‍ ഇതുവരെ ഉടമ്പടിയുടെ പകര്‍പ്പോ ഉളളടക്കമോ സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല. ആവര്‍ത്തിച്ച് ചോദിച്ചിട്ടും മറുപടി മൗനം മാത്രം.

JNU

വ്യാജദൃശ്യങ്ങള്‍ ചമച്ച് കനയ്യകുമാറിനേയും ഉമര്‍ ഖാലിദിനേയും രാജ്യദ്രോഹികളാക്കി ചിത്രീകരിച്ച് തെരുവിലിട്ട് തല്ലിചതച്ചവര്‍ ഇപ്പോള്‍ ‘നാഗാ പങ്കാളിത്ത പരമാധികാരം’ ഉയര്‍ത്തിപിടിക്കുന്നവരെ വിശുദ്ധരാക്കുന്ന വിചിത്ര രാഷ്ട്രീയമാണ് ബി.ജെ.പി കാഴ്ച്ചവെയ്ക്കുന്നത്.

യു.പിയില്‍ ഒരു മുസ്ലിമിനെപോലും സ്ഥാനാര്‍ത്ഥിയാക്കാതിരുന്ന ബി.ജെ.പിയുടെ പ്രധാന പ്രചാരണങ്ങളിലൊന്ന് ബീഫ് വിരുദ്ധതയായിരുന്നു. സാധാരണ കിഴക്കന്‍ യു.പിയില്‍ മാത്രമായി ഒതുങ്ങി നില്ക്കാറുളള സ്വാമി ആദിത്യനാഥ് എന്ന വര്‍ഗ്ഗീയ പ്രാസംഗികനെ പശ്ചിമ യു.പിയില്‍ കൊണ്ടുവന്നു. വീട്ടില്‍ ബീഫ് വെച്ചെന്ന കാരണം പറഞ്ഞ് മുഹമ്മദ് അഖ് ലാഖിനെ തല്ലികൊന്ന ദാദ്രി പശ്ചിമ യു.പിയിലാണ്. ഈ മേഖലയില്‍ ഉടനീളം സഞ്ചരിച്ച് ആദിത്യനാഥ് നടത്തിയത് ബീഫ് വിരുദ്ധത ഉയര്‍ത്തിവിട്ടുകൊണ്ടുളള പ്രസംഗമായിരുന്നു.

എന്നാല്‍ ഇതേസമയം തന്നെ ബി.ജെ.പിയുടെ തൊപ്പി ധരിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ മണിപ്പൂരില്‍ പോത്തിറച്ചിവെട്ടുന്ന ഫോട്ടോകള്‍ സാമൂഹ്യമാധയമങ്ങളിലൂടെ പ്രചരിച്ചു. ബീഫ് വിരുദ്ധതയും പശുസംരക്ഷണ വികാരവും ആളിപ്പടര്‍ന്ന ദാദ്രിയില്‍ ബി.ജെ.പി സ്താനാര്‍ത്ഥി തേജ്പാല്‍ സിംഗ് നഗര്‍ ജയിച്ചത് 80,177 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു.അതോടൊപ്പംതന്നെ ബീഫ് ഭക്ഷിക്കാറുളള നിരവധി സ്ഥാനാര്‍ത്ഥികളെ മണിപ്പൂരില്‍ നിന്ന് താമരചിഹ്നത്തില്‍ ബി.ജെ.പി ജയിപ്പിച്ചെടുത്തു. എന്ത് കൊണ്ട് ബീഫ് കഴിക്കുന്നു എന്ന്
ചോദിച്ചാല്‍ ,കഴിച്ചത് ഉളളിക്കറിയാണെന്ന് ബി.ജെ.പി എം.എല്‍ എമാരാരും പറയില്ല. ജാതി മത ഭേദമെന്യേ ബീഫ് മണിപ്പൂരുകാര്‍ക്ക് ഭക്ഷണത്തിന്റെ അവിഭാജ്യ ഘടകമാണ്. മണിപ്പൂരില്‍ ആദ്യമായി അധികാരത്തില്‍ വരുന്ന ബി.ജെ പിക്ക് സംസ്ഥാനത്ത് ബീഫ് നിരോധിക്കാന്‍ ധൈര്യമുണ്ടോ? ഉത്തരം കേള്‍ക്കാന്‍ രാജ്യം കാതോര്‍ത്തിരിക്കുന്നു.
അസമില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷായുടേയും ഏറ്റവും വിശ്വസ്തനായ നേതാവാണ് ബി.പി.എഫ് (ബോഡോ പീപ്പിള്‍സ് ഫ്രണ്ട്) നേതാവും ബോഡോ ടെറിറ്റോറിയല്‍ കൗണ്‍സിലിന്റെ ക്യാബിനെറ്റ് പദവിയുളള ചീഫ് എക്‌സിക്യുട്ടിവ് മെമ്പറുമായ ഹഗ്രാമ മൊഹിലാരി. ഇദ്ദേഹം നേരത്തെ ഭീകരസംഘടനയായിരുന്ന ബി.എല്‍.ടി എഫിന്റെ (ബോഡോ ലിബറേഷന്‍ ടൈര്‍ഗര്‍ ഫോഴ്‌സ്) മേധാവിയായിരുന്നു. അക്കാലത്ത് നൂറുകണക്കിന് നിരപരാധികളായ ഗോത്രവര്‍ഗ്ഗക്കാരെയാണ് മൊഹിലാരിയും സംഘവും കൊന്ന് തളളിയത്. പഴയ ബി.എല്‍.ടി എഫ് ആണ് ഇന്നത്തെ ബി.പി.എഫ്. കഴിഞ്ഞ അസം നിയമസഭാ തെരെഞ്ഞെടുപ്പില്‍ നരേന്ദ്രമോദി മൊഹിലാരിയുമായി തെരെഞ്ഞെടുപ്പ് സഖ്യമുണ്ടാക്കി. സഖ്യത്തിന്റെ ബലത്തില്‍ അസമില്‍ ബി.ജെ.പി 60 സീറ്റുകളും ബി.പി.എഫ് 14 സീറ്റുകളും നേടി. സഖ്യം ഭരണം പിടിച്ചു.

നിരപരാധികളായ നിരവധി ചെറുപ്പക്കാരെ ഭീകരരെന്നും രാജ്യദ്രോഹികളെന്നും മുദ്രകുത്തി ജയിയിലടച്ചവര്‍ മൊഹിലാരിമാരെ വിശുദ്ധരാക്കുന്നു. അധികാരം പിടിക്കാനായി കാണിക്കുന്ന ഇത്തരം കുറുക്കുവഴികളാണ് സംഘപരിവാറിന്റെ രാജ്യസ്‌നേഹം. ബിജെപിയുടെ അടുത്ത ലക്ഷ്യം ത്രിപുരയാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസ് നാമാവശേഷമായി മാറിക്കൊണ്ടിരിക്കുന്നു. ഇതാണ് ബി.ജെ.പിക്ക് കരുത്ത് പകരുന്നത്.കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേയ്ക്ക് നേതാക്കളുടെ കുത്തൊഴുക്കാണ്. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുക!ഴ്ത്തിക്കൊണ്ട് ഒരാല്‍ രംഗത്ത് വന്നു.

മറ്റാരുമല്ല, തൃപുര നാഷണല്‍ വളണ്ടിയേഴ്‌സ് എന്ന ഭീകരസംഘടനയുടെ നേതാവായിരുന്ന ബിനോയ് കുമാര്‍ ഹ്രാന്‍ഗ്വാള്‍ തന്നെ. അസമില്‍ ഹഗ്രാമ മൊഹിലാരി നടത്തിയതിനേക്കാള്‍ പതിന്‍മടങ്ങ് തീവ്രതയോടെയായിരുന്നു എഴുപതുകളിലും എണ്‍പതുകളിലും ഈ കൊടും ഭീകരന്‍ അഴിഞ്ഞാടിയിരുന്നത്. സിപിഐഎമ്മിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് തൃപുര നാഷണല്‍ വളണ്ടിയേഴ്‌സ്‌കിന്റെ രാഷ്ട്രീയ രൂപമായ ഐ.എന്‍.പി.ടിയുമായി കൈകോര്‍ത്തു. 1993 മുതല്‍ തുടര്‍ച്ചയായി സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍
നടപ്പിലാക്കിയ വികസന പദ്ധതികളും നൂറുകണക്കിന് സിപിഐഎം പ്രവര്‍ത്തകര്‍ രക്ത സാക്ഷിത്വത്തിലൂടെ നടത്തിയ ചെറുത്ത് നില്പുകളുമാണ് തൃപുരയെ ഭീകരവാദത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിച്ചത്. മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്താന്‍ സൈന്യത്തിന് അവകാശം നല്കുന്ന ആഫ്‌സ്പ പിന്‍വലിച്ച ഏകസംസ്ഥാനം ത്രിപുരയാണ്. എന്നാല്‍ നാഗാ തീവ്രവാദികളുമായി ഉണ്ടാക്കിയതുപോലുളള ഒരു ഉടമ്പടി കേന്ദ്രസര്‍ക്കാര്‍ തൃപുരയിലെ പല്ലുകൊഴിഞ്ഞ ഭീകര സംഘടനകളുമായി ഉണ്ടാക്കണമെന്നതാണ് ബിനോയ് കുമാര്‍
ഹ്രാന്‍ഗ്വാളിന്റെ ആവശ്യം.

ഗോത്രവര്‍ഗ്ഗ മേഖലയിലെ ഏറെക്കുറെ കെട്ടടങ്ങിയ സ്വത്വ വിഷയങ്ങള്‍ ബി.ജെ.പിയുടെ പിന്തുണയോടെ കുത്തിപ്പൊക്കാനാണ് ഹ്രാന്‍ഗ്വാളിന്റെ ശ്രമം. പഴയഭീകരരെ കൂട്ടത്തോടെയാണ് ഇപ്പോള്‍ ബി.ജെ.പിയിലേയ്ക്ക് ചേര്‍ത്തുകൊണ്ടിരിക്കുന്നത്. 2018ല്‍ നടക്കാന്‍ പോവുന്ന ത്രിപുര നിയമസഭാ തെരെഞ്ഞെടുപ്പില്‍ നിരവധി ഹഗ്രാമ മൊഹിലാരിമാരേയും ബിനോയ് കുമാര്‍ ഹ്രാന്‍ഗ്വാള്‍ മാരേയും ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയിലും സഖ്യകക്ഷികളുടെ സ്ഥാനാര്‍ത്ഥി പട്ടികയിലും കണ്ടേക്കാം.

UP-Election
2019ല്‍ നടക്കാന്‍ പോവുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ഇതിനകം തന്നെ വിജയിച്ച പ്രതീതിയാണ് ഇപ്പോല്‍ ബി.ജെ പി നേതാക്കള്‍ക്കിടയിലുളളത്. എന്നാല്‍ യുപിയല്ല ഇന്ത്യ എന്ന യാഥാര്‍ത്ഥ്യം കടുത്ത ബിജെപി നേതാക്കള്‍ക്ക് പോലും ശരിയായ അര്‍ത്ഥത്തില്‍ ഉല്‍ക്കൊളളാനായിട്ടില്ല. ബിജെപി തനിച്ച് അധികാരത്തില്‍ വന്ന 2004ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പ് ഫലം തന്നെ പരിശോധിക്കാം.285 സീറ്റുകല്‍ നേടിയ ബി.ജെ.പിക്ക് ലഭിച്ചത് വെറും 31.8% വോട്ട് മാത്രമായിരുന്നു. എന്‍.ഡി.എയിലെ ഘടകക്ഷികള്‍ക്ക് ലഭിച്ച വോട്ടുകള്‍ കൂട്ടിയാലും 65% വോട്ടുകള്‍ മതേതര പക്ഷത്താണ്. ഈ 65% വോട്ടുകളിലെ 50% വോട്ടുകളെ ഒരുമിപ്പിച്ച് നിര്‍ത്താനായാല്‍ പോലും മതേതരകക്ഷികള്‍ക്ക് ഭരണം പിടിക്കാനാവും. അതുകൊണ്ടുതന്നെയാണ് യു.പി തെരെഞ്ഞെടുപ്പ് ഫലം വരുന്ന ലോക്‌സഭാതെരെഞ്ഞെടുപ്പ് ഫലത്തിന്റെ ചൂണ്ടുപലകയാവാത്തത്.

രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഒന്നിലധികം മതേതര പാര്‍ട്ടികളുടെ ശക്തമായ സാന്നിധ്യമുണ്ട്. ഇവരെ പൊതുമിനിമം പരിപാടികളുടെ അടിസ്ഥാനത്തില്‍ യോജിപ്പിക്കാനാവണം. ബീഹാറില്‍ ഉണ്ടായതുപോലുളള വിശാലസഖ്യങ്ങള്‍ എല്ലാസംസ്ഥാനങ്ങളിലും ഉണ്ടാവണം. യോജിച്ചുളള പ്രക്ഷോഭങ്ങള്‍ നടക്കണം. സങ്കുചിതമായ അധികാരതാല്പര്യങ്ങളിലും സാമ്പത്തിക താല്പര്യങ്ങളിലും ഉപരിയായി രാജ്യതാല്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ ഈ പാര്‍ട്ടികള്‍ തയ്യാറാവുമോ എന്നതായിരിക്കും ഇനി നിര്‍ണ്ണായകമാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News