നീതി തേടുന്നവരെ വേട്ടയാടാന്‍ ബാര്‍ കൗണ്‍സിലും ?; ഹൈക്കോടതി ജഡ്ജിക്കെതിരെ പരാതി നല്‍കിയ ജിഷ്ണുവിന്റെ അമ്മ മഹിജയ്‌ക്കെതിരെ നിയമ നടപടിയുമായി ബാര്‍ കൗണ്‍സില്‍; വായനക്കാര്‍ക്കും പ്രതികരിക്കാം

പാമ്പാടി നെഹ്‌റു കോളജില്‍ കൊല്ലപ്പെട്ട ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ നീതിക്കായി പോരാടുകയാണ് കുടുംബം. ജിഷ്ണുവിന്റെ അമ്മ മഹിജയും അച്ഛനും മകന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നും നിയമത്തിന് മുന്നില്‍ ഹാജരാക്കി ശിക്ഷ വാങ്ങി നല്‍കണമെന്നും നിരന്തരമായി ആവശ്യപ്പെടുന്നു. ഇതിന് വേണ്ടി നിരാഹാര സമരത്തിലേക്ക് ഉള്‍പ്പടെ നീങ്ങുകയാണ് ജിഷ്ണുവിന്റെ കുടുംബം.

Jishnu-Pranoy

മരിച്ച ജിഷ്ണു പ്രണോയ് (ഫയല്‍ ചിത്രം)

ജിഷ്ണുവിന്റെ മരണം സംബന്ധിച്ച കേസില്‍ ആരോപണ വിധേയനാണ് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പി കൃഷ്ണദാസ്. പി കൃഷ്ണദാസിനെ പ്രതിയാക്കി കേസെടുത്ത പൊലീസ് ആത്മഹത്യാ പ്രേരണ, ശാരീരിക മര്‍ദ്ദനം, മാനസിക പീഡനം, ക്രിമിനല്‍ ഗൂഡാലോചന ഉള്‍പ്പടെ എട്ട് കുറ്റങ്ങളാണ് ചുമത്തിയത്. മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണദാസ് ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച ജഡ്ജി കേസില്‍ മുന്കൂര്‍ ജാമ്യം അനുവദിച്ചു.

മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി ജഡ്ജിയുടെമേല്‍ ആണ് ആരോപണം ഉയര്‍ന്നത്. ജഡ്ജി നെഹ്‌റു ഗ്രൂപ്പിന് കീഴിലെ ഒരു കോളജില്‍ പരിപാടിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇത് ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കും കിട്ടി. ചിത്രങ്ങള്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ പി കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതിയുടെ നടപടിയില്‍ ദുരൂഹതയുണ്ടെന്ന് മഹിജ ആരോപിക്കുന്നു.

Mahija-Letter

ജിഷ്ണുവിന്‍റെ അമ്മ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നല്‍കിയ പരാതിയുടെ പകര്‍പ്പ്

മുന്‍കൂര്‍ ജാമ്യം അനുവദിച്ച നടപടിയില്‍ സംശയമുണ്ടെന്നും സംഭവം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മഹിജ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സമീപിച്ചു. എഴുതി നല്‍കിയ പരാതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രങ്ങളെപ്പറ്റി മഹിജ ആക്ഷേപം ഉന്നയിക്കുന്നു. ജഡ്ജിയും പി കൃഷ്ണദാസും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

എന്നാല്‍ ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയ മഹിജയ്‌ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് ബാര്‍ കൗണ്‍സില്‍ അംഗം ടിഎസ് അജിത് വ്യക്തമാക്കിയത്. ആരോപണം അപകീര്‍ത്തികരവും അടിസ്ഥാന രഹിതവുമാണ്. സെമിനാറില്‍ പങ്കെടുക്കുന്നതിനായാണ് ജഡ്ജി കോളജില്‍ പോയത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും ബാര്‍ കൗണ്‍സില്‍ അംഗം പറയുന്നു.

KRISHNADAS

നെഹ്റു ഗ്രൂപ്പ് ചെയര്‍മാനും പ്രതിയുമായ ഡോ. പി കൃഷ്ണദാസ്

പക്ഷം പിടിക്കാതെ നീതി നടപ്പാക്കാന്‍ ചുമതലപ്പെട്ടവരല്ലേ ന്യായാധിപര്‍.?
നീതി നിഷേധിക്കപ്പെട്ടുവെന്ന സംശയം ഉയരുമ്പോള്‍ ഇരകളാക്കപ്പെടുന്നവര്‍ക്ക് പരാതി നല്‍കാന്‍ അവസരമില്ലേ..?
ആരോപണ വിധേയനായ ജഡ്ജിക്കെതിരെ പരാതി നല്‍കാനുള്ള അവകാശം മരിച്ച ജിഷ്ണുവിന്റെ അമ്മയ്ക്കില്ലേ.?
സംശയത്തിന് അതീതരായിരിക്കേണ്ടവരെപ്പറ്റി സംശയമുയര്‍ന്നാല്‍ അത് പരിഹരിക്കരിക്കാനുള്ള ബാധ്യത ജുഡീഷ്യറിക്കും അതിന്റെ ഭാഗമായവര്‍ക്കും ഇല്ലേ.?
നീതി നടപ്പാക്കപ്പെടുന്നുണ്ടെന്ന് ജനപക്ഷത്തെ ബോധ്യപ്പെടുത്തേണ്ടത് ആരുടെ ഉത്തരവാദിത്വം.?

High-Court

നിയമം ഉത്തരം തരേണ്ട നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കൈരളി ന്യൂസ് ഓണ്‍ലൈന്‍ ഈ വിഷയത്തില്‍ പൊതുജനാഭിപ്രായം തേടുന്നത്. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ ഫേസ്ബുക് പേജിലും വെബ് പേജിലും രേഖപ്പെടുത്താം. ആരോഗ്യകരമായ ചര്‍ച്ചയെ സ്വാഗതം ചെയ്യുന്നു. ആക്ഷേപകരവും അശ്ലീലം നിറഞ്ഞതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here