മോദി സര്‍ക്കാരിന്റെ വിദ്യാര്‍ഥിവിരുദ്ധനയങ്ങള്‍ക്കെതിരെ എസ്എഫ്‌ഐയുടെ താക്കീത് | വിപി സാനു

നരേന്ദ്രമോഡി സര്‍ക്കാരിന്റെ വിദ്യാര്‍ഥി വിരുദ്ധമായ നടപടികള്‍ക്കെതിരായ താക്കീതായി മാറിയ വിദ്യാര്‍ഥി മാര്‍ച്ചിനാണ് ഇക്കഴിഞ്ഞ മാര്‍ച്ച് 3ന് രാജ്യതലസ്ഥാനമായ ഇന്ദ്രപ്രസ്ഥം സാക്ഷ്യം വഹിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ എസ്എഫ്‌ഐയുടെ ശുഭ്രപതാകക്ക് കീഴില്‍ അണിനിരന്നു. മാര്‍ച്ച് സിപിഐ എം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു.

രാജ്യത്ത് രണ്ടരവര്‍ഷം പിന്നിടുന്ന നരേന്ദ്രമോഡി സര്‍ക്കാര്‍ സമസ്ത മേഖലകളെയും കാവിവല്‍ക്കരിക്കുകയാണ്. വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ അഴിഞ്ഞാട്ടമാണ് രാജ്യത്തുടനീളം കാണാനാകുന്നത്. കലാലയങ്ങളെ വര്‍ഗീയതയുടെ കേന്ദ്രങ്ങളാക്കാനാണ് ആര്‍എസ്എസും സംഘപരിവാറും ശ്രമിക്കുന്നത്. രാജ്യസ്‌നേഹമെന്ന മറപിടിച്ചാണ് ഇക്കൂട്ടര്‍ രാജ്യത്ത് അഴിഞ്ഞാട്ടം നടത്തുന്നത്. അച്ഛാ ദിന്‍ എന്ന മനോഹര മുദ്രാവാക്യവുമായി എത്തിയ മോഡി സര്‍ക്കാര്‍ സാധാരണക്കാരുടെ ജീവിതത്തിന്റെ സമസ്ത മേഖലകളെയും തകര്‍ത്തുകൊണ്ടിരിക്കുകയാണ്. പ്രഖ്യാപനങ്ങളെല്ലാം വെള്ളത്തില്‍ വരച്ച വരപോലെയായി മാറിയിരിക്കുന്നു.

2014ലെ തിരഞ്ഞെടുപ്പില്‍ വിദ്യാര്‍ഥികളും യുവജനങ്ങളുമാണ് ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത്. അത് മറ്റൊന്നും കൊണ്ടായിരുന്നില്ല കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിരുന്ന യുപിഎ സര്‍ക്കാരില്‍ നിന്നൊരു മോചനം പ്രതീക്ഷിച്ചുകൊണ്ടായിരുന്നു. എന്നാല്‍ നാളിതുവരെയുള്ള സര്‍ക്കാരിന്റെ നടപടികള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമായി എന്നതാണ് സത്യം.

വിദ്യാഭ്യാസമേഖലയില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ കാര്യങ്ങള്‍ തികച്ചും വിദ്യാര്‍ഥി വിരുദ്ധവും ജനവിരുദ്ധവുമാണ്. നവഉദാരവല്‍ക്കരണ നയങ്ങളാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. സ്വകാര്യ പങ്കാളിത്തത്തിന് പ്രോത്സാഹനം നല്‍കുന്നതും പൊതുവിദ്യാഭ്യാസ സമ്പ്രദായത്തെ തകര്‍ക്കുന്നതുമായ നടപടികളാണ് നടപ്പിലാക്കിയത്. രാജ്യത്ത് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യഥേഷ്ടം വിഹരിക്കാനാവുന്ന സാഹചര്യമാണിത് സൃഷ്ടിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ പ്രൈമറി തലംമുതല്‍ ഉന്നതവിദ്യാഭ്യാസരംഗം വരെ വ്യവസായവല്‍കരിച്ചതിലൂടെ സാധാരണക്കാരന് അപ്രാപ്യമാകുന്ന സ്ഥിതിയുണ്ടായി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസം കിട്ടാക്കനിയായി മാറുന്ന നിലയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇതും വിദ്യാഭ്യാസരംഗത്തെ മൂല്യത്തകര്‍ച്ചയ്ക്കു കാരണമായിട്ടുണ്ട്.

അടുത്തിടെ പ്രഥം സംഘടന പുറത്തുവിട്ട എഎസ്ഇആര്‍ റിപ്പോര്‍ട്ടിലെ കണക്കുകള്‍ പരിശോധിച്ചാല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയുന്നതായി കാണാന്‍ കഴിയും. ഇത്തരത്തില്‍ ഗുണനിലവാരം കുറയുന്നതിന്റെ പ്രധാന കാരണം വിദ്യാഭ്യാസമേഖലയിലെ അധ്യാപകരുടെ കുറവാണ്. പരിശീലനം സിദ്ധിച്ച അധ്യാപകരുടെ 6 ലക്ഷത്തോളം കുറവ് സര്‍വശിക്ഷ അഭിയാന്‍ പദ്ധതിയില്‍ മാത്രമായുണ്ട്. കേന്ദ്രീയ വിദ്യാലയങ്ങളുടെ സ്ഥിതി പരിശോധിച്ചാല്‍ 44,529 അംഗീകരിച്ച അധ്യാപക തസ്തികകളില്‍ 7698 ഒഴിവുകള്‍ നികത്താതെയുണ്ട്. ഉന്നത വിദ്യാഭ്യാസരംഗത്തെ സ്ഥിതി ഇതിലും ദയനീയമാണ്. കേന്ദ്ര – സംസ്ഥാന സര്‍വകലാശാലകളിലും ഐഐടികളിലും എന്‍ഐടികളിലും കടുത്ത അധ്യാപകക്ഷാമം നേരിടുന്നുണ്ട്. സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 35%ത്തോളമാണ് ഇത്തരത്തില്‍ നികത്താത്ത ഒഴിവുകള്‍ ഉള്ളത്. രാജ്യ തലസ്ഥാനത്തുള്ള ഡല്‍ഹി സര്‍വകലാശാലയില്‍ 60% തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇതു കൂടാതെ കേന്ദ്ര സംസ്ഥാന സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങളിലെ സ്ഥിതി സങ്കല്‍പിക്കാവുന്നതിനുമപ്പുറമാണ്.

ഇപ്പോള്‍ നിലവിലുള്ള അധ്യാപകരില്‍ തന്നെ ആവശ്യമായ യോഗ്യതയുള്ള എത്രപേരുണ്ടെന്നതും പരിശോധിക്കപ്പെടേണ്ടതാണ്. ‘ഇന്നത്തെ ക്ലാസ് മുറികളിലാണ് നാളത്തെ ഇന്ത്യ’ എന്ന് വിഭാവനം ചെയ്ത രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ തീര്‍ത്തും അപലപനീയമാണ്.
കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസമേഖലയില്‍ കേന്ദ്രീകൃത നയങ്ങള്‍ അടിച്ചേല്‍പിക്കാനാണ് ശ്രമിക്കുന്നത്. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ വെട്ടിക്കുറച്ചും യുജിസിയും കേന്ദ്ര മാനവവിഭവശേഷി വകുപ്പും വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചു. കേന്ദ്ര സര്‍വകലാശാല നിയമം, ചഋഋഠ, ഞഡടഅ, കേന്ദ്രീകൃത സിലബസ് തുടങ്ങിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയും വിദ്യാഭ്യാസമേഖലയെ കേന്ദ്രത്തിന്റെ കൈപ്പിടിയിലൊതുക്കാനാണ് ശ്രമിക്കുന്നത്. ബിജെപി സര്‍ക്കാര്‍ വിദ്യാഭ്യാസമേഖലയില്‍ കാവിവല്‍ക്കരണം നടത്താനും ഹിന്ദുത്വ അജന്‍ഡ നടപ്പിലാക്കാനുമുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ഇക്കാലയളവില്‍ നടത്തിയത്. വിദ്യാര്‍ഥികളില്‍ വര്‍ഗീയത കുത്തിവെക്കാനാണ് ശ്രമം നടത്തിയത്. പാഠപുസ്തകങ്ങളെ കാവിവല്‍കരിച്ചും ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാന്‍ ശ്രമിച്ചു. വിദ്യാഭ്യാസമേഖലയിലെ പ്രധാന പദവികളിലെല്ലാം തീവ്രവര്‍ഗീയത കാണിക്കുന്ന തങ്ങളുടെ ഇഷ്ടക്കാരെ നിയമിച്ച് ഈ മേഖലയെ പൂര്‍ണമായി കൈപ്പിടിയിലൊതുക്കാനാണ് ശ്രമം നടക്കുന്നത്.
പൊതുവിദ്യാഭ്യാസമേഖലയുടെ തകര്‍ച്ചക്കാണ് ഈ നയങ്ങള്‍ വഴിവെച്ചത്. ഇതുകൂടാതെ വിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതം വെട്ടിക്കുറക്കുന്ന സാഹചര്യവും ഉണ്ട്. ജിഡിപിയുടെ 4.5% മുതല്‍ 6% വരെ ലോകത്തെ മറ്റു വികസിത രാജ്യങ്ങള്‍ ചിലവഴിക്കുമ്പോള്‍ ഇന്ത്യയില്‍ ഇത് വര്‍ഷംതോറും കുറഞ്ഞുവരികയാണ്. 3.71% മാത്രമാണ് നീക്കിവെക്കുന്നത്.

മോഡി ഭരണകാലത്ത് ബജറ്റിലെ വിദ്യാഭ്യാസ വിഹിതം വെട്ടിക്കുറയ്ക്കുന്ന കാഴ്ചയാണ് നമുക്ക് കാണാനാവുക. 2014-15 കാലഘട്ടത്തില്‍ 45,722 കോടി രൂപയാണ് സ്‌കൂള്‍ വിദ്യാഭ്യാസത്തിന് നീക്കിവെച്ചത്. യുപിഎയുടെ കാലത്തേതില്‍നിന്നും 1134 കോടി രൂപയാണ് കുറവ് വന്നത്. 2015-16ല്‍ 42,187 കോടിയാണ് വകയിരുത്തിയത്. മുന്‍വര്‍ഷത്തേക്കാള്‍ 3535 കോടിയുടെ കുറവാണുണ്ടായത്.

കാമ്പസ് ജനാധിപത്യത്തിന് തടയിടാനാണ് മോഡി സര്‍ക്കാര്‍ പ്രധാനമായും ഇക്കാലയളവില്‍ ശ്രമിച്ചുകൊണ്ടിരുന്നത്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രത്യയശാസ്ത്രം ജനാധിപത്യവിരുദ്ധമാണ്. ഈ സര്‍ക്കാര്‍ അവരുടെ മിക്ക തീരുമാനങ്ങളും ഓര്‍ഡിനന്‍സ് ആയാണ് നടപ്പാക്കിയിട്ടുള്ളത്. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാനോ അഭിപ്രായ രൂപീകരണം നടത്താനോ താല്‍പര്യമില്ലാത്ത സ്ഥിതിയാണുള്ളത്. പ്രധാനമന്ത്രിയും മന്ത്രിമാരും പാര്‍ലമെന്റിനെ അഭിമുഖീകരിക്കുന്നതില്‍ താല്‍പര്യം പുലര്‍ത്താത്തവരാണ്. ജനാധിപത്യരീതിയോട് തന്നെ പുറംതിരിഞ്ഞു നില്‍ക്കുന്ന സമീപനമാണിത്. ഇതേ സമീപനമാണ് വിദ്യാഭ്യാസമേഖലയിലും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. കാമ്പസുകളെ സുരക്ഷയുടെ പേരില്‍ പൊലീസ് സ്‌റ്റേഷനുകളാക്കാനാണ് ശ്രമിക്കുന്നത്. സര്‍വകലാശാലകളെ കൈപ്പിടിയിലൊതുക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കാമ്പസ് ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം. വിദ്യാര്‍ത്ഥികളുയര്‍ത്തുന്ന ന്യായമായ ആവശ്യങ്ങളെ പരിഗണിക്കാതെ കാമ്പസുകളും ജനാധിപത്യ സംസ്‌കാരത്തെ കശാപ്പ് ചെയ്യുകയാണ് ഭരണകൂടം.

എബിവിപിയാകട്ടെ ഭരണത്തിന്റെ മറപറ്റി കാമ്പസുകളില്‍ കലാപം പടര്‍ത്തുകയാണ്. കാമ്പസുകളുടെ ജനാധിപത്യസംവിധാനങ്ങളെ അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് ഇത്തരക്കാര്‍ നടത്തുന്നത്. മോഡി സര്‍ക്കാര്‍ ദേശസ്‌നേഹത്തിന്റെയും ദേശീയതയുടെയും പേരു പറഞ്ഞാണ് കാമ്പസുകളില്‍ കലാപം സൃഷ്ടിക്കുന്നത്. സര്‍ക്കാരിന്റെ പക്ഷത്ത് നില്‍ക്കാത്തവരെയും സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരെയും ദേശദ്രോഹികളായി ചിത്രീകരിക്കുകയാണ്. ഇതിന്റെ ഉദാഹരണങ്ങളാണ് ജെഎന്‍യുവിലും ഹൈദരാബാദ് സര്‍വകലാശാലയിലും പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും മദ്രാസ് ഐഐടിയിലും ദില്ലി സര്‍വകലാശാലയിലും കണ്ടത്. വര്‍ഷങ്ങളായി ദില്ലി സര്‍വകലാശാലയില്‍ വലതുപക്ഷ സംഘടനകള്‍ക്കും എബിവിപിക്കും വ്യക്തമായ മേധാവിത്വം ഉള്ളിടത്താണ് വിദ്യാര്‍ഥികള്‍ ഒറ്റക്കെട്ടായി സംഘടിതമായി എബിവിപിക്കെതിരെ തിരിഞ്ഞത്. നീചമായ രാഷ്ട്രീയമാണ് സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്നത്. തങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ ബലാത്സംഗം ചെയ്യുമെന്ന് വരെ പ്രഖ്യാപിക്കുന്ന സ്ഥിതിവിശേഷമുണ്ടായെന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖത്തേറ്റ പ്രഹരമാണ്.

കാര്‍ഗിലില്‍ രാജ്യത്തിനുവേണ്ടി ധീരമൃത്യുവരിച്ച ക്യാപ്റ്റന്‍ മന്‍ദീപ് സിങ്ങിന്റെ മകളും ലേഡി ശ്രീറാം കോളേജ് വിദ്യാര്‍ഥിനിയുമായ ഗുര്‍മെഹര്‍ കൗറാണ് ഇത്തരത്തില്‍ എബിവിപിയുടെ ഭീഷണി നേരിടേണ്ടി വന്നത്.
ദില്ലി രാജാസ് കോളേജില്‍ നടന്ന സംഭവങ്ങള്‍ ജെഎന്‍യുവിലും ജാദവ്പൂര്‍ സര്‍വകലാശാലയിലും നടന്നതിന്റെ തുടര്‍ച്ചയായി കാണേണ്ടതുണ്ട്. ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമുലയെന്ന ദളിത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതും ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആത്മഹത്യ കൂടി വരുന്നതായാണ് കാണാന്‍ കഴിയുന്നത്. രോഹിതിന്റേത് ആത്മഹത്യയല്ല കൊലപാതകം തന്നെയായിരുന്നു; സംഘപരിവാര്‍ നടത്തിയ കൊലപാതകം. ഇതുകൂടാതെ മാനേജ്‌മെന്റ് പീഡനങ്ങളുടെ പേരിലുള്ള മരണങ്ങളും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ തൃശ്ശൂര്‍ പാമ്പാടി നെഹ്‌റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ മരണം മാനേജ്‌മെന്റ് പീഡനത്തെത്തുടര്‍ന്നായിരുന്നു. സ്വാശ്രയ സ്ഥാപനങ്ങളില്‍ നമ്മുടെ കുട്ടികള്‍ സുരക്ഷിതരല്ലെന്ന വസ്തുത പൊതുസമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നു. പെണ്‍കുട്ടികള്‍ക്കുനേരെയുള്ള പീഡനങ്ങള്‍ തുടര്‍ക്കഥയായിരിക്കുകയാണ്. കാമ്പസുകള്‍ അരാഷ്ട്രീയവല്‍കരിക്കുമ്പോഴാണ് വിദ്യാര്‍ഥി പീഡനങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്. കേന്ദ്ര സര്‍ക്കാരാകട്ടെ കാമ്പസ് ജനാധിപത്യത്തെ ഇല്ലായ്മ ചെയ്തുകൊണ്ട് ഗുരുകുല സമ്പ്രദായത്തിലേക്ക് മാറ്റിയെടുക്കാനാണ് ശ്രമിക്കുന്നത്. ഇത് വിദ്യാര്‍ഥികളിലെ പ്രതികരണശേഷി ഇല്ലാതാക്കാനേ ഉപകരിക്കൂ.
സമൂഹത്തിന്റെ മാറ്റത്തിന്റെ ചാലകശക്തിയായാണ് വിദ്യാഭ്യാസത്തെ കാണേണ്ടത്.

സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍പെട്ടവര്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നതിലൂടെ മാത്രമേ സാമൂഹ്യ പുരോഗതി കൈവരിക്കാനാകൂ. എന്നാല്‍ മോഡി സര്‍ക്കാര്‍ സാമൂഹ്യനീതി കാറ്റില്‍പ്പറത്തുന്ന നയങ്ങളാണ് സ്വീകരിക്കുന്നത്. പട്ടികജാതി – പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ കടുത്ത അവഗണനയാണ് നേരിടുന്നത്. ഈ വിഭാഗത്തില്‍പെട്ടവര്‍ക്കായി നാമമാത്രമായ തുകയാണ് സര്‍ക്കാര്‍ നീക്കിവെച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്‍പ്പെടെ കുത്തനെ ഫീസ് വര്‍ധിപ്പിക്കുകയുണ്ടായി. ഐഐടികളില്‍ ഒരു വര്‍ഷത്തേക്ക് 90,000 രൂപയുള്ളത് 2 ലക്ഷം രൂപയായാണ് വര്‍ധിപ്പിച്ചത്. തികച്ചും ദരിദ്രവും സാധാരണവുമായ ചുറ്റുപാടുകളില്‍നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ക്ക് കയ്യെത്തിപ്പിടിക്കാനാവാത്ത വിധമായി സാഹചര്യങ്ങള്‍ മാറിയിരിക്കുന്നു. ഇതുമൂലം പഠനം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാവുകയാണ്. ഫെലോഷിപ്പുകളും ഗ്രാന്റുകളും സ്‌റ്റൈപ്പന്റുകളും യഥാസമയത്ത് വിതരണം ചെയ്യാതെയും നിര്‍ത്തലാക്കിയും വെട്ടിക്കുറച്ചും വിദ്യാര്‍ഥികളെ ദുരിതത്തിലാഴ്ത്തിയ നടപടികളാണ് നാം കണ്ടത്. ദളിത് വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള അക്രമങ്ങളും പീഡനങ്ങളും രാജ്യത്ത് വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയെപ്പോലൊരു ജനാധിപത്യരാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
വിദ്യാഭ്യാസരംഗത്ത് പുത്തന്‍ സാമ്പത്തിക നയങ്ങള്‍ പിടിമുറുക്കിയിരിക്കുന്ന കാലഘട്ടമാണിത്. വിദ്യാഭ്യാസമേഖലയില്‍ കച്ചവടമാണ് നടക്കുന്നത്. വിദ്യാഭ്യാസത്തിന്റെ മേന്മയുയര്‍ത്തുന്നതിന് സ്വകാര്യവല്‍ക്കരണമേ ഉപകരിക്കൂ എന്ന വാദത്തോടെയാണ് സര്‍ക്കാര്‍ നയങ്ങള്‍ നടപ്പാക്കിയത്. എന്നാല്‍ യാഥാര്‍ത്ഥ്യം മറിച്ചാണ്. പൊതുവിദ്യാഭ്യാസമേഖലയ്ക്ക് കരുത്ത് പകരുകയാണ് ഇന്ത്യന്‍ സാഹചര്യത്തില്‍ വേണ്ടത്. ഈ ആവശ്യമുയര്‍ത്തി വര്‍ഷങ്ങളായി എസ്എഫ്‌ഐ നിരവധിയായ സമരപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്താനും അപാകതകള്‍ തിരുത്താനും നിലവില്‍ ഇന്ത്യയില്‍ യാതൊരുവിധ സംവിധാനങ്ങളും ഇല്ല എന്നതാണ് വസ്തുത. ബിജെപി സര്‍ക്കാര്‍ മുന്നോട്ടുവെച്ച ദേശീയ വിദ്യാഭ്യാസ നയ(ചഋജ)ത്തിന്റെ കരടില്‍പോലും ഇത്തരം പരിശോധനകള്‍ക്കാവശ്യമായ മാര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതായത് മോഡി സര്‍ക്കാരും വിദ്യാഭ്യാസമേഖലയുടെ സ്വകാര്യവല്‍ക്കരണത്തിന് പച്ചക്കൊടി കാട്ടുകയാണ്. നാഗ്പൂരിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ വച്ചല്ല വിദ്യാഭ്യാസനയം തയ്യാറാക്കേണ്ടത്. വിദ്യാഭ്യാസമേഖലയിലെ വിദഗ്ദ്ധരുമായും അധ്യാപകരുമായും വിദ്യാര്‍ഥികളുമായും ചര്‍ച്ച ചെയ്തും ആശയവിനിമയം നടത്തിയുമാണ്.

വിദ്യാഭ്യാസമേഖലയെ കശാപ്പുചെയ്ത് കൊള്ളയടിക്കുന്നതിനെതിരെ കണ്ണടച്ചിരിക്കാന്‍ ഉത്തരവാദിത്വമുള്ള വിദ്യാര്‍ഥി പ്രസ്ഥാനത്തിനാകില്ല. ഈ സാഹചര്യത്തിലാണ് മാര്‍ച്ച് 3ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളെ അണിനിരത്തി വിദ്യാഭ്യാസ ജനാധിപത്യമേഖലകളില്‍ കേന്ദ്ര സര്‍ക്കാരും ആര്‍എസ്എസും നടത്തുന്ന കടന്നാക്രമണങ്ങള്‍ക്കെതിരെയും ദേശീയ വിദ്യാഭ്യാസ നയം വിദ്യാര്‍ഥികള്‍ക്കും സമൂഹത്തിനും ഗുണകരമായ രീതിയില്‍ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് മാര്‍ച്ച് സംഘടിപ്പിച്ചത്. വിദ്യാര്‍ഥികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ മാര്‍ച്ച് കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാര്‍ഥിവിരുദ്ധ ജനദ്രോഹനയങ്ങള്‍ക്കെതിരായ താക്കീതായി മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News