കല്‍ക്കിയുടെ അവതാരമാണെന്ന് വിശ്വസിപ്പിച്ച് പെണ്‍കുട്ടികളെ ഫ്‌ളാറ്റില്‍ താമസിപ്പിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍; കെണിയില്‍ കുടുങ്ങിയത് ഇന്‍ഫോ പാര്‍ക്കില്‍ ജോലിചെയ്തിരുന്ന പെണ്‍കുട്ടിയും കൂട്ടുകാരികളും

കൊച്ചി: കല്‍ക്കിയുടെ അവതാരമാണെന്ന് വിശ്വസിപ്പിച്ച് വിദ്യാസമ്പന്നരായ പെണ്‍കുട്ടികളെ ഫ്‌ളാറ്റില്‍ താമസിപ്പിച്ച് പീഡിപ്പിക്കുകയും പണവും സ്വര്‍ണവും കവരുകയും ചെയ്തയാള്‍ അറസ്റ്റില്‍. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ കല്ലുങ്കല്‍ വീട്ടില്‍ കണ്ണന്‍ എന്ന ഉണ്ണിക്കൃഷ്ണനെ (30)യാണ് ഇര്‍ഫോപാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്‍ഫോപാര്‍ക്കിനു സമീപം ബ്രഹ്മപുരം കെന്റ് മഹല്‍ ടവറിലെ ഫ്‌ളാറ്റില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം കഴിയവെയാണ് ഇയാളെ പിടികൂടിയത്. ഇന്‍ഫോപാര്‍ക്കില്‍ ജോലിചെയ്തിരുന്ന കോട്ടയം സ്വദേശിനിയായ പെണ്‍കുട്ടിയെയും രണ്ടു കൂട്ടുകാരികളെയും കാണാനില്ലെന്ന പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

പ്ലസ്ടു യോഗ്യതയുള്ള ഉണ്ണിക്കൃഷ്ണന്‍ അമേരിക്കയില്‍നിന്ന് ന്യൂറോ സര്‍ജറിയില്‍ ബിരുദമുള്ള ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് തന്റെ സ്ഥാപനത്തില്‍ ജോലിക്കെന്ന വ്യാജേന ഇന്റര്‍വ്യു നടത്തിയാണ് പെണ്‍കുട്ടികളെ തെരഞ്ഞെടുത്തത്. എംടെക്കും ബിടെക്കും എംബിഎയും ബിരുദമുള്ള പെണ്‍കുട്ടികളെയാണ് തെരഞ്ഞെടുത്തത്. തുടര്‍ന്ന് ഇവരെ വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റില്‍ താമസിപ്പിച്ചശേഷം ഇവിടെ നിത്യസന്ദര്‍ശകനായി. തനിക്ക് ദിവ്യത്വമുണ്ടെന്നും കല്‍ക്കിയുടെ അവതാരമാണെന്നും ഇവരെ പറഞ്ഞുവിശ്വസിപ്പിച്ചു. ഇതില്‍ ഒരു പെണ്‍കുട്ടിയെ 10ാം ക്ലാസ് വിദ്യാഭ്യാസമുള്ള തന്റെ പരിചയക്കാരനെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയും ആ പെണ്‍കുട്ടിയുടെ സഹോദരനെയും ഭാര്യയെയും ഇതേ ഫ്‌ളാറ്റില്‍ താമസിപ്പിക്കുകയും ചെയ്തു. ഈ സഹോദരന്റെ ഭാര്യയെയും ഇയാള്‍ പീഡിപ്പിച്ചു. വിധവായോഗമുണ്ടെന്നും ഭര്‍ത്താവിന് അപമൃത്യുവരുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പ്രത്യേക പൂജ നടത്തുന്നതിനിടെ കുളിമുറിയില്‍ കൊണ്ടുപോയാണ് ഇവരെ പീഡിപ്പിച്ചത്. ഇവരില്‍നിന്ന് പൂജയ്‌ക്കെന്ന പേരില്‍ വന്‍തുക വാങ്ങുകയും ചെയ്തു.

വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച് ഇടുക്കി സ്വദേശിയായ മറ്റൊരു യുവതിയെ ഇയാള്‍ വിവാഹംകഴിച്ച് ഫ്‌ളാറ്റിനു സമീപം മറ്റൊരു വീട്ടില്‍ താമസിപ്പിച്ചു. ദിവസവും ഫ്‌ളാറ്റിലെത്തി പെണ്‍കുട്ടികള്‍ക്കൊപ്പമാണ് ഇയാള്‍ കഴിഞ്ഞത്. ഇടുക്കി സ്വദേശിനിയുടെ പരാതിയിലും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടികളില്‍നിന്ന് വന്‍തുക കൈക്കലാക്കി അവരോടൊപ്പം വേളാങ്കണ്ണി, രാമേശ്വരം, ധനുഷ്‌കോടി എന്നിവിടങ്ങളിലേക്ക് യാത്രയും നടത്തി.

ഫ്‌ളാറ്റില്‍നിന്ന് കളിത്തോക്ക്, ഇരുതല മൂര്‍ച്ചയുള്ള കത്തി, നെഞ്ചക്ക്, ലാപ്‌ടോപ്പ്, നിരവധി ഫോണുകള്‍, റെഡിമെയ്ഡ് ഹോമകുണ്ഡം, പൂജാ സാമഗ്രികള്‍, ശംഖ് എന്നിവയും കണ്ടെടുത്തു. ഉണ്ണിക്കൃഷ്ണനെതിരെ പേരാമംഗലം, വാടാപ്പള്ളി പൊലീസ് സ്റ്റേഷനുകളില്‍ വിസാ തട്ടിപ്പിനും വഞ്ചനയ്ക്കും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News