ആലപ്പുഴയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച വൃദ്ധന്‍ പിടിയില്‍; അറസ്റ്റിലായത് ആന്ധ്ര സ്വദേശി നാഗേന്ദ്രന്‍; പിന്നില്‍ ഭിക്ഷാടന മാഫിയയെന്ന് സംശയം

ആലപ്പുഴ : ചന്തിരൂരില്‍ കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച വൃദ്ധന്‍ പോലീസ് പിടിയില്‍. ആന്ധ്ര അനന്തപൂര്‍ ജില്ലയില്‍ നാഗേന്ദ്രന്‍ (60) ആണ് പോലീസ് പിടിയിലായത്. ചന്തിരൂര്‍ കുമര്‍ത്തുപടി ക്ഷേത്രത്തിന് സമീപം ദേശീയപാതയ്ക്ക് സമീപം വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെയാണ് യാചകന്‍ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത്.

തട്ടികൊണ്ടുപോകുന്നതിനായി കയറി പിടിച്ച യാചകന്റെ കൈയ്യില്‍ കുട്ടി കടിച്ചു. തുടര്‍ന്ന് വേദന കൊണ്ട് പിടിവിട്ടപ്പോള്‍ കുതറി ഓടിയ കുട്ടി അമ്മയില്‍ അഭയം പ്രാപിക്കുകയായിരുന്നു. അമ്മ ബഹളം വച്ചുകൊണ്ട് യാചകനെ പിന്തുടര്‍ന്നു. ഒപ്പം കൂടിയ നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. നാട്ടുകാര്‍ ഇയാളെ അരൂര്‍ പോലീസില്‍ ഏല്‍പ്പിച്ചു.

കുട്ടിക്ക് ഇപ്പോഴും ഭയം വിട്ടുമാറിയിട്ടില്ല. അതിനാല്‍ അമ്മയ്‌ക്കൊപ്പമാണ് മുഴുവന്‍ സമയവും കഴിയുന്നത്. പള്ളുരുത്തിയില്‍നിന്ന് വന്ന് ചന്തിരൂരില്‍ വാടകക്ക് താമസിക്കുന്നതാണ് കുട്ടിയുടെ കുടുംബം. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് തട്ടികൊണ്ടുപോകാന്‍ ശ്രമം നടന്നത്. പരസ്പര വിരുദ്ധമായി മറുപടി പറയുന്ന ഇയാള്‍ കലൂരിലാണ് താമസമെന്നും തോളെല്ല് പൊട്ടിയതുമൂലം ഭിക്ഷാടനത്തിനായി എത്തിയതാണെന്നുമാണ് പോലീസിനോടു പറഞ്ഞത്.

എന്നാല്‍ ഇതൊന്നും പോലീസ് മൂഖവിലക്കെടുത്തിട്ടില്ല. ഇയാളെ കുടുതല്‍ തെളിവെടിപ്പിനായി കലൂരിലും സമീപ പ്രദേശങ്ങളിലും കൊണ്ടുപോകും. എന്നാല്‍ മാത്രമേ കുട്ടിയെ തട്ടികൊണ്ടുപോകല്‍ സംഘത്തെപ്പറ്റി പറയാനാവൂ എന്നാണ് പൊലീസ് നിലപാട്. അരൂരിലും സമീപ പ്രദേശങ്ങളിലും ഭിക്ഷാടനത്തിന്റെ പേരില്‍ ഇറങ്ങുന്ന അന്യസംസ്ഥാനക്കാരായ യുവതികള്‍ കുട്ടികളെ തട്ടികൊണ്ടുപോകുന്നതിനായി ശ്രമം നടത്തുന്നുണ്ടെന്ന വാര്‍ത്ത പ്രചരിക്കുന്നുണ്ട്. ഇതിനിടെയാണ് ചന്തിരൂരില്‍ അഞ്ച് വയസുകാരനെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News