പി കൃഷ്ണദാസിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി; നാളെ കോടതി വിധിപറയും; നിയമോപദേശക സുചിത്രയ്ക്ക് ജാമ്യം; നടപടി വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയുടേത്

തൃശൂര്‍ : നെഹ്‌റു കോളജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്‍രെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ജാമ്യാപേക്ഷ നാളെ പരിഗണിക്കാനാണ് കോടതി തീരുമാനം. വടക്കാഞ്ചേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. പാലക്കാട് ലക്കിടി ജവഹര്‍ ലോ കോളജ് വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ചെന്നാണ് കേസ്.

റിമാന്‍ഡിലായ നെഹ്‌റൂ ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷയില്‍ വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയില്‍ വാദം പൂര്‍ത്തിയായി. പരാതി കെട്ടിച്ചമച്ചതാണെന്നും കൃഷ്ണദാസ് അടക്കമുള്ള പ്രതികളുടെ അറസ്റ്റ് മാധ്യമങ്ങളെയും പൊതുജനത്തെയും തൃപ്തിപ്പെടുത്താനുള്ളതാണെന്നും പ്രതിഭാഗം വാദിച്ചു.

തട്ടിക്കൊണ്ടുപോകല്‍, ഭീഷണിമുഴക്കല്‍, ബലമായി പിടിച്ചുവാങ്ങല്‍ എന്നിങ്ങനെ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തിയത് നിയമവിരുദ്ധമാണെന്നും ഇത് നിലനില്‍ക്കില്ലെന്നും പ്രതിഭാഗം പറഞ്ഞു. സംഭവം ഉണ്ടായെന്നു പറയുന്ന തീയതിക്ക് ശേഷം പരാതി നല്‍കാനുണ്ടായ കാലതാമസവും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. കസ്റ്റഡി നോട്ടീസില്‍ ഇല്ലാത്ത ജാമ്യമില്ലാ വകുപ്പുകള്‍ പിന്നീട് എത്തിയത് സംശയകരമാണെന്നും പ്രതിഭാഗം പറഞ്ഞു.

എന്നാല്‍ കോളജിനെതിരെ പരാതി നല്‍കിയ വിദ്യാര്‍ഥിയെ ഉപദ്രവിക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ പ്രവര്‍ത്തിച്ചതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ബോധിപ്പിച്ചു. അറസ്റ്റിന്റെ രണ്ടാം ദിവസം ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും കൂടുതല്‍ തെളിവ് ശേഖരിക്കാന്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

ഇരു വിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട കോടതി കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ്, ലക്കടി കോളേജ് പിആര്‍ഒ വത്സലകുമാര്‍, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ സുകുമാരന്‍, കായികാധ്യാപകന്‍ ഗോവിന്ദന്‍കുട്ടി എന്നിവരുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി.

അതേസമയം മൂന്നാം പ്രതിയും കോളജ് നിയമ ഉപദേശകയുമായ സുചിത്രയ്ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഇതേ കേസില്‍ കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here