സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ ഇന്ത്യയെ വിറപ്പിച്ച് കംബോഡിയയുടെ കുട്ടിപ്പട കീഴടങ്ങി; ഇന്ത്യയുടെ ജയം രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക്; ഛേത്രിയും ജെജെയും ജിംഗനും ലക്ഷ്യം കണ്ടു

അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ ഇന്ത്യയുടെ സീനിയർ പടയെ വിറപ്പിച്ച് കംബോഡിയയുടെ കുട്ടിപ്പട കീഴടങ്ങി. അനായാസം മികച്ച മാർജിനിൽ ഇന്ത്യ ജയിക്കുമെന്നു തോന്നിച്ച മത്സരത്തിലാണ് കംബോഡിയയുടെ ജൂനിയർ ടീം ഇന്ത്യയെ വിറപ്പിച്ചത്. ഒരവസരത്തിൽ 3-1 എന്ന രീതിയിൽ മുന്നിട്ടു നിന്ന ഇന്ത്യയെ ഒരു ഗോൾ കൂടി അടിച്ച് കംബോഡിയ വിറപ്പിച്ചു. ഉദ്വേഗം മുറ്റിയ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു (3-2) ഇന്ത്യയുടെ ജയം.

നായകൻ സുനിൽ ഛേത്രിയും ജെജെ ലാൽപെഖുലയും സന്ദേശ് ജിംഗനും ഇന്ത്യക്കു വേണ്ടി ലക്ഷ്യം കണ്ടു. ആദ്യപകുതിയിൽ തന്നെ ഇന്ത്യയും കംബോഡിയയും ഓരോ ഗോൾ അടിച്ച് സമനില പാലിച്ചിരുന്നു. 35-ാം മിനിറ്റിൽ നായകൻ സുനിൽ ഛേത്രിയിലൂടെ ഇന്ത്യയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ ആ ആഹ്ലാദത്തിനു ആയുസ്സ് കുറവായിരുന്നു. 38-ാം മിനിറ്റിൽ തന്നെ കംബോഡിയ സമനില പിടിച്ചു.

രണ്ടാം പകുതിയിൽ ഡാനിയേലിനു പകരക്കാരനായി ജെജെ ലാൽപെഖുല ഇറങ്ങി. തൊട്ടടുത്ത മിനിറ്റിൽ അതിന്റെ ഫലവും കണ്ടു. 49-ാം മിനിറ്റിൽ ഇന്ത്യയുടെ ലീഡുയർത്തി ജെജെ ലക്ഷ്യം കണ്ടു. ഇന്ത്യ 2-1നു മുന്നിൽ. മൂന്നു മിനിറ്റിനകം ഇന്ത്യ വീണ്ടും വല കുലുക്കി. 52-ാം മിനിറ്റിൽ സന്ദേശ് ജിംഗൻ ലക്ഷ്യം കണ്ടു. ഇന്ത്യയുടെ ലീഡ് 3-1. എന്നാൽ, 61-ാം മിനിറ്റിൽ ഇന്ത്യയുടെ സമ്മർദ്ദമേറ്റി കംബോഡിയയുടെ രണ്ടാംഗോൾ.

പിന്നെയും കംബോഡിയ നിരവധി ഗോളവസരങ്ങൾ തുറന്നെങ്കിലും ഫലമുണ്ടായില്ല. മത്സരത്തിൽ ഇന്ത്യക്ക് 3-2ന്റെ നേരിയ ജയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News