വിദ്യാര്‍ഥി രാഷ്ട്രീയത്തെ എതിര്‍ക്കുന്ന സ്വാശ്രയസ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ ജസ്റ്റിസ് കെകെ ദിനേശന്‍ കമീഷന്‍ നിര്‍ദേശം; മാനേജ്‌മെന്റിന് അക്കാദമികകാര്യങ്ങളില്‍ ഇടപെടാന്‍ അവകാശമില്ല

കൊച്ചി: വിദ്യാര്‍ഥി രാഷ്ട്രീയത്തെയും സംഘടനാപ്രവര്‍ത്തനത്തെയും എതിര്‍ക്കുന്ന സ്വാശ്രയസ്ഥാപനങ്ങളുടെ വിവരം രേഖാമൂലം സമര്‍പ്പിക്കാന്‍ സംഘടനാ ഭാരവാഹികള്‍ക്ക് ജസ്റ്റിസ് കെകെ ദിനേശന്‍ കമീഷന്റെ നിര്‍ദേശം. കഴിയുമെങ്കില്‍ അത്തരം കോളേജുകളുടെ പട്ടിക തയ്യാറാക്കി കമീഷന് സമര്‍പ്പിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ചിട്ടുള്ള കമീഷന്‍ ബുധനാഴ്ച എറണാകുളം ഗസ്റ്റ്ഹൗസില്‍ സിറ്റിംഗ് നടത്തി.

വിദ്യാര്‍ഥികള്‍ക്ക് സംഘടനാസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നുവെന്നും ഡ്രസ്‌കോഡ്, ഇന്റേണല്‍മാര്‍ക്ക് എന്നീ വിഷയങ്ങള്‍പറഞ്ഞ് മാനേജ്‌മെന്റുകള്‍ ഭീഷണിപ്പെടുത്തുന്നുവെന്നും വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു. കാഞ്ഞിരപ്പിള്ളി അമല്‍ജ്യോതി, മറ്റക്കര ടോംസ്, പാമ്പാടി നെഹ്‌റു കോളേജ് സംഭവങ്ങള്‍ ഉദാഹരണമായി ഇവര്‍ ചൂണ്ടിക്കാട്ടി.

ഏതുതരത്തിലുള്ള സംഘടനാരാഷ്ട്രീയമാണ് ആഗ്രഹിക്കുന്നതെന്ന് കമീഷന്‍ ചോദിച്ചപ്പോള്‍ രാഷ്ട്രീയ പ്രത്യയശാസ്ത്രമനുസരിച്ച് പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥിസംഘടനകളാണ് തങ്ങള്‍ക്ക് ആവശ്യമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്കും പഠനം പൂര്‍ത്തിയാക്കിപ്പോയവര്‍ക്കും നേരിട്ടെത്തി പരാതി എഴുതിനല്‍കാമെന്നും കമീഷന്‍ വ്യക്തമാക്കി. മാനേജ്‌മെന്റുകള്‍ക്ക് കോളേജിന്റെ അക്കാദമികകാര്യങ്ങളില്‍ ഇടപെടാന്‍ അവകാശമില്ല. അധ്യാപകഅനധ്യാപക പ്രശ്‌നങ്ങളില്‍മാത്രമേ ഇടപെടാനാകൂ. അക്കാദമികകാര്യങ്ങള്‍ നോക്കാന്‍ മറ്റു സംവിധാനങ്ങളുണ്ട്.

സ്വാശ്രയ കോളേജുകളിലെ ഫീസ് സര്‍ക്കാരിലേക്ക് അടയ്ക്കുന്ന സംവിധാനമുണ്ടാക്കുക, എംടെക് കഴിഞ്ഞവരെ അധ്യാപകരായി നിയമിക്കുക, പ്ലസ്ടുതലത്തില്‍ കരിയര്‍ ഗൈഡന്‍സ് സംവിധാനം കൊണ്ടുവരിക, സ്വാശ്രയ കോളേജുകളെ നിലയ്ക്കുനിര്‍ത്താന്‍ നിയമമുണ്ടാക്കുക, ഇന്റേണല്‍മാര്‍ക്കിന്റെ ഘടന പൊതുനോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുക എന്നീ ആവശ്യങ്ങളും വിദ്യാര്‍ഥികള്‍ ഉന്നയിച്ചു.

വ്യാഴാഴ്ച എറണാകളം ഗസ്റ്റ്‌ഹൌസില്‍ തുടരുന്ന സിറ്റിങ്ങില്‍ എംജി സര്‍വകലാശാലയില്‍നിന്നുള്ള ഉദ്യോഗസ്ഥരും മറ്റക്കര ടോംസ് കോളേജ് അധികൃതരും രക്ഷിതാക്കളും ഹാജരാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News